ഒളിയാക്രമണം ചൈനയുടെ ആക്രമ ശൈലി…രാജ്യത്തെ മിക്ക പ്രവര്‍ത്തന മേഖലകളെയും സ്തംഭിപ്പിക്കാന്‍ ചൈന

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരവേ, രാജ്യത്തു സൈബര്‍ ആക്രമണ ഭീഷണി വര്‍ധിച്ചു. ശത്രു രാജ്യങ്ങള്‍ക്കെതിരെ ചൈന പലപ്പോഴും സൈബര്‍ ആക്രമണം നടത്തിയ ചരിത്രമാണ് ആശങ്കയ്ക്കു കാരണം. നമ്മുടെ കരസേന കഴിഞ്ഞ വര്‍ഷം 23 തവണ സൈബര്‍ ആക്രമണത്തിനു വിധേയമായെന്നു കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയിരുന്നുകൂടംകുളം ആണവ നിലയത്തിലെ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനില്‍ 2019 നവംബറില്‍ സൈബര്‍ ആക്രമണം ഉണ്ടായി. 2019ല്‍ കേന്ദ്ര സര്‍ക്കാരിന്റെ 24 മന്ത്രാലയങ്ങളില്‍ സൈബര്‍ ആക്രമണം നടന്നു.

ഇന്ത്യയില്‍ ഇപ്പോഴും ദേശീയതലത്തില്‍ സൈബര്‍ അതോറിറ്റി ഇല്ല. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമ പ്രകാരമാണു സൈബര്‍ ആക്രമണ കേസുകള്‍ നേരിടുന്നത്. 2013ല്‍ രൂപം നല്‍കിയ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണു സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച പരാതികള്‍ നോക്കുന്നത്. പ്രതിരോധസേനകള്‍ക്കു മാത്രമായി ഡിഫന്‍സ് സൈബര്‍ ഏജന്‍സിക്കു രൂപം നല്‍കാന്‍ തീരുമാനിച്ചുവെങ്കിലും നടപ്പായില്ല.

ഇന്ത്യയില്‍ സൈബര്‍ ആക്രമണത്തിനു സാധ്യതയുണ്ടെന്നും ചൈനയില്‍ സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും സൈ ഫേര്‍മ എന്ന സ്ഥാപനം കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ കഴിഞ്ഞ ദിവസം അറിയിച്ചു. ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ള ചില സ്ഥാപനങ്ങളുടെ പട്ടികയും ഇവര്‍ നല്‍കി.

ആധുനിക യുദ്ധമുറകളുടെ ഭാഗമായി മാറിയിരിക്കുന്നു സൈബര്‍ ആക്രമണങ്ങള്‍. രാജ്യത്തെ മിക്ക പ്രവര്‍ത്തന മേഖലകളെയും സ്തംഭിപ്പിക്കാന്‍ സൈബര്‍ ആക്രമണങ്ങള്‍ക്കു കഴിയും. ആണവ കേന്ദ്രങ്ങള്‍, വൈദ്യുതി വിതരണം, വ്യോമയാനം, ഓഫിസുകള്‍, പ്രതിരോധ സേനകള്‍, ആരോഗ്യ മേഖല, ബാങ്കിങ്, ശാസ്ത്ര ഗവേഷണം തുടങ്ങി ഏതുരംഗത്തും ആക്രമണം ഉണ്ടാകാം.

ഓസ്‌ട്രേലിയയില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ സൈബര്‍ ആക്രമണം ഉണ്ടായതായി പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ചൈനയുടെ പേരു പറയാതെ അവരാണ് ഇതിനു പിന്നില്‍ എന്ന വ്യക്തമായ സൂചനയാണ് അദ്ദേഹം നല്‍കിയത്. ചൈനയില്‍ കോവിഡിന്റെ ഉദ്ഭവം കണ്ടെത്താന്‍ ഓസ്‌ട്രേലിയ സ്വന്തം നിലയില്‍ ഗവേഷണം ആരംഭിച്ചതാണു ശത്രുതയ്ക്കു കാരണമെന്നാണു നിഗമനം.

2016ല്‍ വിയറ്റ്‌നാമിനും ഫിലിപ്പീന്‍സിനും എതിരെ ചൈന സൈബര്‍ ആക്രമണം നടത്തിയിരുന്നു. വിയറ്റ്‌നാമിലെ സോയി സായി, ഹോചിമിന്‍ സിറ്റി എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സൈബര്‍ ആക്രമണത്തില്‍ പൂര്‍ണമായി സ്തംഭിച്ചു.

ചൈന കഴിഞ്ഞ മാസം തയ്‌വാനെതിരെയും സൈബര്‍ ആക്രമണം നടത്തിയിരുന്നു. തയ്‌വാനില്‍ പ്രസിഡന്റിന്റെ ഓഫിസ് പൂര്‍ണമായി ഹാക്ക് ചെയ്തു. സര്‍ക്കാരിന്റെ ചില രഹസ്യരേഖകള്‍ മാധ്യമങ്ങള്‍ക്ക് എത്തിക്കാനായിരുന്നു ഇത്. കഴിഞ്ഞ മാസം യുഎസില്‍ കോവിഡ് വാക്‌സിന്‍ ഗവേഷണ കേന്ദ്രത്തിലെ എല്ലാ രേഖകളും ചോര്‍ത്താന്‍ ശ്രമിച്ചു.

ജപ്പാന്‍ പുതിയ മിസൈല്‍ രൂപകല്‍പന ചെയ്യുന്നതിന്റെ വിവരങ്ങള്‍ അടുത്തകാലത്ത് സൈബര്‍ ആക്രമണത്തിലൂടെ ചൈന കവര്‍ന്നിരുന്നു. ഇതിനിടെ ചൈന കോവിഡ് 19 വിവരങ്ങള്‍ രഹസ്യമാക്കി വച്ചത് കണ്ടുപിടിക്കാന്‍ വിയറ്റ്‌നാമും സൈബര്‍ ആക്രമണം നടത്തി; അതു പക്ഷേ ചൈനയ്ക്ക് തടയാന്‍ കഴിഞ്ഞു.

FOLLOW US pathram online latest news

pathram:
Related Post
Leave a Comment