ഇന്ത്യ ജേതാക്കളായ 2011ലെ ലോകകപ്പ് ഒത്തുകളി: അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കൊളംബോ: ഇന്ത്യ ജേതാക്കളായ 2011ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നുവെന്ന ആരോപണപ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ കായിക മന്ത്രാലയമാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആതിഥേയരായ ഇന്ത്യയുമായുള്ള ഫൈനലില്‍ ശ്രീലങ്ക ഒത്തുകളിച്ചു തോറ്റതാണെന്ന ആരോപണം പലതവണ ഉയര്‍ന്ന സാഹചര്യത്തിലാണ് കായികമന്ത്രി ദലസ് അലഹപ്പെരുമ അന്വേഷണം പ്രഖ്യാപിച്ചത്. 2011 ലോകകപ്പ് ഫൈനലിന്റെ സമയത്ത് ശ്രീലങ്കന്‍ കായികമന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗമഗെയാണ് കഴിഞ്ഞ ദിവസം ഒത്തുകളി ആരോപണം വീണ്ടുമുയര്‍ത്തിയത്

1996ല്‍ ശ്രീലങ്കയ്ക്ക് കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയും ഒത്തുകളി ആരോപണം ഉയര്‍ത്തിയിരുന്നു. ഫൈനല്‍ നടക്കുമ്പോള്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ കമന്റേറ്ററായി രണതുംഗയും ഉണ്ടായിരുന്നു. കായികമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര കായിക സെക്രട്ടറി കെ.എ.ഡി.എസ്. റുവാന്‍ചന്ദ്രയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. രണ്ട് ആഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി അറിയിച്ച് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

ഇന്ത്യശ്രീലങ്ക കലാശപ്പോരാട്ടം നടക്കുമ്പോള്‍ ശ്രീലങ്കന്‍ കായിക മന്ത്രിയായിരുന്നു കഴിഞ്ഞ ദിവസം ഒത്തുകളി ആരോപണം ഉന്നയിച്ച അലുത്ഗമഗെ. വാങ്കഡെയിലെ കലാശപ്പോരാട്ടത്തിന് സാക്ഷികളാകാന്‍ അന്നത്തെ പ്രസിഡന്റ് മഹിന്ദ രജപക്ഷെയ്ക്കൊപ്പം അലുത്ഗമഗെയ്ക്കും ക്ഷണമുണ്ടായിരുന്നു. അനായാസം ജയിക്കേണ്ട മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് ‘വില്‍ക്കുകയായിരുന്നുവെന്ന്’ നിലവില്‍ ഊര്‍ജ മന്ത്രി കൂടിയായ അദ്ദേഹം ആരോപിച്ചു.

ഏതെങ്കിലും കളിക്കാര്‍ ഒത്തുകളിച്ചതായി എടുത്തു പറയുന്നില്ലെന്നും ചില ‘ഗ്രൂപ്പു’കള്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ 275 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റന്‍ എം.എസ്.ധോണിയുടെയും മികവിലാണു കിരീടത്തിലെത്തിയത്.

‘2011ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നു. ഏറ്റവും ഉത്തരവാദിത്തത്തോടെ തന്നെയാണ് ഞാന്‍ ഇക്കാര്യം പറയുന്നത്. ഇതേക്കുറിച്ച് ചര്‍ച്ചയുണ്ടാകണം. ഒത്തുകളിച്ചെന്ന് പറഞ്ഞ് ഏതെങ്കിലും കളിക്കാരെ ഞാന്‍ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. എങ്കിലും ചില ഗ്രൂപ്പുകള്‍ ഫൈനല്‍ മത്സരം ഒത്തുകളിക്കുന്നതിന് ചരടുവലിച്ചിട്ടുണ്ടെന്ന് തീര്‍ച്ച’ മന്ത്രി പറഞ്ഞു.

‘ഈ പറഞ്ഞതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഞാന്‍ കായികമന്ത്രിയായിരുന്ന സമയത്താണ് ലോകകപ്പ് ഫൈനല്‍ നടന്നത്. രാജ്യത്തിന്റെ നന്മയെ കരുതി തല്‍ക്കാലം വിശദാംശങ്ങളൊന്നും പുറത്തുവിടുന്നില്ല. 2011ല്‍ ഇന്ത്യയ്ക്കെതിരെ നടന്ന ഫൈനല്‍ മത്സരം നമുക്കു ജയിക്കാമായിരുന്നു. പക്ഷേ, ഒത്തുകളിച്ച് തോറ്റു’ മന്ത്രി പറഞ്ഞു.
follow us: PATHRAM ONLINE

pathram:
Leave a Comment