സൂചി വയ്ക്കാന്‍ പോലും പേടിയുള്ള ഒരാള്‍ പെട്രോള്‍ തലയിലൊഴിച്ച് ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം; കൊലപാതകം ആത്മഹത്യയാക്കാന്‍ പോലീസ് ശ്രമമെന്ന് ആരോപണം

കൊച്ചി: ‘ആശുപത്രിയില്‍ പോയാല്‍ സൂചി വയ്ക്കാന്‍ പോലും പേടിയുള്ള ഒരാള്‍ പെട്രോള്‍ തലയിലൊഴിച്ച് ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഒരു സഹോദരന് പ്രയാസമാണ്. വേദനയില്ലാതെ മരിക്കാന്‍! കൈവശമുള്ള സയനെയ്ഡ് ഉപയോഗിക്കാമെന്നിരിക്കെയാണ് ഇതെന്നു കൂടി ഓര്‍ക്കണം.’ – പെരുമ്പാവൂരിനടുത്ത് കുറുപ്പം പടിയില്‍ ധനകാര്യ സ്ഥാപന ഉടമ ആര്‍. അനില്‍കുമാറിന്റെ മരണത്തിലെ യാഥാര്‍ഥ്യം കണ്ടു പിടിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ഡിജിപിക്കുമെല്ലാം പരാതി കൊടുത്തിരിക്കുകയാണ് അഭിഭാഷകന്‍ കൂടിയായ ആര്‍. അജന്തകുമാര്‍. സംഭവത്തില്‍ സ്ഥലം എസ്‌ഐ കള്ളക്കളി നടത്തുകയാണെന്നും ഇദ്ദേഹം പരാതിയില്‍ ആരോപിക്കുന്നുണ്ട്. െ്രെകംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നാണ് ആവശ്യം.

സഹോദരന്റെ മരണം ആത്മഹത്യയാക്കി മാറ്റാനായിരുന്നു പൊലീസ് ഇടപെടല്‍. സ്ഥലത്തു നിന്ന് കൃത്യമായി തെളിവുകള്‍ ശേഖരിക്കാതെയും സാഹചര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്താതെയുമാണു മൃതദേഹം മാറ്റിയതെന്നാണു പ്രധാന ആരോപണം. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാമെന്ന് ഉറപ്പു ലഭിച്ചിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ഇക്കാര്യത്തില്‍ പൊലീസ് നേര്‍നടപടി സ്വീകരിക്കാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനില്‍കുമാര്‍ മരിച്ചു കിടന്ന സ്ഥലത്തു നിന്നു മൃതദേഹം നീക്കുന്ന കാര്യത്തില്‍ പൊലീസ് നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചില്ലെന്നാണു സഹോദരന്റെ പ്രധാന പരാതി. സൈറ്റ് ഇന്‍ക്വസ്റ്റ് നിര്‍ബന്ധമായും നടത്തണമെന്നിരിക്കെ യാതൊരു ബന്ധവസുമില്ലാതെ, ബന്ധുക്കളുടെ ആരുടെയും അനുവാദമില്ലാതെ മൃതശരീരം സ്ഥലത്തു നിന്നു നീക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. അതോടൊപ്പം മരിച്ചയാളുടെ മകന്റെ സ്‌റ്റേറ്റ്‌മെന്റില്‍, പറഞ്ഞിട്ടില്ലാത്ത വിവരങ്ങള്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു. പൊള്ളലേറ്റ് മരിച്ചു കിടക്കുന്ന കാര്യം എന്നതിനു മരിച്ചു എന്ന വിവരം വെട്ടിക്കളഞ്ഞിട്ടുണ്ട്. സംഭവ ദിവസം വാച്ചും മോതിരവും എല്ലാം ഊരി വച്ചിട്ട്‌പോയി എന്ന് മനപ്പൂര്‍വം എഴുതി ചേര്‍ത്തു. സാമ്പത്തിക ബുദ്ധമുട്ടു മൂലം മരിച്ചു എന്ന് എഴുതിച്ചേര്‍ത്തിട്ടുണ്ട്. അങ്ങനെയും മൊഴി നല്‍കിയിട്ടില്ല. ഇതെല്ലാം മറ്റാരെയൊ സഹായിക്കാനായി എഴുതിച്ചേരത്തതാണെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

തന്റെ അറിവില്‍ സഹോദരന് കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടില്ല. ധനകാര്യ സ്ഥാപനത്തിന് ആകെ 21 ലക്ഷം രൂപയാണ് ബാധ്യതയുള്ളത്. ഒരു കോടി രൂപയിലേറെ ജനങ്ങളില്‍നിന്ന് കിട്ടാനുണ്ട്. അതെങ്ങനെ സാമ്പത്തിക ബുദ്ധിമുട്ടാകും? 25 വര്‍ഷമായി ധനകാര്യ സ്ഥാപനം നടത്തുന്ന അദ്ദേഹത്തിന്റെ പേരില്‍ ഒരു കേസോ തര്‍ക്കമോ ഇല്ലെന്നും അദ്ദേഹം പറയുന്നു.

മരണം നടന്ന സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ അവിടെ നിന്ന് എങ്ങനെ രക്തം പുരണ്ട കടലാസുകളും കത്തിയ നോട്ടും ലഭിച്ചു എന്നാണ് ഒരു ചോദ്യം. ഒരാള്‍ തീപ്പൊള്ളലേറ്റു മരിച്ചാല്‍ ഭിത്തികളില്‍ എങ്ങനെ രക്തക്കറ വരും? അങ്ങനെ ഉണ്ടാവില്ലെന്നാണു വിദഗ്ധരുമായി സംസാരിച്ചപ്പോഴും മനസിലാക്കിയത്. മൃതദേഹം കിടന്ന ഷട്ടറിനു സമീപം തീ പിടിച്ചതിന്റെ യാതൊരു ലക്ഷണവുമില്ല. നാലു ഭാഗത്തെയും ഭിത്തിയില്‍ രക്തക്കറ കാണുന്നുമുണ്ട്. മൃതദേഹം ഒരു പ്ലൈവുഡ് ഷീറ്റില്‍ കിടക്കുന്ന നിലയിലായിരുന്നു കണ്ടത്. ഈ ഷീറ്റില്‍ യാതൊരു തീ പിടിച്ചതിന്റെ ലക്ഷണവുമില്ല. അതേ സമയം ഷീറ്റിന്റെ മറുവശത്ത് രക്തക്കറ കാണുന്നുമുണ്ട്. മുകളിലേയ്ക്കുള്ള ഷട്ടര്‍ തുറന്നു കിടന്നതും കൊലപാതകത്തിന്റെ സൂചനയാണ്.

കുറുപ്പംപടി നഗരത്തിന്റെ മധ്യത്തിലാണ് ധനകാര്യ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഇതിന്റെ എതിര്‍വശത്ത് രണ്ടു കടകള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും യാതൊരു ശബ്ദമോ കരച്ചിലോ ആരും കേട്ടിട്ടില്ല. പകല്‍ പത്തു മണിക്കും മൂന്നു മണിക്കും ഇടയിലാണു സംഭവം നടന്നതെന്നാണു വിലയിരുത്തല്‍. തുരുത്തിയില്‍ ഒരാളില്‍ നിന്ന് പണം വാങ്ങാനാണ് പിതാവ് പുറത്തേയ്ക്കു പോയതെന്നു മകന്‍ പൊലീസിനോടു പറഞ്ഞിരുന്നു. ശാസ്ത്രീയ അന്വേഷണം നടത്താന്‍ പൊലീസ് മുന്‍കൈ എടുക്കണമെന്ന അഭ്യര്‍ഥനയും അവഗണിച്ചിരിക്കുകയാണ്– ആര്‍. അജന്തകുമാര്‍ പറയുന്നു.

അതേസമയം കുറുപ്പംപടിയില്‍ ധനകാര്യ സ്ഥാപന ഉടമയുടെ മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സ്ഥലം സിഐ മനോജ് പ്രതികരിച്ചു. ഇദ്ദേഹം പെട്രോള്‍ വാങ്ങി വന്നതിന് തെളിവുണ്ട്. കുറച്ചു ദിവസങ്ങളായി ഇദ്ദേഹം മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നതിനെക്കുറിച്ചും വിവരം ലഭിച്ചിരുന്നു. പിടിവലി നടന്നതിന്റെയും യാതൊരു സൂചനകളുമില്ല. വിരലടയാള വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇല്ലാത്ത ഒരു പ്രതിയെ ഉണ്ടാക്കാന്‍ സാധിക്കില്ല. ഇതുവരെയും അങ്ങനെ ഒരു പ്രതിയില്ല. ബന്ധുക്കളുടെ ആരോപണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. മൃതദേഹം മാറ്റിയത് ഇവരുടെ മകന്‍ സ്ഥലത്ത് ഉള്ളപ്പോഴായിരുന്നെന്നും പൊലീസ് പറയുന്നു.
കടപ്പാട് മനോരമ

Follo us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7