ഇംഗ്ലണ്ട് പര്യടനം : പാക്ക് ടീമില്‍ 10 പേര്‍ക്ക് കോവിഡ്

ഇസ്‌ലാമബാദ്: ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനം കയറുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ ഏഴു പാക്കിസ്ഥാന്‍ താരങ്ങള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക്ക് ടീമില്‍ അംഗങ്ങളായ കഷീഫ് ഭാട്ടി, മുഹമ്മദ് ഹസ്നയ്ന്‍, ഫഖര്‍ സമാന്‍, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ച പാക്കിസ്ഥാന്‍ താരങ്ങളുടെ എണ്ണം പത്തായി ഉയര്‍ന്നു. ഹൈദര്‍ അലി, ഷതാബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവര്‍ക്ക് ഇന്നലെത്തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പാക്ക് ടീമിലെ 10 താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ കാര്യം അനിശ്ചിതത്വത്തിലായി

താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് (പിസിബി) അറിയിച്ചത്. ഇവരിലാര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് പിസിബി നല്‍കുന്ന സൂചന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ക്രിക്കറ്റ് പരമ്പരകള്‍ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് പര്യടനത്തിന് ഒരുങ്ങുന്നത്. കോവിഡ് സ്ഥിരീകരിച്ചവരോടെല്ലാം ഐസലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചതായി പിസിബി വ്യക്തമാക്കി. ഇവരുമായി സമ്പര്‍ക്കമുണ്ടായവരോടും ഐസലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലഹോറില്‍നിന്ന് ഈ മാസം 28ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മാഞ്ചസ്റ്ററിലേക്കു പോകാനിരിക്കുന്ന പാക്ക് സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് 10 താരങ്ങളും.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പൂര്‍ണമായും മാറുന്നതിനു മുന്‍പേ മത്സരങ്ങള്‍ പുനഃരാരംഭിക്കുമ്പോഴുള്ള പ്രശ്‌നങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ് മൂന്നു താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മൂന്നു ടെസ്റ്റുകളും മൂന്ന് ട്വന്റി20 മത്സരങ്ങളും ഉള്‍പ്പെടുന്ന പരമ്പരയ്ക്കായി പാക്ക് ടീം ഇംഗ്ലണ്ടിലേക്ക് പോകാന്‍ ഒരാഴ്ച മാത്രം ശേഷിക്കെയാണ് 10 താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ബോളിങ് പരിശീലകന്‍ വഖാര്‍ യൂനിസ്, ഇന്ത്യയിലുള്ള ഭാര്യ സാനിയ മിര്‍സയെയും കുഞ്ഞിനെയും കാണുന്നതിന് ഇംഗ്ലണ്ടിലേക്ക് വൈകി വിമാനം കയറാന്‍ അനുമതി ലഭിച്ച ശുഐബ് മാലിക്ക്, ക്ലിഫെ ഡീക്കന്‍ എന്നിവരൊഴികെ പാക്ക് ടീമിലെ മറ്റ് താരങ്ങളും പരിശീലക സംഘവും കോവിഡ് പരിശോധനയ്ക്ക് വിധേയരായിരുന്നു.

ഇക്കുറി ഇംഗ്ലണ്ട് പര്യടനത്തിനു പോകുമ്പോള്‍ താരങ്ങളും പരിശീലകരും കുടുംബാംഗങ്ങളെ കൊണ്ടുപോകരുതെന്ന് പിസിബി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെ ഹാരിസ് സുഹൈല്‍, മുഹമ്മദ് ആമിര്‍ എന്നിവര്‍ പരമ്പരയില്‍നിന്ന് പിന്‍മാറുകയും ചെയ്തു.

follow us: pathram online

pathram:
Related Post
Leave a Comment