നമ്മള്‍ ഇരുട്ടിലാണ്.. ഞങ്ങള്‍ക്ക് സര്‍ക്കാരിനോടു ചില ചോദ്യങ്ങളുണ്ട്: ചൈനീസ് സൈന്യം ഏത് ദിവസമാണ് ലഡാക്കിലെ നമ്മുടെ പ്രദേശത്തേക്ക് കടന്നത്? സോണിയാ ഗാന്ധി

ന്യൂഡല്‍ഹി : ചൈനാ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷിയോഗം തുടരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ, ബിഎസ്പി നേതാവ് മായാവതി, ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യന്‍ സൈനികര്‍ക്കു നേരേയുണ്ടായ ചൈനീസ് ആക്രമണത്തെ സോണിയ ഗാന്ധി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലാകുമോ എന്നറിയാന്‍ രാജ്യത്തിനാകെ താല്‍പര്യമുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു. ‘ഈ അവസാന ഘട്ടത്തില്‍ പോലും, പ്രതിസന്ധിയുടെ നിര്‍ണായകമായ നിരവധി വശങ്ങളെക്കുറിച്ച് അറിവില്ല, നമ്മള്‍ ഇരുട്ടിലാണ്. ഞങ്ങള്‍ക്ക് സര്‍ക്കാരിനോടു ചില ചോദ്യങ്ങളുണ്ട്: ഏത് ദിവസമാണ് ചൈനീസ് സൈന്യം ലഡാക്കിലെ നമ്മുടെ പ്രദേശത്തേക്ക് കടന്നത്? നമ്മുടെ പ്രദേശത്ത് ചൈനീസ് അതിക്രമങ്ങളെക്കുറിച്ച് സര്‍ക്കാര്‍ എപ്പോഴാണ് കണ്ടെത്തിയത്? മേയ് 5നോ അതോ അതിനു മുന്‍പോ? നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തികളുടെ ഉപഗ്രഹ ചിത്രങ്ങള്‍ സര്‍ക്കാരിന് പതിവായി ലഭിക്കുന്നില്ലേ?’ സോണിയ ചോദിച്ചു.

മേയ് 5നും ജൂണ്‍ 6നും ഇടയില്‍ നിര്‍ണായ സമയം നഷ്ടമായി. എല്ലാ മര്‍ഗങ്ങളും ഉപയോഗിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു, അതിന്റെ ഫലമായി 20 ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇന്നുവരെയുള്ള എല്ലാ വസ്തുതകളും സംഭവവികാസങ്ങളും പങ്കുവയ്ക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നതായും സോണിയ ഗാന്ധി പറഞ്ഞു.

യോഗത്തില്‍ പങ്കെടുക്കുന്ന മറ്റു നേതാക്കള്‍: എം.കെ. സ്റ്റാലിന്‍ (ഡിഎംകെ), എടപ്പാടി കെ.പളനിസാമി (അണ്ണാ ഡിഎംകെ), കെ.ചന്ദ്രശേഖര്‍ റാവു (ടിആര്‍എസ്), ജഗന്‍ മോഹന്‍ റെഡ്ഡി (വൈഎസ്ആര്‍ കോണ്‍ഗ്രസ്), ശരദ് പവാര്‍ (എന്‍സിപി), നിതീഷ് കുമാര്‍ (ജെഡിയു), അഖിലേഷ് യാദവ് (എസ്പി), സുഖ്ബീര്‍ ബാദല്‍ (അകാലിദള്‍), ചിരാഗ് പാസ്വാന്‍ (എല്‍ജെപി), ഹേമന്ത് സോറന്‍ (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച).

അതേസമയം, സര്‍വകക്ഷിയോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന ആരോപണവുമായി എഎപി, ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ രംഗത്തെത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് പാര്‍ട്ടി പ്രസിഡന്റുമാരെ യോഗത്തിലേക്ക് ക്ഷണിച്ചത്. ഒഴിവാക്കിയതിന്റെ കാരണം പ്രതിരോധ മന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി നേതാവ് തേജ്വസി യാദവ് ട്വീറ്റ് ചെയ്തു. കുറഞ്ഞത് അഞ്ച് എംപിമാര്‍ ഉള്ള പാര്‍ട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചതെന്നാണ് സൂചന. എഎപിക്ക് നാല് എംപിമാരാണ് ഉള്ളത്. എന്നാല്‍ ആര്‍ജെഡിക്ക് അഞ്ച് രാജ്യസഭാ എംപിമാരുണ്ട്.

ഡല്‍ഹിയില്‍ എഎപി സര്‍ക്കാരാണെന്നും പഞ്ചാബിലെ പ്രധാന പ്രതിപക്ഷം എഎപിയാണെന്നും എന്നിട്ടും സര്‍വകക്ഷിയോഗത്തില്‍നിന്ന് ഒഴിവാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ അഹന്തയാണെന്നും എഎപി നേതാവ് സഞ്ജയ് സിങ് ട്വീറ്റ് ചെയ്തു. യോഗത്തില്‍നിന്ന് ഒഴിവാക്കിയതില്‍ നിരാശയുണ്ടെയന്നും എന്നാല്‍ യോഗത്തില്‍ എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും എഎപി വ്യക്തമാക്കി.< follow us: PATHRAM ONLINE

pathram:
Leave a Comment