കസ്റ്റഡി മരണം: സാത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ ഉത്തരവ് ; അസാധാരണ നടപടിയുമായി ഹൈക്കോടതി

ചെന്നൈ: കസ്റ്റഡി മരണം നടന്ന തൂത്തുക്കുടി സാത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. മജിസ്‌ട്രേറ്റിന്റെ അന്വേഷണത്തോട് സാത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സഹകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് അസാധാരണ നടപടി. കസ്റ്റഡി മരണം നടന്ന സ്റ്റേഷന്‍ റവന്യൂ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണമെന്നു ഉത്തരവില്‍ പറയുന്നു. അച്ഛന്റെയും മകന്റെയും ജീവനെടുത്ത ക്രൂരമര്‍ദനം നടന്ന തൂത്തുക്കുടി സാത്താന്‍കുളം സ്റ്റേഷന്റെ ചുമതല വഹിക്കുന്ന ഇന്‍സ്‌പെക്ടര്‍ ശ്രീധറിനെ നേരത്തേതന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2 എസ്‌ഐമാര്‍ കഴിഞ്ഞദിവസം സസ്െപന്‍ഷനിലായിരുന്നു.

കസ്റ്റഡി പീഡനത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സാത്താന്‍കുളത്ത് മൊബൈല്‍ കട നടത്തുന്ന ജയരാജ് (62), മകന്‍ ബെനിക്‌സ് (32) എന്നിവരാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. സ്റ്റേഷനില്‍നിന്ന് എത്തിച്ചപ്പോള്‍ ഇരുവരുടെയും ദേഹത്ത് മുറിവുകളുണ്ടായിരുന്നുവെന്നതിന്റെ ജയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇതു ശരിവയ്ക്കുന്ന രീതിയില്‍ പൊലീസുകാര്‍ തമ്മില്‍ സംസാരിക്കുന്ന ശബ്ദരേഖയും ലഭ്യമായിയിരുന്നു. പ്രതിഷേധം ശക്തമായിട്ടും പൊലീസുകാരെ പ്രതി ചേര്‍ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയാറായിട്ടില്ല. മദ്രാസ് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ സിബിഐ അന്വേഷണ തീരുമാനം അറിയിക്കുമെന്നാണു മുഖ്യമന്ത്രി എടപ്പാടി പളനി സാമി പറഞ്ഞത്.

ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിനു കഴിഞ്ഞ 19നു രാത്രിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പിറ്റേന്നു മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കോവില്‍പെട്ടി സബ്ജയിലിലേക്കു മാറ്റി. 22നു രാത്രി ബെനിക്‌സും പിറ്റേന്നു രാവിലെ ജയരാജും തളര്‍ന്നുവീണു. ബെനിക്‌സ് ആശുപത്രിയിലെത്തുന്നതിനു മുന്‍പും ജയരാജ് ചികിത്സയിലിരിക്കെയും മരിച്ചു.

അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിന്റെ പ്രതികാരമായി പൊലീസ് ഇരുവരെയും അതിക്രൂരമായി ഉപദ്രവിച്ചെന്നാണു ബന്ധുക്കളുടെ ആരോപണം. മലദ്വാരത്തില്‍ കമ്പിയും ലാത്തിയും കയറ്റിയെന്നും ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ അമിത രക്തസ്രാവത്തെത്തുടര്‍ന്ന് വസ്ത്രം 4 തവണ മാറ്റേണ്ടിവന്നതായും ബന്ധുക്കള്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7