ആശങ്കയില്‍ വീണ്ടും കാസര്‍ഗോഡ്; സമ്പര്‍ക്കത്തിലൂടെ 81 പേര്‍ക്ക് കോവിഡ്; മൂന്ന് പേര്‍ക്ക് രോഗം വന്ന വഴി അറിയില്ല

കാസര്‍ ഗോഡ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതില്‍ 3 പേര്‍ക്ക് എവിടെ നിന്നു രോഗം പകര്‍ന്നുവെന്നതില്‍ ഇനിയും വ്യക്തതയില്ല. സമൂഹ വ്യാപനം ജില്ലയില്‍ നടന്നില്ലെന്ന് ആരോഗ്യ വകുപ്പ് ആവര്‍ത്തിക്കുമ്പോഴും മൂന്നു പേര്‍ക്ക് രോഗം പകര്‍ന്നതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആദ്യ രണ്ടു ഘട്ടങ്ങളില്‍ 70 പേര്‍ക്കായിരുന്നു സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടത്. മൂന്നാം ഘട്ടത്തില്‍ 11 രോഗികളാണുള്ളത്.

മാവുങ്കാല്‍ സ്വദേശിയായ യുവാവാണ് ഇതില്‍ ആദ്യത്തേത്. ഇയാള്‍ക്ക് എവിടെ നിന്നു രോഗം പകര്‍ന്നുവെന്ന് കണ്ടെത്താന്‍ ആരോഗ്യ വകുപ്പിനായില്ല. ചക്ക തലയില്‍ വീണു സാരമായി പരുക്കേറ്റ് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന എണ്ണപ്പാറ സ്വദേശിയാണ് സമ്പര്‍ക്കത്തിലൂടെ രോഗിയായ മറ്റൊരാള്‍. ഓട്ടോ െ്രെഡവറായ ഇയാളുടെ രോഗം പകര്‍ന്ന ഉറവിടവും കണ്ടെത്തിയില്ല.

കോവിഡ് സ്ഥിരീകരിച്ച കരിന്തളം സ്വദേശിക്കും രോഗം എവിടെ നിന്നു പകര്‍ന്നുവെന്ന് കണ്ടെത്താനായിട്ടില്ല. ഭാര്യയുടെ പ്രസവ ചികിത്സയ്ക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ 3 ദിവസം കൂടെ ഉണ്ടായിരുന്നു. പനിയും തൊണ്ട വേദനയും കണ്ടതിനെ തുടര്‍ന്നു ഇവിടെ നിന്നാണ് ഇയാളുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചത്. മൂന്നാം ഘട്ടത്തിലെ 11 ല്‍ 3 പേര്‍ കാസര്‍കോട് ജനറല്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരാണ്.

സ്രവ പരിശോധന ലാബില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് ജനറല്‍ ആശുപത്രിയിലെ രോഗബാധിതര്‍. സ്രവം പരിശോധനക്കെത്തിയവരില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പിടിപ്പെട്ടതെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. ജില്ലാ ആശുപത്രിയിലെ ജീവനക്കാരി ജോലി ചെയ്യുന്ന ലാബില്‍ കോവിഡ് പോസിറ്റീവായ പൊതുപ്രവര്‍ത്തകന്‍ എത്തിയിരുന്നു.

ഇയാളില്‍ നിന്നായിരിക്കാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ കരുതുന്നത്. പൈവളികെയിലെ ജനപ്രതിനിധിയടക്കം ഒരു കുടുംബത്തിലെ 4 പേര്‍ക്കും ആംബുലന്‍സില്‍ മഞ്ചേരിയില്‍ നിന്നു കാസര്‍കോട് എത്തിയ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നത്. എന്നാല്‍ ഇവരില്‍ നിന്നു മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നതായി ഇതുവരെയായി കണ്ടെത്തിയിട്ടില്ല.

അതേസമയം ഇന്നലെ ജില്ലയില്‍ 3 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ 3 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഷാര്‍ജയില്‍ നിന്നെത്തിയ ഉദുമയിലെ 27 കാരന്‍,കുവൈത്തില്‍ നിന്നെത്തിയ ചെങ്കളയിലെ 43കാരന്‍, പടന്നയിലെ 36 കാരന്‍ എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു.

ഉദയഗിരി സിഎഫ്എല്‍ടിസി, പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, കാസര്‍കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് നഗരസഭ, കുമ്പഡാജെ എന്നിവിടങ്ങളിലെ രണ്ടും മധുര്‍, മംഗല്‍പാടി, കുമ്പള, പൈവളികെ, ഉദുമ, പുല്ലൂര്‍– പെരിയ, മടിക്കൈ എന്നീ പഞ്ചായത്തുകളിലെ ഓരോ പേരുമാണ് രോഗമുക്തി നേടിയത്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment