കോവിഡ് ആദ്യം ബാധിക്കുക നാഡീവ്യൂഹ സംവിധാനത്തെ; പനിക്കോ ചുമയ്ക്കോ മുന്‍പ് പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍

കോവിഡ് 19 നാഡീവ്യൂഹ സംവിധാനത്തിനുതന്നെ വലിയ ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് പനിക്കോ ചുമയ്ക്കോ മുന്‍പ് പ്രത്യക്ഷപ്പെടുകയെന്നും നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ് 19 രോഗികളുടെ നാഡീവ്യൂഹ സംബന്ധമായ ലക്ഷണങ്ങള്‍ അവലോകനം ചെയ്തു നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് അനല്‍സ് ഓഫ് ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ചു.

കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ പകുതി പേര്‍ക്കും തലവേദന, തലചുറ്റല്‍, ഏകാഗ്രതയില്ലായ്മ, മണവും രുചിയും അറിയാനുള്ള കഴിവു നഷ്ടമാകല്‍, ചുഴലി, പക്ഷാഘാതം, ബലമില്ലായ്മ, പേശീവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായതായി പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചുമയോ പനിയോ ശ്വാസകോശ പ്രശ്നങ്ങളോ വരും മുന്‍പ് ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിനിലെ ചീഫ് ഓഫ് ന്യൂറോ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡോ. ഇഗോര്‍ കൊറാള്‍നിക് പറയുന്നു.

കോവിഡ്-19 തലച്ചോറും നട്ടെല്ലും ഞരമ്പുകളും പേശികളും അടങ്ങുന്ന നാഡീവ്യൂഹ വ്യവസ്ഥയെ അപ്പാടെ ബാധിക്കാമെന്നും ഗവേഷകര്‍ പറയുന്നു. ശ്വാസകോശം, കിഡ്നി, ഹൃദയം തുടങ്ങി ഒന്നിലധികം അവയവങ്ങളെ ബാധിക്കാവുന്ന കോവിഡ് ഓക്സിജന്‍ ലഭ്യതക്കുറവോ രക്തം കട്ടപിടിക്കലോ മൂലം തലച്ചോറിനെയും ബാധിച്ച് പക്ഷാഘാതമുണ്ടാക്കാനും സാധ്യതയുണ്ട്.

തലച്ചോറിനും മെനിഞ്ചസിനും നേരിട്ട് അണുബാധയുണ്ടാക്കാനും ഈ രോഗത്തിന് സാധിക്കും. അണുബാധയോടുള്ള ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണവും തലച്ചോറിനെയും ഞരമ്പുകളെയും നശിപ്പിക്കുന്ന പഴുപ്പിന് കാരണമാകാം.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ വിവരങ്ങളില്‍ കൂടുതല്‍ പഠനം നടത്തി നാഡീവ്യൂഹ പ്രശ്നങ്ങളുടെ തരവും ആവൃത്തിയും നിര്‍ണയിക്കുന്നതിന് ഒരു ന്യൂറോ-കോവിഡ് ഗവേഷണ സംഘത്തിനും നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍ രൂപം നല്‍കിയിട്ടുണ്ട്.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment