തിരുവനന്തപുരം: കഠിനംകുളം കൂട്ട ബലാൽസംഗം ആസൂത്രിതമെന്നതിന് തെളിവായി പ്രതികളുടെ കുറ്റസമ്മതമൊഴി. പ്രതികളിൽ ഒരാൾ മാത്രമാണ് യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത്. യുവതിയെ പീഡിപ്പിച്ച പ്രതികളെ ഈ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്ന് മൊഴി ലഭിച്ചു. അതേ സമയം ഒളിവിലായിരുന്നയാളും പിടിയിലായതോടെ എല്ലാ പ്രതികളും അറസ്റ്റിലായി.
പണം നൽകി ഭർത്താവിന്റെ ഒത്താശയോടെയുള്ള പീഡനം എന്ന നിഗമനത്തിന് കൂടുതൽ ബലം നൽകുന്നതാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. പ്രതികൾ എല്ലാവരും ഭർത്താവിന്റെ സുഹൃത്തുക്കളാണെന്നാണ് ആദ്യം ലഭിച്ച വിവരമെങ്കിലും അത് തെറ്റാണ്. യുവതിയെ ആദ്യം എത്തിച്ച വീടിന്റെ ഉടമസ്ഥൻ മാത്രമാണ് സുഹൃത്ത്. യുവതിയെ പീഡിപ്പിച്ച 4 പേരടക്കം മറ്റ് പ്രതികളെയെല്ലാം ഇയാൾ ഫോൺ വിളിച്ചു വരുത്തിയതാണ്. കൂട്ടബലാൽസംഗത്തിന് രണ്ട് ദിവസം മുൻപ് ഈ സുഹൃത്ത് ഭർത്താവിന് പണം നൽകുന്നത് കണ്ടുവെന്ന യുവതിയുടെ മൊഴി കൂടിയാകുമ്പോൾ ആസൂത്രണം വ്യക്തമാകുന്നു.
യുവതിയെ സുഹുത്തിന്റെ വീട്ടിലെത്തിച്ച ശേഷം ഭർത്താവും ഈ സുഹൃത്തും ചേർന്നാണ് നിർബന്ധിച്ച് മദ്യം നൽകിയത്. ഇതിനിടയിൽ മറ്റ് പ്രതികളെ ഫോണിൽ വിളിച്ച് വീടിന്റെ പരിസരത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. അവരെത്തിയതോടെയാണ് ഭർത്താവും സുഹൃത്തും വീട്ടിൽ നിന്ന് പുറത്തേക്ക് പോയതും മറ്റുള്ളവർ കള്ളം പറഞ്ഞ് യുവതിയേയും മകനെയും വീടിന്റെ പുറത്തിറക്കിയ ശേഷം തട്ടിക്കൊണ്ട് പോയതും.
തട്ടിക്കൊണ്ടുപോയതിന് പിന്നാലെ വീട്ടിൽ തിരിച്ചെത്തിയ ഭർത്താവും സുഹൃത്തും മദ്യപിച്ച ശേഷം ഉറങ്ങിയെന്നും സമ്മതിച്ചു. അതായത് പീഡനം നടക്കുന്ന സമയം ഏതാനും കിലോമീറ്റർ അകലെ ഇരുവരും ഉണ്ടായിരുന്നെങ്കിലും അന്വേഷിച്ചില്ലെന്ന് കൂടിയായതോടെ ഗൂഡാലോചനയും വ്യക്തമായി. എല്ലാ പ്രതികളും പിടിയിലായതിനാൽ യുവതിയുടെ രഹസ്യമൊഴി കൂടി പരിശോധിച്ച ശേഷം ഗൂഡാലോചന അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.