2011 ഏകദിന ലോകകപ്പ് ഫൈനലിൽ ഒത്തുകളി നടന്നതായുള്ള ശ്രീലങ്കൻ മന്ത്രിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരവും 2011 ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കൻ സിലക്ഷൻ കമ്മിറ്റിയുടെ ചെയർമാനുമായിരുന്ന അരവിന്ദ ഡിസിൽവ. കിരീട നേട്ടത്തിൽ പങ്കാളിയായിരുന്ന സച്ചിൻ തെൻഡുൽക്കറിനെ കരുതിയെങ്കിലും ഈ വിഷയത്തിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനോടും, ഇന്ത്യ–ശ്രീലങ്ക ക്രിക്കറ്റ് ബോർഡുകളോടും ഡിസിൽവ ആവശ്യപ്പെട്ടു. മത്സരം ഒത്തുകളിയാണെന്ന മന്ത്രിയുടെ ആരോപണം തള്ളിയാണ് ഈ വിഷയത്തിൽ വ്യക്തത വരുത്താൻ ഡിസിൽവ ഐസിസി, ബിസിസിഐ, എസ്എൽസി എന്നിവരോട് ആവശ്യപ്പെട്ടത്.
‘ഞങ്ങൾ ശ്രീലങ്കക്കാർ ലോകകപ്പ് വിജയം (1996) അമൂല്യമായി കരുതുന്നതുപോലെ സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളും ആരാധകരും നെഞ്ചോടു ചേർത്തുവയ്ക്കുന്ന വിജയമാണ് 2011 ലോകകപ്പിലേത്. അതുകൊണ്ടുതന്നെ സച്ചിനെയും കോടിക്കണക്കിന് ആരാധകരെയും കരുതി ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരേണ്ടത് ഇന്ത്യൻ സർക്കാരിന്റെയും ബിസിസിഐയുടെയും കടമയാണ്’ – ഡിസിൽവ പറഞ്ഞു.
1996 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഡിസിൽവ നേടിയ സെഞ്ചുറിയാണ് ശ്രീലങ്കയ്‌ക്ക് വിജയവും കിരീടവും സമ്മാനിച്ചത്. കോവിഡ് വ്യാപനം നിമിത്തം സമ്പൂർണ ലോക്ഡൗൺ നിലവിലുണ്ടെങ്കിലും ഈ വിഷയത്തിൽ വ്യക്തത വരുത്താൻ ജീവൻ അപകടത്തിലാക്കിയാണെങ്കിലും ഇന്ത്യയിലേക്കു വരാനും ഏത് അന്വേഷണവുമായി സഹകരിക്കാനും സന്നദ്ധനാണെന്നും ഡിസിൽവ പ്രഖ്യാപിച്ചു.
‘ഇത്തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയരുമ്പോൾ, അത് കോടിക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ട്. ഈ സംഭവത്തിൽ ശ്രീലങ്കൻ താരങ്ങള്‍ക്കും സിലക്ടർമാർക്കും ടീം മാനേജ്മെന്റിനും മാത്രമല്ല, അർഹമായ കിരീടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾക്കും ഉണ്ടാകുന്ന അസ്വസ്ഥത എത്രമാത്രമായിരിക്കും? ക്രിക്കറ്റിന്റെ നൻമയെക്കരുതി ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി വ്യക്തത വരുത്തണം’ – ഡിസിൽവ പറഞ്ഞു.
ഇന്ത്യ–ശ്രീലങ്ക ഫൈനൽ ഒത്തുകളിയാണെന്ന മന്ത്രിയുടെ ആരോപണത്തിനു പിന്നാലെ, കലാശപ്പോരിനുള്ള ലങ്കൻ ടീമിൽ സിലക്ടർമാർ നാലു മാറ്റങ്ങൾ വരുത്തിയത് ചർച്ചാവിഷയമായിരുന്നു. എയ്ഞ്ചലോ മാത്യൂസ് പരുക്കുമൂലം പുറത്തായതിനു പിന്നാലെയാണ് സിലക്ടർമാർ ടീം മാനേജ്മെന്റിന്റെ അനുമതിയോടെ നാലു മാറ്റങ്ങൾ വരുത്തിയത്. ചമര സിൽവയ്ക്കു പകരം ചമര കപുഗദേര, അജാന്ത മെൻഡിസിനു പകരം സൂരജ് രൺദീവ്, രംഗണ ഹെറാത്തിനു പകരം നുവാൻ കുലശേഖര, മാത്യൂസിനു പകരം തിസാര പെരേര എന്നിവരെയാണ് കളത്തിലിറക്കിയത്. ഇതേക്കുറിച്ചും സിലക്ഷൻ കമ്മിറ്റി അധ്യക്ഷനായിരുന്ന ഡിസിൽവ പ്രതികരിച്ചു.
‘ടീമിനെ തിരഞ്ഞെടുക്കുന്നതിൽ ചട്ടപ്രകാരമുള്ള നടപടികളാണ് ഞങ്ങൾ കൈക്കൊണ്ടത്. ടീമിനെ തിരഞ്ഞെടുക്കുന്നത് സിലക്ടർമാർ ഒറ്റയ്ക്കല്ല. പരിശീലകൻ, ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ, ചില സമയത്തെങ്കിലും ടീമിലെ മുതിർന്ന താരങ്ങൾ, മാനേജർ, ബോർഡ് സെക്രട്ടറി തുടങ്ങിയവരെല്ലാം ടീം തിരഞ്ഞെടുപ്പിന് സന്നിഹിതരാണ്. ഇതിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട് എത്തുന്ന മുതിർന്ന താരങ്ങൾ ഒഴികെയുള്ളവർ ടീം തിരഞ്ഞെടുപ്പിനോട് യോജിച്ച് ഔദ്യോഗികമായി ഒപ്പിട്ടു നൽകാറുമുണ്ട്. അതുകൊണ്ടുതന്നെ ഒത്തുകളി ആരോപണങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതാണ്. അദ്ദേഹത്തിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽത്തന്നെ ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റിനെ സമീപിക്കാമല്ലോ’ – ഡിസിൽവ പറഞ്ഞു.
follow Us: PATHRAM ONLINE
Leave a Comment