കോവിഡില്‍ നിന്ന് രക്ഷപെടണമെങ്കില്‍ മോദി ജിയുടെ സഹായം തേടൂ; അഫ്രീദിയുടെ പോസ്റ്റിന് കേന്ദ്രമന്ത്രിയുടെ കമന്റ്

തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോള്‍ നിരവധി പ്രമുഖര്‍ പ്രതികരണവുമായി രംഗത്തെത്തി. എന്നാല്‍ ഈ ട്വീറ്റിന് താഴെ പ്രത്യക്ഷപ്പെട്ട ഒരു കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘കോവിഡ് 19ല്‍നിന്ന് താങ്കള്‍ക്ക് രക്ഷപ്പെടണോ? മോദി ജിയുടെ സഹായം തേടുക’ – ലഘു കുറിപ്പിനു ചുവട്ടില്‍ പ്രത്യക്ഷപ്പെട്ടൊരു കമന്റാണിത്. ആരുടെ വകയാണ് ഈ കമന്റെന്ന് അറിഞ്ഞാല്‍ ആരും ഒന്നു ഞെട്ടും. ഒരു കേന്ദ്രമന്ത്രിയാണ് മോദിയുടെ പിന്തുണ തേടിയാല്‍ കോവിഡില്‍നിന്ന് രക്ഷപ്പെടാമെന്ന് അഫ്രീദിയുടെ ട്വീറ്റിനു താഴെ കമന്റിട്ടത്. ആരാണ് ആ മന്ത്രിയെന്നല്ലേ? ഒഡീഷയില്‍നിന്നുള്ള കേന്ദ്ര സഹമന്ത്രിയായ പ്രതാപ് ചന്ദ്ര സാരംഗിയാണ് കക്ഷി.

‘പാക്കിസ്ഥാനിലെ എല്ലാ ആശുപത്രികളെക്കുറിച്ചും എനിക്ക് വ്യക്തമായി അറിയാം. താങ്കള്‍ക്ക് കോവിഡ് 19ല്‍നിന്ന് രക്ഷപ്പെടണമെങ്കില്‍ മോദി ജിയുടെ സഹായം തേടുക’ – പ്രതാപ് ചന്ദ്ര സാരംഗി കുറിച്ചു. അതേസമയം, ഈ ട്വീറ്റ് അദ്ദേഹം പിന്നീട് നീക്കം ചെയ്തു.

മോദി മന്ത്രിസഭയില്‍ സൂക്ഷ്മ- ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം, ഫിഷറീസ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് സാരംഗി. ബാലസോറില്‍ നിന്നുള്ള പ്രതാപ്ചന്ദ്ര സാരംഗിയെ ‘ഒഡിഷ മോദി’ എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. ആര്‍എസ്എസ് പ്രചാരകനായിരുന്ന സാരംഗിക്ക് സ്വന്തമായി ഒരു കുടിലും ഒരു ബാഗില്‍ കൊള്ളാവുന്ന വസ്ത്രങ്ങളും ഒരു സൈക്കിളും മാത്രമാണുള്ളത്. സൈക്കിള്‍ ചവിട്ടി പാര്‍ലമെന്റിലെത്തുന്ന സാരംഗിയെക്കുറിച്ച് മാധ്യമങ്ങളിലെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു.

ഇന്നലെ, ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ച വിവരം അഫ്രീദി വെളിപ്പെടുത്തിയത്. ‘വ്യാഴാഴ്ച മുതല്‍ എനിക്ക് നല്ല സുഖമില്ലായിരുന്നു. ശരീരത്തിന് നല്ല വേദനയുണ്ടായിരുന്നു. തുടര്‍ന്ന് ഞാന്‍ പരിശോധനയ്ക്ക് വിധേയനായി. നിര്‍ഭാഗ്യവശാല്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും വേഗത്തില്‍ രോഗമുക്തി നേടുന്നതിന് എല്ലാവരും പ്രാര്‍ഥിക്കണം. ഇന്‍ഷാ അള്ളാ.. #COVID19 #pandemic #hopenotout #staysafe #stayhome എന്നീ ഹാഷ്ടാഗുകള്‍ സഹിതം അഫ്രീദി കുറിച്ചു. ഇതിനു പിന്നാലെ ഒട്ടേറെ കായിക താരങ്ങളാണ് സൗഖ്യം ആശംസിച്ച് രംഗത്തെത്തിയത്.

follow us: pathram online latest news

pathram:
Leave a Comment