വിവാഹശേഷം ആചാരപ്രകാരം ഭാര്യ സിന്ദൂരമണിയാന്‍ വിസമ്മതിച്ചത് വിവാഹ ബന്ധം നിരാകരിക്കുന്നതായി കണക്കാക്കി കോടതി ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചു. ഗുവാഹട്ടി ഹൈക്കോടതിയുടേതാണ് നടപടി.
ഭാര്യയുടെ ഭാഗത്തുനിന്ന് ക്രൂരതകളൊന്നും ഉണ്ടാവാത്ത സാഹചര്യത്തില്‍ വിവാഹമോചനം വേണമെന്ന ഭര്‍ത്താവിന്റെ ആവശ്യം കുടുംബ കോടതി നിരാകരിച്ചിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും കോടതി വിവാഹമോചനം അനുവദിക്കുകയുമായിരുന്നു. കുടുംബ കോടതി വിധി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ, ജസ്റ്റിസ് സൗമിത്ര സായ്കിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
‘സഖ(ആചാരത്തിന്റെ ഭാഗമായി വിവാഹിതരായ സ്ത്രീകള്‍ ധരിക്കുന്ന വളകള്‍) ധരിക്കാത്തതും സിന്ദൂരം തൊടാത്തതും അവരെ അവിവാഹിതയായി തോന്നിപ്പിക്കും. അത് ഭര്‍ത്താവുമായുള്ള ബാന്ധവത്തിനോടുള്ള അവരുടെ നിരാകരണം കൂടിയാണ് കാണിക്കുന്നത്. ഭാര്യയുടെ ഇത്തരം നിലപാടുകള്‍ കാണിക്കുന്നത് അപ്പീലുകാരനുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്നാണ്.’ ജൂണ്‍ 19ന് ഹൈക്കോടതി പുറപ്പടുവിച്ച ഉത്തരവില്‍ പറയുന്നു.
2012 ഫെബ്രുവരി 17നാണ് ഇരുവരും വിവാഹിതരാവുന്നത്. വീട്ടുകാരുമൊത്ത് താമസിക്കാന്‍ ഭാര്യ താത്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. 2013 ജൂണ്‍ 30 മുതല്‍ വേര്‍പിരിഞ്ഞാണ് ഇരുവരും ജീവിക്കുന്നത്. ഭര്‍ത്താവും വീട്ടകാരും ഉപദ്രവിച്ചെന്ന് പറഞ്ഞ് യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആ വാദം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് കോടതി തള്ളി. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ക്രൂരതയാണെന്ന സുപ്രീം കോടതിയുടെ വിധിയും ബെഞ്ച് ചൂണ്ടിക്കാണിച്ചു.
വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുന്നതില്‍നിന്ന് ഭര്‍ത്താവിനെ ഭാര്യ തടഞ്ഞത് കുടുംബ കോടതി പരിഗണിച്ചില്ലെന്നും അത് ക്രൂരതയ്ക്കുള്ള തെളിവാണെന്നും കോടതി ഉത്തരവില്‍ പറയുന്നു.
follow us: PATHRAM ONLINE