ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വജനപക്ഷപാതം ഇല്ലെന്ന് മുന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്‌കറുടെ മകന്‍ രോഹന്‍ ഗവാസ്‌കര്‍ എന്നിവരുടെ കരിയറുകള്‍ ഉദാഹരണമായി എടുത്താണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വജനപക്ഷപാതം ഇല്ലെന്ന് ചോപ്ര അവകാശപ്പെട്ടത്. ക്രിക്കറ്റിലെ ഉയര്‍ന്ന ഘട്ടങ്ങളില്‍ താരങ്ങള്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കില്ല. പക്ഷേ ആഭ്യന്തര ക്രിക്കറ്റില്‍ ഇതു നടന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ പതിവായി യുകെ സന്ദര്‍ശിക്കാറുണ്ട്. ഇന്ത്യന്‍ ടീമിനെതിരെയും ഇംഗ്ലണ്ട് ടീമിനെതിരെയും പന്തെറിഞ്ഞുള്ള പരിചയം അര്‍ജുനുണ്ട്. അര്‍ജുന്‍ എറിഞ്ഞ പന്തില്‍ പരുക്കേറ്റ് ഇംഗ്ലിഷ് താരം ജോണി ബെയര്‍സ്റ്റോയ്ക്ക് ഒരു സെഷനില്‍ പുറത്തിരിക്കേണ്ടിവന്നു. 2017 വനിതാ ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം എത്തിയപ്പോള്‍ അവര്‍ക്ക് നെറ്റ്‌സില്‍ പന്തെറിഞ്ഞു കൊടുത്ത ബോളര്‍മാരില്‍ ഒരാള്‍ അര്‍ജുനായിരുന്നു. എന്നാല്‍ അദ്ദേഹം സീനിയര്‍ ടീമില്‍ ഇതുവരെ കളിച്ചിട്ടില്ല.
അര്‍ജുന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് സ്വജനപക്ഷപാതത്തെക്കുറിച്ചു പറയാം. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകനായതുകൊണ്ട് അര്‍ജുന് ഒന്നും തളികയില്‍ വച്ചു നല്‍കാന്‍ പോകുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് അര്‍ജുന് എളുപ്പത്തില്‍ പ്രവേശനം ലഭിക്കില്ല. ഇന്ത്യ അണ്ടര്‍ 19 ടീമിലേക്കു പോലും ആവശ്യമില്ലാത്തവരെ തിരഞ്ഞെടുക്കില്ല. സിലക്ഷന്‍ നടക്കുമ്പോഴെല്ലാം അതു ലഭിക്കുക മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഒരു യുട്യൂബ് വിഡിയോയില്‍ ആകാശ് ചോപ്ര പറഞ്ഞു.
2018ല്‍ യൂത്ത് ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിനായി അര്‍ജുന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ മുംബൈ രഞ്ജി ടീമില്‍ അവസരം ലഭിച്ചിട്ടില്ല. മുംബൈ ഇന്ത്യന്‍സിനായി നെറ്റ്‌സില്‍ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ താരം അരങ്ങേറിയിട്ടില്ല. സുനില്‍ ഗവാസ്‌കറിന്റെ മകന്‍ രോഹന്‍ ഗവാസ്‌കര്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുണ്ട്. പക്ഷേ രാജ്യാന്തര ക്രിക്കറ്റില്‍ നീണ്ട കരിയര്‍ അദ്ദേഹത്തിനുണ്ടായില്ല. എങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ രോഹന്‍ ഗവാസ്‌കര്‍ ഏറെ നാള്‍ കളിച്ചു. സുനില്‍ ഗവാസ്‌കറുടെ മകനായതിനാല്‍ അദ്ദേഹത്തിന് ഏറെ ഏകദിനങ്ങളും ടെസ്റ്റുകളും കളിക്കാമായിരുന്നല്ലോ, പക്ഷേ അങ്ങനെയൊന്നുണ്ടായില്ല അകാശ് ചോപ്ര വിലയിരുത്തി.
ബംഗാളിന് വേണ്ടി തുടര്‍ച്ചയായി നല്ല പ്രകടനം നടത്തിയതിനാലാണ് രോഹന്‍ ഗവാസ്‌കര്‍ ഇന്ത്യന്‍ ടീമിലെത്തിയത്. ഗവാസ്‌കര്‍ എന്ന പേരുണ്ടായിട്ടുപോലും രോഹന് മുംബൈ ടീമില്‍ അവസരം ലഭിച്ചില്ല ആകാശ് ചോപ്ര പറഞ്ഞു. രോഹന്‍ ഗവാസ്‌കര്‍ ഇന്ത്യയ്ക്കായി 11 രാജ്യാന്തര മത്സരങ്ങളാണ് ആകെ കളിച്ചിട്ടുള്ളത്. ഫസ്റ്റ് ക്ലാസില്‍ 117 മത്സരങ്ങളില്‍നിന്ന് 6938 റണ്‍സാണ് രോഹന്‍ നേടിയത്. നിലവില്‍ ക്രിക്കറ്റ് കമന്റേറ്ററാണ് രോഹന്‍ ഗവാസ്‌കര്‍.
Leave a Comment