ഒരു അജ്ഞാതന്‍ സിറിഞ്ച് കൊണ്ട് തുടയില്‍ കുത്തി; 10 വയസുകാരന്റെ പരാതിയില്‍ അന്വേഷണം; ഒടുവില്‍ കണ്ടെത്തിയത്…

വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ ഞെട്ടിയെഴുന്നേറ്റ് 10 വയസുകാരന്‍ ബഹളം വച്ചു. ഒരു അജ്ഞാതന്‍ ജനലിലൂടെ സിറിഞ്ച് കൊണ്ടു കുത്തിയെന്ന് പറഞ്ഞായിരുന്നു ബഹളം. സംഗതി പൊലീസ് സ്റ്റേഷന്‍ വരെ എത്തി. 10 വയസ്സുകാരന്റെ പരാതി പൊലീസിനെയും വീട്ടുകാരെയും വട്ടംചുറ്റിച്ചു. വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ ആശങ്കയിലായി. ഒടുവില്‍ ആശുപത്രിയിലെത്തി വിശദമായ പരിശോധന്ക്കു ശേഷം കൗണ്‍സിലിങ് നടത്തിയപ്പോഴാണു കാര്യം പിടികിട്ടിയത്.

എറണാകുളം ചേരാനല്ലൂര്‍ മാതിരപ്പിള്ളി വാലം ഭാഗത്തുള്ള 10 വയസ്സുകാരനാണു ഇന്നലെ ഉച്ചയ്ക്കു കിടന്നുറങ്ങുന്നതിനിടെ ആരോ ഒരാള്‍ സിറിഞ്ച് കൊണ്ടു കുത്തിയെന്ന് പറഞ്ഞ് കരഞ്ഞു ബഹളമുണ്ടാക്കിയത്. തുടയില്‍ കുത്തിയ ശേഷം അജ്ഞാതന്‍ ഓടി പോയതായി കുട്ടി വീട്ടുകാരോടു പറഞ്ഞു. ഇതോടെ വീട്ടുകാരും അയല്‍വാസികളും സമീപത്തെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

തുടര്‍ന്നു ചേരാനല്ലൂര്‍ പൊലീസ് എസ് ഐ രൂപേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിട്ടും കാര്യമായ ഫലമുണ്ടായില്ല. ഒടുവില്‍ കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയിലും കൗണ്‍സിലിങ്ങിലുമാണു സ്വപ്നത്തിലാണു ഒരാള്‍ സിറിഞ്ച് വച്ചു കുത്തിയതായി തോന്നിയതെന്നു കുട്ടി വ്യക്തമാക്കിയത്. ഇതോടെ ഏറെ നേരത്തെ ആശങ്കയ്ക്ക് വിരാമമായി.

follow us: pathram online latest news

pathram:
Related Post
Leave a Comment