ടീമിലെടുക്കാന്‍ ധോണിക്ക് താല്‍പര്യം ഉണ്ടായിരുന്നു; പക്ഷേ എന്നെ ഗാംഗുലി വിട്ടില്ല; മുരളി കാര്‍ത്തിക് വെളിപ്പെടുത്തുന്നു

ഇന്ത്യന്‍ ടീമില്‍ ചുരുങ്ങിയ കാലം കളിച്ച് ശ്രദ്ധ നേടിയ സ്പിന്‍ ബൗളറാണ് മുരളി കാര്‍ത്തിക്. 2007-ല്‍ എം.എസ് ധോനിയുടെ ക്യാപ്റ്റന്‍സിയിലാണ് മുരളി കാര്‍ത്തിക് അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. 2014 വരെ ഐ.പി.എല്ലിലും ആഭ്യന്തര മത്സരങ്ങളിലും കളി തുടര്‍ന്നു. എട്ടു ടെസ്റ്റില്‍ നിന്ന് 24 വിക്കറ്റും 37 ഏകദിനങ്ങളില്‍ നിന്ന് 37 വിക്കറ്റുമാണ് കാര്‍ത്തികിന്റെ അക്കൗണ്ടിലുള്ളത്. 2007-ല്‍ ഒരു ട്വന്റി-20യിലും കളിച്ചു.

ഏഴു വര്‍ഷത്തിന് ശേഷം ഐ.പി.എല്ലിലൂടെ സൗരവ് ഗാംഗുലിക്ക് കീഴില്‍ വീണ്ടും കളിക്കാനും മുരളി കാര്‍ത്തികിന് അവസരം ലഭിച്ചു. 2012-ലെ ഐ.പി.എല്ലില്‍ ഗാംഗുലി പുണെ വാരിയേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നപ്പോഴാണ് ആ സംഭവം. 11 മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റ് മാത്രമേ വീഴ്ത്തിയിട്ടുള്ളുവെങ്കിലും ഗാംഗുലിക്ക് തന്നെ വിശ്വാസമായിരുന്നെന്ന് കാര്‍ത്തിക് പറയുന്നു.

ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക് ഗാംഗുലിക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സും ധോനിയും തന്നില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ വിട്ടുകൊടുക്കാന്‍ ഗാംഗുലി തയ്യാറായിരുന്നില്ലെന്നും കാര്‍ത്തിക് പറയുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഒരു മത്സരത്തില്‍ 104 ഡിഗ്രി പനിയുണ്ടായിട്ടും ഗാംഗുലി തന്നെ കളിക്കാന്‍ അനുവദിച്ചെന്നും കാര്‍ത്തിക് പറയുന്നു. ‘ആ മത്സരത്തില്‍ ഫുള്‍ സ്ലീവ് സ്വെറ്ററിട്ടാണ് കളിച്ചത്. കാരണം എനിക്ക് പനിയുണ്ടായിരുന്നു. ഗാംഗുലി എന്റെ ബൗളിങ്ങില്‍ എത്രമാത്രം വിശ്വസിച്ചു എന്നതിന്റെ തെളിവായിരുന്നു അത്.’ കാര്‍ത്തിക് വ്യക്തമാക്കുന്നു.

pathram:
Related Post
Leave a Comment