അച്ഛനും മകനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസുകാര്‍

ചെന്നൈ: തമിഴ്‌നാട് തൂത്തുകുടിയില്‍ ദുരൂഹ സാഹചര്യത്തില്‍ അച്ഛനും മകനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ജയരാജിനും മകന്‍ ഫെന്നിക്‌സിനും പരുക്കേറ്റത് സാത്താന്‍കുടി സ്റ്റേഷനില്‍ വച്ചാണെന്ന് ഇരുവരെയും ജയിലെത്തിച്ച പൊലീസുകാരുടെ വെളിപ്പെടുത്തല്‍. ജയിലില്‍ പ്രവേശിക്കുമ്പോള്‍ ഫെന്നിക്‌സിന്റെയും ജയരാജിന്റെയും ദേഹത്തു പരുക്കുകളുണ്ടായിരുന്നുവെന്ന് ജയില്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തിയതിന്റെ തെളിവുകളും പുറത്തുവന്നു.

ലോക്ഡൗണില്‍ അനുവദിച്ച സമയം കഴിഞ്ഞും കട തുറന്നതിനു കഴിഞ്ഞ 19നാണ് സാത്താന്‍കുളം സ്വദേശി ഫെന്നിക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മകനെ തിരക്കി സ്റ്റേഷനിലെത്തിയ അച്ഛന്‍ ജയരാജിനെയും തടഞ്ഞുവച്ചു. പൊലീസിനെ ആക്രമിച്ചുവെന്നാരോപിച്ചു ഇരുവരെയും കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ആരോപണം. ഇതു ശരിവയ്ക്കുന്ന വെളിപ്പെടുത്തലാണു സ്റ്റേഷനിലെ പൊലീസുകാര്‍ ദേശീയ മാധ്യമത്തോടു പങ്കുവച്ചത്.

സ്റ്റേഷനിലെത്തിച്ച സമയത്തു പരുക്കില്ലായിരുന്നുവെന്നാണ് ഇരുവരെയും ജയിലെത്തിച്ച രണ്ടു പൊലീസുകാര്‍ പറയുന്നത്. രഹസ്യഭാഗങ്ങളില്‍ കമ്പികൊണ്ടു മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഫെന്നിക്‌സിന്റെ പിന്‍ഭാഗം തകര്‍ന്നുവെന്നതും ഇവര്‍ ശരിവയ്ക്കുന്നുണ്ട്. ജയിലിലേക്കുള്ള യാത്രയ്ക്കിടെ രക്തസ്രാവം നിലക്കാത്തിനെ തുടര്‍ന്ന് പലവട്ടം ഉടുമുണ്ട് മാറ്റിയതും സമ്മതിക്കുന്നു. ജയില്‍ രേഖളിലും ഫെന്നിക്‌സിന്റെ കാലുകള്‍, ഉടുപ്പ് എന്നിവിടങ്ങളില്‍ പരുക്കും മുഖത്ത് വീക്കവുമുണ്ടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ജയരാജ് ക്ഷീണിതനാണെന്നും രേഖകളില്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇരുവരെയും കാണാതെയാണു സാത്താന്‍കുളം മജിസ്‌ട്രേറ്റ് ഡി, ശരവണന്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒപ്പിട്ടതന്നും വ്യക്തമായി. വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് നോക്കുക മാത്രമാണു ജഡ്ജി ചെയ്‌തെതന്നാണു മരിച്ചവരുടെ കുടുംബം ആരോപിക്കുന്നത്. റിമാന്‍ഡ് ചെയ്യുമ്പോള്‍ പാലിക്കേണ്ട സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച മജിസ്‌ട്രേറ്റിനെതിരെ നടപടി ആവശ്യപ്പെട്ടു വിരമിച്ച ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ശരീരത്തില്‍ പരുക്കുണ്ടായിട്ടും ചികില്‍സ നല്‍കാതിരുന്ന ജയില്‍ അധികൃതരും ഗുരതര വീഴ്ചയാണു വരുത്തിയതെന്നു വ്യക്തമായി. 22ാം തീയതി ജയിലില്‍ എത്തിച്ച് മണിക്കൂറുകള്‍ക്കം ഇരുവരും മരിക്കുകയായിരുന്നു.

ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരങ്ങളിലുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. എന്നാല്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ഇതില്‍ തമിഴ്‌നാട്ടില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular