രാഹുല്‍ @ 50; ആശംസകള്‍ നേരാം…!! പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുവരുമോ..?

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് അന്‍പതാം പിറന്നാള്‍. കോവിഡ് ദുരിതത്തിന്റെയും അതിര്‍ത്തിയിലെ സേനാംഗങ്ങളുടെ വീരമൃത്യുവിന്റെയും വേദനകള്‍ക്കിടയില്‍ ആഘോഷം വേണ്ടെന്നാണു തീരുമാനം. അമ്മ സോണിയ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്ക്കുമൊപ്പം കേക്ക് മുറിക്കുന്നതില്‍ ആഘോഷം ഒതുങ്ങും. രാജ്യത്തുടനീളം സാനിറ്റൈസര്‍, മാസ്‌ക് വിതരണം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയ നേതാവിന്റെ പിറന്നാള്‍ ആഘോഷിക്കും.

രാഹുല്‍ അന്‍പതിന്റെ പടി കടക്കുമ്പോള്‍, പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമോ എന്ന പഴയ ചോദ്യം തന്നെയാണു വീണ്ടും ഉയരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ രാജിവച്ചൊഴിഞ്ഞ പദവിയിലേക്കു താനില്ലെന്നു രാഹുല്‍ ആവര്‍ത്തിക്കുന്നു.

ആഘോഷം വേണ്ടെന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്‍പത് ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങളും സാനിറ്റൈസറും മാസ്‌കും ഉള്‍പ്പെടെയുള്ള കിറ്റ് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

ലോക്ഡൗണിനിടെയുള്ള കുടിയേറ്റ തൊഴിലാളികളുടെ പലായനവും സാമ്പത്തിക പ്രതിസന്ധിയും വിഷയമാക്കി സര്‍ക്കാരിനെതിരെ സജീവമാകാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. അതിര്‍ത്തിയിലെ
സംഘര്‍ഷത്തിലും രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.

1970 ജൂണ്‍ 19ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മകനായി ജനിച്ച രാഹുല്‍ ഗാന്ധി 2 വര്‍ഷത്തോളം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു. എന്നാല്‍ 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ഈ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

follow us: PATHRAM ONLINE

pathram:
Leave a Comment