ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗത്തില്‍ വേദനിച്ച് യുവ എഴുത്തുകാരന്‍ സന്ദീപ് ദാസ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്. ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുശാന്ത് സിങ്ങിനെ ഞായറാഴ്ചയാണ് മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്റെ മരണത്തില്‍ ഞെട്ടലും അനുശോചനവും രേഖപ്പെടുത്തി ഒട്ടേറെ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
ധോണിയുടെ ജീവിതം വെള്ളിത്തിരയില്‍ പകര്‍ത്തിയ സുശാന്തിന്റെ ഓര്‍മകള്‍ക്ക് മരണമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് ദാസിന്റെ ഓര്‍മക്കുറിപ്പ്. ‘എന്തിനായിരുന്നു ഇങ്ങനെയൊരു ഫിനിഷിങ് ഷോട്ട്? അത് ഞങ്ങളുടെ മൂര്‍ദ്ധാവിലാണ് കൊണ്ടത്. ഈ വേദന സഹിക്കാനാവുന്നില്ല സുശാന്ത്…’ എന്ന വാക്കുകളോടെയാണ് സന്ദീപ് ദാസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
സന്ദീപ് ദാസിന്റെ വൈറല്‍ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:
‘2011 ലോകകപ്പ് ഫൈനല്‍ സിക്‌സറടിച്ചുകൊണ്ട് ഫിനിഷ് ചെയ്ത മഹേന്ദ്രസിങ് ധോണിയുടെ ചിത്രം ഇന്ത്യന്‍ ക്രിക്കറ്റില്‍ എക്കാലത്തുമുണ്ടാവും. ധോണിയുടെ മനഃസാന്നിധ്യവും ചിന്താശേഷിയും പുറത്തുവന്ന ദിവസമായിരുന്നു അത്. റാഞ്ചി എന്ന ചെറുപട്ടണത്തില്‍നിന്ന് ഉദയം ചെയ്ത ക്രിക്കറ്റര്‍ രാജ്യത്തിനുവേണ്ടി ലോകകപ്പ് ജയിച്ച കഥ ഒരു വീരഗാഥ പോലെ തലമുറകള്‍തോറും പ്രചരിക്കും
എം.എസ്. ധോണിയെക്കുറിച്ച് സൗരവ് ഗാംഗുലി രേഖപ്പെടുത്തിയ അഭിപ്രായമാണിത്. അങ്ങനെയുള്ള ധോണിയെ സ്‌ക്രീനില്‍ അവതരിപ്പിച്ച നടനാണ് സുശാന്ത് സിങ് രജ്പുത്. ‘എം.എസ്. ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന സിനിമയില്‍ സുശാന്ത് ധോണിയായി ജീവിക്കുകയാണ് ചെയ്തത്. ആ സുശാന്താണ് ഇപ്പോള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നത്.
ധോണിയുടെ നടത്തം, ഓട്ടം, പുഞ്ചിരി, ആഘോഷത്തിന്റെ രീതി തുടങ്ങിയ കാര്യങ്ങളെയെല്ലാം സുശാന്ത് തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു. ക്യാപ്റ്റന്‍ കൂളിന്റെ കൊച്ചുകൊച്ചു ചേഷ്ടകള്‍ക്കുപോലും സുശാന്ത് പുനര്‍ജന്മം നല്‍കിയിരുന്നു. ആ പ്രകടനത്തിന്റെ പൂര്‍ണത കണ്ട് സാക്ഷാല്‍ ധോണി തന്നെ അതിശയിച്ചിട്ടുമുണ്ട്. അതിനുവേണ്ടി സുശാന്ത് സഹിച്ച കഷ്ടപ്പാടുകള്‍ക്ക് കണക്കില്ല.
ഒരിക്കല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കറോട് ഒരു ക്രിക്കറ്റ് ആരാധകന്‍ ധോണിയുടെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടു. അതിന് ഗാവസ്‌കര്‍ നല്‍കിയ മറുപടി രസകരമായിരുന്നു:
‘എന്റെ കൈവശം ധോണിയുടെ നമ്പര്‍ ഇല്ല. അത് ആര്‍ക്കും അറിയില്ല എന്നാണ് തോന്നുന്നത്. ഒരുപക്ഷേ ധോണിയുടെ നമ്പര്‍ അറിയാവുന്ന ഏക വ്യക്തി അദ്ദേഹത്തിന്റെ ഭാര്യയായിരിക്കും…!’
ഗാവസ്‌കര്‍ പറഞ്ഞത് അതിശയോക്തിയല്ല. ധോണിയുടെ രീതി അതാണ്. മൈതാനത്തിനു പുറത്തിറങ്ങിയാല്‍ സ്വന്തം ടീം അംഗങ്ങള്‍ക്കുപോലും ധോനിയെ കാണാന്‍ കിട്ടാറില്ല. കളി ഇല്ലാത്ത സമയങ്ങളില്‍ ധോണി എവിടെയാണെന്നുപോലും ആര്‍ക്കും അറിവുണ്ടാവില്ല. മറ്റുള്ളവര്‍ക്ക് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ സാധിക്കാത്ത ഒരു അത്ഭുത മനുഷ്യന്‍!
അങ്ങനെയുള്ള ധോണിയെ അടുത്തറിയുക എന്നത് ചെറിയ ജോലിയൊന്നുമല്ല. പക്ഷേ സുശാന്ത് അത് ഭംഗിയായി ചെയ്തു. അയാള്‍ മാസങ്ങളോളം ധോണിയെ പിന്തുടര്‍ന്നു. ധോണി ഫ്രീ ആയപ്പോഴെല്ലാം ചോദ്യങ്ങള്‍ ചോദിച്ചു. അവസാനം ധോണിയുടെ എല്ലാ വിവരങ്ങളും സുശാന്തിന് ഹൃദ്ദിസ്ഥമായി. ധോണി ഇന്നേവരെ സ്വന്തമാക്കിയിട്ടുള്ള ബൈക്കുകളുടെ എണ്ണംപോലും സുശാന്തിന് കൃത്യമായി അറിയാമായിരുന്നു!
മുന്‍ ഇന്ത്യന്‍ താരമായ കിരണ്‍ മോണെ ആണ് സുശാന്തിനെ ബാറ്റിങ് പരിശീലിപ്പിച്ചത്. എല്ലാ ദിവസവും 5-6 മണിക്കൂര്‍ നേരം പ്രാക്ടീസ് ചെയ്താണ് സുശാന്ത് ധോണിയുടെ ഷോട്ടുകള്‍ പഠിച്ചെടുത്തത്. ധോണിയുടെ സിഗ്‌നേച്ചര്‍ ഷോട്ടായ ഹെലിക്കോപ്റ്റര്‍ ഷോട്ട് പരിശീലിക്കുന്നതിനിടെ സുശാന്തിന് പരിക്കേറ്റു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുശാന്ത് നെറ്റ്‌സില്‍ ബാറ്റ് ചെയ്ത രീതി സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെ വരെ പ്രീതിപ്പെടുത്തി.
അത്രയേറെ കഠിനാധ്വാനം ചെയ്താണ് സുശാന്ത് ധോണിയായി മാറിയത്. അതിന്റെ ഗുണഫലങ്ങള്‍ സിനിമയില്‍ കണ്ടിരുന്നു.
സച്ചിനുശേഷം ഏറ്റവും കൂടുതല്‍ സ്‌നേഹിക്കപ്പെട്ട ക്രിക്കറ്ററാണ് ധോണി. അയാളുടെ ഒട്ടുമിക്ക ഇന്നിങ്‌സുകളും ഭാരതീയരുടെ ഹൃദയത്തിലുണ്ട്. ആ ധോണിക്ക് ഒരു പകരക്കാരനെ സങ്കല്‍പ്പിക്കുന്നത് പോലും പ്രയാസമായിരുന്നു. പക്ഷേ സുശാന്ത് അത് വിജയകരമായി നിര്‍വ്വഹിച്ചു.
സുശാന്ത് പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ടാവാം. പക്ഷേ അയാള്‍ ധോണിയുടെ പേരിലാണ് ഓര്‍മ്മിക്കപ്പെടുക. ഇന്ത്യ എന്ന രാജ്യം നിലനില്‍ക്കുന്നിടത്തോളം കാലം മഹേന്ദ്രസിങ് ധോണി എന്ന പേരും സ്മരിക്കപ്പെടും. ഒരു തലമുറയെ മുഴുവന്‍ ആനന്ദിപ്പിച്ച, വരുംതലമുറകളെ പ്രചോദിപ്പിക്കാന്‍ പോവുന്ന ദേശീയ ഹീറോയുടെ കഥ സെല്ലുലോയ്ഡില്‍ പകര്‍ന്നാടിയ പ്രതിഭാധനനായ നടന്‍ മറവിയുടെ കയങ്ങളിലേക്ക് വീണുപോവില്ല.
പ്രിയ സുശാന്ത്, സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമായിരിക്കും. പക്ഷേ ഞങ്ങളുടെ മനസ്സില്‍നിന്ന് ഇറങ്ങിപ്പോകാന്‍ നിങ്ങള്‍ക്ക് കഴിയില്ലല്ലോ….
ധോണിയുടെ ഫിനിഷിങ്ങ് ഷോട്ടുകള്‍ ഞങ്ങളെ എന്നും ആനന്ദിപ്പിച്ചിട്ടേയുള്ളൂ. പക്ഷേ അവയെ വെള്ളിത്തിരയില്‍ കാണിച്ചുതന്ന നിങ്ങള്‍ക്ക് ഇങ്ങനെയൊരു അന്ത്യം പ്രതീക്ഷിച്ചില്ല സുശാന്ത്….
എന്തിനായിരുന്നു ഇങ്ങനെയൊരു ഫിനിഷിങ്ങ് ഷോട്ട്? അത് ഞങ്ങളുടെ മൂര്‍ദ്ധാവിലാണ് കൊണ്ടത്. ഈ വേദന സഹിക്കാനാവുന്നില്ല സുശാന്ത്…
Leave a Comment