ന്യൂയോര്‍ക്ക് : കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ്2 വൈറസിന് ജനിതകമാറ്റം സംഭവിച്ചുവെന്നും പുതിയതായി രൂപമെടുത്ത വൈറസ് കൂടുതല്‍ അപകടകാരിയാണോയെന്നു വ്യക്തമല്ലെന്നുമുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. വൈറസിന്റെ പുതിയ രൂപമാണ് ഇപ്പോള്‍ കൂടുതല്‍ മനുഷ്യരെ ബാധിക്കുന്നതെന്നും അടുത്തിടെ പഠനത്തില്‍ വ്യക്തമായിരുന്നു. ഇത്തരത്തില്‍ സംവിക്കുന്ന ജനിതകമാറ്റം വൈറസിനെ പ്രയാസമേറിയ പ്രതിയോഗിയാക്കി മാറ്റുകയാണെന്നാണ് വിലയിരുത്തല്‍.
പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ത്തന്നെ സാര്‍സ് കോവ്2 വൈറസിന്റെ പതിനായിരക്കണക്കിന് ജീനോം സീക്വന്‍സുകളിലെ മാറ്റം ഗവേഷകര്‍ വിലയിരുത്തുന്നുണ്ടായിരുന്നു. ഡി614ജി എന്ന വ്യതിയാനമാണ് മറ്റു വൈറസ് ശ്രേണികളേക്കാള്‍ മുന്നില്‍ വന്നതെന്നു കണ്ടെത്തിയതും അങ്ങനെയാണ്. ഫെബ്രുവരിയില്‍ യൂറോപ്പിലാണ് പരിണമിച്ച ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. എന്നാല്‍ ഈ വ്യതിയാനമാണോ വൈറസ് ഇത്രപെട്ടെന്നു വ്യാപിക്കാന്‍ കാരണമായതെന്നു വ്യക്തമായിട്ടില്ല.
വൈറസിന്റെ പുറംചട്ടയിലുള്ള സ്‌പൈക് പ്രോട്ടീനുമേലാണ് പരിണാമം സംഭവിച്ചത്. മനുഷ്യരിലെ കോശങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ വൈറസിനെ സഹായിക്കുന്നത് ഈ സ്‌പൈക് പ്രോട്ടീനുകളാണ്. ഈ വ്യതിയാനം മൂലം അണുബാധയുണ്ടാകുന്ന ഭാഗങ്ങളില്‍ വളരെ ശക്തമായി പറ്റിപ്പിടിച്ചിരിക്കാന്‍ വൈറസിനു സാധിക്കും. രോധബാധ വ്യാപിപ്പിക്കാനും. ഓരോ ജനിതക വ്യതിയാനവും 10 മടങ്ങ് അധികം അപകടകാരിയാണെന്നും ഈ വൈറസാണ് യൂറോപ്പിലും യുഎസിലും ലാറ്റിന്‍ അമേരിക്കയിലും രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്നും ഗവേഷകര്‍ പറയുന്നു.
അതേസമയം, കൂടുതല്‍ വ്യാപിക്കുന്നുവെന്നതുകൊണ്ട് ഇതു കൂടുതല്‍ മരണകാരണമാകുന്നുവെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് വിവരം. അതിനിടെ സാര്‍സ് കോവ്2 പ്രോട്ടീനുകളിലെ ഒആര്‍എഫ്3ബി ജീനുകളിലും വ്യത്യാസം കാണുന്നതായി കഴിഞ്ഞമാസം പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ജീനാണ് മനുഷ്യ ശരീരത്തിലെ പ്രതിരോധശേഷിയെ അടിച്ചമര്‍ത്തുന്നത്. ഈ ജീനുമായി വൈറസ് ശരീരത്തില്‍ കയറുമ്പോള്‍ നമ്മുടെ പ്രതിരോധ ശേഷിയെ മറച്ചുനിര്‍ത്തി ശരീരത്തില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കും. കൂടുതല്‍ ഗുരുതര സാഹചര്യത്തിലുള്ള രോഗികളുണ്ടാകാനുള്ള സാധ്യതയാണ് ഇതിലൂടെ കാണുന്നത്.
follow us: pathram online latest news