പുതിയ നീക്കവുമായി ഇന്ത്യ; ചൈനീസ് അതിര്‍ത്തിയില്‍ 32 സ്ഥലങ്ങളിലെ റോഡ് നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്നു

ഇന്ത്യ – ചൈന സംഘര്‍ഷത്തില്‍ അയവുവന്നുവെന്നും ഇരു സൈന്യങ്ങളും പിന്മാറാന്‍ ധാരണയായെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എങ്കിലും കരുതലോടെ ഇന്ത്യ പുതിയ നീക്കങ്ങള്‍ നടത്തുകയാണ്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു. 32 ഇടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് (സിപിഡബ്ല്യുഡി), ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ), ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) എന്നിവയിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ചൈനീസ് അതിര്‍ത്തിയിലെ 32 റോഡ് പദ്ധതികളും ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാനാണു തീരുമാനമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരവാദിത്തപ്പെട്ട എല്ലാ ഏജന്‍സികളും തീരുമാനത്തോടു സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആകെ 73 റോ!ഡുകളുടെ നിര്‍മാണമാണ് ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ നിലവില്‍ നടത്തുന്നത്. സിപിഡബ്ല്യുഡി– 12, ബിആര്‍ഒ 61 റോ!ഡുകള്‍ നിര്‍മിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണു നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പുരോഗമിക്കുന്നത്.

ലഡാക്ക് സെക്ടറില്‍ ഇന്ത്യ– ചൈന സൈനികര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണു നിര്‍ണായക തീരുമാനം. ലഡാക്കിലെ ഗല്‍വാന്‍ താഴ്!വരയില്‍ ജൂണ്‍ 15–16 ദിവസങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍മാണം നടത്തുന്നതില്‍ മൂന്ന് പ്രധാന റോഡുകള്‍ ലഡാക്കിലാണ്. റോഡ് നിര്‍മാണത്തിനു പുറമേ അതിര്‍ത്തി പ്രദേശങ്ങളില്‍ ഊര്‍ജം, ആരോഗ്യം, ടെലികോം, വിദ്യാഭ്യാസം എന്നീ മേഖലകളിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും.

2017 മുതല്‍ 2020 വരെ 470 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയത്. 2008–17 വരെയുള്ള വര്‍ഷങ്ങളില്‍ ഇത് 230 കിലോമീറ്റര്‍ ആയിരുന്നു. 2017–2020 വരെ 380 കിലോമീറ്റര്‍ ദൂരം അറ്റകുറ്റപ്പണികള്‍ നടത്തി. 2014 മുതല്‍ 2020 വരെ ആറ് തുരങ്കങ്ങളും ഇന്ത്യ നിര്‍മിച്ചു. 2014നും 2020നും ഇടയില്‍ 4,764 കിലോമീറ്റര്‍ റോഡ് നിര്‍മാണമാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. എല്ലാ വര്‍ഷവും പദ്ധതികള്‍ക്കായി നീക്കി വയ്ക്കുന്ന തുകയും വര്‍ധിച്ചിട്ടുണ്ട്. 2008 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ റോഡ് നിര്‍മാണത്തിനായി മാറ്റിവച്ച തുക 3,300 കോടിയില്‍നിന്ന് 4,600 കോടിയായി വര്‍ധിപ്പിച്ചു.

FOLLOW US: pathram online latest news

pathram:
Leave a Comment