സുശാന്ത് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വിളിച്ചിരുന്നു, പിതാവിനെയും കൊണ്ട് നടക്കാന്‍ പോകാമെന്ന് വാക്കു കൊടുത്തിരുന്നു..എന്നാല്‍ കൃഷ്ണ കുമാര്‍ സിങിനെ തേടിയെത്തിയത് മകന്റെ മരണവാര്‍ത്ത

ബോളിവുഡിന്റെ പ്രിയനടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗത്തില്‍ നെഞ്ചുപൊട്ടി പിതാവ്. സുശാന്തിന്റെ പിതാവ് കൃഷ്ണ കുമാര്‍ സിങ് ബീഹാറിലെ പട്നയിലാണ് താമസം. അദ്ദേഹത്തിന്റെ ആരോഗ്യ നില മകന്റെ മരണവാര്‍ത്തയെ തുടര്‍ന്ന് മോശമായിരിക്കുകയാണ്.

സുശാന്ത് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പിതാവിനെ ഫോണില്‍ വിളിച്ചിരുന്നതായി ലക്ഷ്മി ദേവി പറഞ്ഞു. പിതാവിനെയും കൊണ്ട് നടക്കാന്‍ പോകാമെന്നും, ഏതെങ്കിലും മലമുകളിലേക്കാവാം ആ നടത്തമെന്നും സുശാന്ത് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം വന്നില്ല, പകരം വന്നത് സുശാന്തിന്റെ മരണവാര്‍ത്തയാണെന്ന് വേദനയോടെ ലക്ഷ്മി ദേവി പറയുന്നു.

മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ് കൃഷ്ണ കുമാര്‍. സുശാന്തിന്റെ മരണവാര്‍ത്ത ഫോണ്‍ വഴിയാണ് പട്നയിലെ വീട്ടിലെത്തിയത്. പിതാവിനെ പരിചരിക്കുന്ന ലക്ഷ്മി ദേവിയാണ് ഇക്കാര്യം ആദ്യം അറിഞ്ഞത്.

സുശാന്തിന്റെ മൂത്ത സഹോദരി പട്നയിലേക്ക് എത്തി കൊണ്ടിരിക്കുകയാണ് ലക്ഷ്മി ദേവി പറഞ്ഞു. ഇവര്‍ ചണ്ഡീഗഡിലാണ് താമസം. ബീഹാറിലെ പര്‍ണിയ ജില്ലയിലെ ഭദ്ര കോട്ടിയിലെ മാല്‍ദിഹയില്‍ നിന്നാണ് സുശാന്ത് ബോളിവുഡിന്റെ ഉന്നതങ്ങളിലെത്തിയത്. അടുത്തിടെ ഗ്രാമത്തില്‍ എത്തിയപ്പോല്‍ കുടുംബത്തിന്റെ ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

നാട്ടുകാരും അയല്‍വാസികളും ഇപ്പോഴും സുശാന്ത് ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാത്ത അവസ്ഥയിലാണ്. സുശാന്ത് കുട്ടിക്കാലം ചെലവിട്ടത് പട്നയിലാണ്. കടുത്ത ക്രിക്കറ്റ് പ്രേമിയായിരുന്നു അദ്ദേഹം. തെരുവുകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചിരുന്ന സുശാന്തിനെ അയല്‍വാസികളും ഓര്‍ക്കുന്നു.

സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ കൃത്യമായ മരണകാരണം പറയാന്‍ സാധിക്കൂ എന്ന നിലപാടിലാണ് പോലീസ്. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സീ ചാനലിലെ പവിത്ര രിസ്തയിലൂടെയായിരുന്നു സുശാന്ത് മിനി സ്‌ക്രീനിലെ താരമായത്. അവിടെ നിന്നാണ് ബിഗ് സ്‌ക്രീനിലേക്ക് സുശാന്ത് കളം മാറ്റുന്നത്. 2013ല്‍ ചേതന്‍ ഭഗത്തിന്റെ നോവലിനെ ആസ്പദമാക്കിയുള്ള കൈ പോ ചെയായിരുന്നു ആദ്യ ചിത്രം. ധോണിയിലൂടെ ഇന്ത്യ മുഴുവന്‍ അറിയുന്ന താരമായി അദ്ദേഹം മാറി.

follow us: pathram online latest news

pathram:
Related Post
Leave a Comment