കോട്ടയം: മറിയപ്പള്ളിയില്‍ എംസി റോഡിനു സമീപം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കണ്ടെത്തിയ അസ്ഥികൂടം ആരുടേതാണെന്നു തിരിച്ചറിഞ്ഞു. വൈക്കം കുടവത്തൂര്‍ സ്വദേശി ജിഷ്ണു ഹരിദാസിന്റേതാണ് (23) മൃതദേഹം. കുമരകത്തെ ബാര്‍ ഹോട്ടല്‍ ജീവനക്കാരനായ ഇയാളെ ഈമാസം മൂന്നിനാണ് കാണാതായത്. മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെത്തിയ ചെരുപ്പും മൊബൈല്‍ ഫോണും സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.
ഇന്നലെ രാവിലെ ഒന്‍പതോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഇന്ത്യ പ്രസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് കാടുമൂടി കിടന്ന ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൃത്തിയാക്കുന്നവരാണ് ആദ്യം കണ്ടത്. ഇവര്‍ പൊലീസിനെ അറിയിച്ചു. മാംസം പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു. പ്രസിന്റെ പഴയ കന്റീന്‍ കെട്ടിടത്തിനു സമീപം മരത്തിനു താഴെയാണ് അസ്ഥികൂടം കിടന്നിരുന്നത്. ഈ ഭാഗത്ത് ഒരാള്‍ പൊക്കത്തില്‍ കാടു വളര്‍ന്നു നില്‍ക്കുകയായിരുന്നു.
മരത്തില്‍ ഒരു തുണി തുങ്ങിക്കിടക്കുന്നതായും കണ്ടെത്തിയിരുന്നു. ഇത് ഇയാള്‍ ധരിച്ച ഷര്‍ട്ടിന്റെ അവശിഷ്ടമാണെന്നാണു സംശയം. ഇതിനു താഴെ വീണു കിടക്കുന്നതു പോലെയാണ് അസ്ഥികൂടം. ധരിച്ച ജീന്‍സിന്റെ അവശിഷ്ടങ്ങളും അസ്ഥികൂടത്തിലുണ്ട്. സമീപത്തു നിന്ന് ചെരുപ്പും മൊബൈല്‍ ഫോണും കണ്ടെത്തി. കാട് മൂടിക്കിടന്നിരുന്ന പ്രദേശത്തേക്ക് നാട്ടുകാര്‍ സാധാരണ എത്താറില്ല. ഇവിടെ കോഴിമാലിന്യം തള്ളുന്നതും സ്ഥിരം സംഭവമാണ്. അതിനാല്‍ ഗന്ധം പുറത്തറിഞ്ഞില്ല. ഫൊറന്‍സിക് സംഘവും തെളിവു ശേഖരിച്ചു.
follow us pathramonline