പബ്ജി കളിക്കുന്നവര്‍ക്കറിയാം, വെടി കൊണ്ടു കിടക്കുമ്പോള്‍ സഹകളിക്കാര്‍ വന്നു ‘റിവൈവ്’ ചെയ്തു ജീവന്‍ തിരിച്ചു പിടിക്കുന്നതിന്റെ ആഹ്ലാദം. എന്നാല്‍, പബ്ജി കളിച്ചു യഥാര്‍ഥത്തില്‍ ഒരാളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരാനായാലോ?

കൊച്ചി: പബ്ജി കളിക്കുന്നവര്‍ക്കറിയാം, വെടി കൊണ്ടു വീണു കിടക്കുമ്പോള്‍ സഹകളിക്കാര്‍ വന്നു ‘റിവൈവ്’ ചെയ്തു ജീവന്‍ തിരിച്ചു പിടിക്കുന്നതിന്റെ ആഹ്ലാദം. എന്നാല്‍, പബ്ജി കളിച്ചു യഥാര്‍ഥത്തില്‍ ഒരാളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരാനായാലോ? അപൂര്‍വമായ അത്തരമൊരു കഥ ഓണ്‍ലൈന്‍ ഗെയിമേഴ്‌സിന്റെ കൂട്ടായ്മയായ ഓള്‍ കേരള ഇസ്‌പോര്‍ട്‌സ് ഫെഡറേഷന്‍ (എകെഇഎഫ്) പറയും. രണ്ടു വൃക്കകളും തകരാറിലായ മാടവന ചേപ്പനം കോനാട്ട് അമല്‍ സുകുമാരന്റെ ചികിത്സാര്‍ഥം ഫെഡറേഷന്‍ അംഗങ്ങള്‍ ഗെയിം കളിച്ചു സമ്പാദിച്ചത് 2.75 ലക്ഷം രൂപ.

അമലിന്റെ അമ്മ വൃക്ക നല്‍കാന്‍ തയാറായെങ്കിലും അവയവം മാറ്റിവയ്ക്കാന്‍ വേണ്ട എട്ടര ലക്ഷത്തോളം രൂപ കണ്ടെത്താന്‍ കുടുംബത്തിനു കഴിയില്ലെന്നു മനസ്സിലാക്കിയാണ് എകെഇഎഫ് സഹായഹസ്തം നീട്ടിയത്. സംഘടനയിലെ അംഗങ്ങളായ 45 യൂട്യൂബ് സ്ട്രീമര്‍മാര്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി ലൈവ് സ്ട്രീമിങ് നടത്തിയാണു തുക സമാഹരിച്ചത്. ഓണ്‍ലൈന്‍ ഗെയിം ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചും വിവിധ ഓണ്‍ലൈന്‍ ഗെയിമുകളില്‍ പരീക്ഷിക്കാനുള്ള പൊടിക്കൈകളും തമാശകളും ഉപദേശങ്ങളുമെല്ലാം തങ്ങളുടെ ചാനലിലൂടെ പുറത്തുവിട്ടുമായിരുന്നു ലൈവ് സ്ട്രീമിങ്.

പലരും തത്സമയ കളികളും ചാനലിലൂടെ തുടര്‍ച്ചയായി നല്‍കി. പ്രഫഷനല്‍ പബ്ജി കളിക്കാരാണു പ്രധാനമായും ദൗത്യത്തില്‍ പങ്കാളികളായത്. 24 മണിക്കൂര്‍ ലൈവ് സ്ട്രീമിങ് കണ്ട ഒരു ലക്ഷത്തിലേറെ വരിക്കാരില്‍ രണ്ടായിരത്തോളം പേരില്‍നിന്നാണു തുക സ്വരൂപിച്ചത്. പണം എകെഇഎഫ് പ്രസിഡന്റ് അമല്‍ അര്‍ജുന്‍ ചികിത്സാ ധനസമാഹരണ സമിതിക്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ മുഖേന കൈമാറി.
കടപ്പാട് മനോരമ

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment