തൃശൂര്‍: ചരിത്രനേട്ടം കൈവരിച്ച് തൃശൂര്‍, 1550 വനഭൂമി പട്ടയങ്ങള്‍ ഉള്‍പ്പെടെ 6000ല്‍ പരം പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറാകുന്നതായി മന്ത്രി എ സി മൊയ്തീന്‍. ആഗസ്റ്റില്‍ സംഘടിപ്പിക്കുന്ന പട്ടയമേളയില്‍ ഇവ വിതരണ ചെയ്യും. 4128 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. പുറമ്പോക്ക്, സുനാമി, കോളനി, മുനിസിപ്പല്‍, ഇനാം, ശ്മശാന പുറമ്പോക്ക് എന്നീ വിഭാഗങ്ങളില്‍ 238 പട്ടയങ്ങള്‍ തയ്യാറാണ്. 1550 വനഭൂമി പട്ടയങ്ങളും സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ച് തയ്യാറായി വരുന്നതായി മന്ത്രി അറിയിച്ചു. കേന്ദ്രാനുമതിക്ക് സമര്‍പ്പിച്ചിരിക്കുന്ന 2245 പട്ടയങ്ങളിലും അവേശഷിക്കുന്ന നടപടികള്‍ കൂടി ഉടന്‍ പൂര്‍ത്തിയാക്കി വിതരണത്തിന് തയ്യാറാക്കും.
കേന്ദ്രാനുമതി ലഭിച്ചതില്‍ ഇനിയും പട്ടയം നല്‍കാന്‍ അവശേഷിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നീക്കി അവ കൈമാറുന്നതിനുളള പരിശ്രമത്തിലായിരുന്നു സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും. ഇതില്‍ 1977 ജനുവരി 1 ന് മുമ്പ് വനഭൂമി കൈയ്യേറി കൈവശം വച്ചിരിക്കുന്നവര്‍ക്ക് അത് പതിച്ച് നല്‍കുന്നതിനായി സംയുക്തപരിശോധന നടത്തിയതും കേന്ദ്രാനുമതി ലഭിച്ചതുമായ ഭൂമിക്ക് നിലവില്‍ ജെവിആര്‍ റിപ്പോര്‍ട്ട് ലഭ്യമല്ലാത്ത കേസുകളിലും മരവില ഒഴിവാക്കി പട്ടയം അനുവദിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന് വീണ്ടും നിര്‍ദ്ദേശം സമര്‍പ്പിക്കുകയും സര്‍ക്കാര്‍ അക്കാര്യങ്ങളില്‍ വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി 1550 പട്ടയങ്ങള്‍ ഉടനെ വിതരണത്തിന് തയ്യാറാകും. ഇതോടൊപ്പം സംയുക്ത പരിശോധന പൂര്‍ത്തിയാക്കി കേന്ദ്രാനുമതിക്കായി അയച്ച 3140 അപേക്ഷകളില്‍ ജിപിഎസ് സര്‍വേ പൂര്‍ത്തിയാക്കുന്നതിന് തിരിച്ചുനല്‍കിയിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. സമയബന്ധിതമായി ഇത് പൂര്‍ത്തിയാക്കും. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ 2245 അപേക്ഷകളില്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത് ഉടനെ കേന്ദ്രത്തിന് സമര്‍പ്പിക്കും. പിന്നെയും അവശേഷിക്കുന്ന 900 അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് പ്രത്യേകസംഘത്തെ നിയോഗിച്ചിരിക്കുകയാണ്. 10 ജീവനക്കാരെ ഇതിനായി നിയമിച്ചിട്ടുണ്ട്. 8 വാഹനങ്ങളും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി അനുവദിച്ചിട്ടുണ്ട്. പട്ടയഫോമുകള്‍ വാങ്ങി എഴുതി തയ്യാറാക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അധിക പ്രയ്തനം നടത്തിയാണ് പട്ടയവിതരണത്തിനുളള നടപടികള്‍ പൂര്‍ത്തിയാക്കിയത്. വീടുകളിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ഭീതി മൂലം ആവശ്യമായ രേഖകള്‍ കൈമാറാന്‍ വരെ പലര്‍ക്കും മടിയായിരുന്നു.
സര്‍ക്കാര്‍ തീരുമാനപ്രകാരം പട്ടയവിതരണത്തിനായി അതിവേഗത്തിലും കാര്യക്ഷമമായും നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 300 ല്‍ പരം വനഭൂമി പട്ടയങ്ങള്‍ മാത്രം വിതരണം ചെയ്ത സ്ഥാനത്ത് ഒരു വര്‍ഷക്കാലയളവിനുളളില്‍ 3800 വനഭൂമി പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുളള നടപടികളാണ് പൂര്‍ത്തിയാകുന്നത്. സര്‍ക്കാരിന്റെയും ജില്ലാഭരണകൂടത്തിന്റെയും സമര്‍പ്പിതപ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ ചരിത്രനേട്ടം കൈവരിക്കുന്നത്.