കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്

കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്. തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ അടച്ച് പൂട്ടാന്‍ സാധ്യതയുണ്ട്.

പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ള 10 പൊലീസുകാരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് രോഗിയായ പൊലീസുകാരന്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത് ഇടപഴകിയിരുന്നു. വിദേശത്ത് നിന്നെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഡ്യൂട്ടിയായിരുന്നു ഇദ്ദേഹത്തിന്. എന്നാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സമ്പര്‍ക്കത്തിലൂടെയാകാം രോഗം ബാധിച്ചതെന്നാണ് സൂചന.

അതേസമയം, എറണാകുളം ജില്ലയില്‍ ഇന്നലെ മാത്രം അഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 102 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളജിലും അങ്കമാലി അഡല്ക്സിലുമായി 97 പേരും, ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 4 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികിത്സയിലുണ്ട്.

ഇന്നലെ 729 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 733 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11998 ആണ്. ഇതില്‍ 10193 പേര്‍ വീടുകളിലും, 539 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും, 1266 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

follow us: PATHRAM ONLINE DAILYHUNT TO GET LATEST UPDATES

Similar Articles

Comments

Advertismentspot_img

Most Popular