ഉത്രയുടെ ബാക്കി സ്വര്‍ണത്തെക്കുറിച്ച് തെളിവ്

കൊട്ടാരക്കര: കൊല്ലം അഞ്ചലില്‍ പാമ്പിനെകെണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് സൂരജിന്റെ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്. ഉത്രയുടെ സ്വര്‍ണ്ണത്തില്‍ നിന്ന് 15 പവന്‍ വിറ്റ സ്വന്തം ആവശ്യങ്ങള്‍ക്കായി ധൂര്‍ത്തടിച്ചുവെന്ന് സൂരജ് മൊഴി നല്‍കി. പല തവണയായി അടൂരിലെ ജ്വല്ലറിയിലാണ് സ്വര്‍ണ്ണം വിറ്റത്. ജ്വല്ലറിയില്‍ തെളിവെടുപ്പ് നടത്തിയ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം സ്ഥിരീകരിച്ചു.

വിവാഹ ദിവസം നല്‍കിയ 96 പവന്‍ ഉള്‍പ്പെടെ 100 പവനാണ് ഉത്രയുടെ വീട്ടുകാര്‍ സൂരജിന് നല്‍കിയത്. സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങാന്‍ ഇതില്‍ നിന്ന് 21 പവന്‍ ഉത്രയുടെ വീട്ടുകാര്‍ പണയം വച്ചിരുന്നു. ബാക്കി സ്വര്‍ണ്ണത്തില്‍ 10 പവന്‍ ബാങ്ക് ലോക്കറില്‍ നിന്നും 6 പവന്‍ അതേ ബാങ്കില്‍ നിന്നും പണയം വച്ച നിലയിലും കണ്ടെത്തി. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും ഉത്രയുടെ കുറച്ച് സ്വര്‍ണ്ണം പണയം വച്ചിരുന്നു. ഉത്രയുടെ സ്വര്‍ണ്ണാഭരണത്തില്‍ നിന്ന് മാറ്റിയ മൂന്നര പവന്‍ കഴിഞ്ഞ ദിവസം വീട്ടുകാര്‍ പോലീസിന് കൈമാറി. ഇതോടെ ഉത്രയുടെ സ്വര്‍ണ്ണം ഏതാണ്ട് പൂര്‍ന്നമായി കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചു.

അതേസമയം കേസില്‍ പിടിയിലാകുമെന്ന് സൂചന ലഭിച്ചപ്പോള്‍ സ്വര്‍ണ്ണം പിതൃസഹോദരിക്ക് കൈമാറാന്‍ സൂരജ് പിതാവിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അവര്‍ സൂക്ഷിക്കാന്‍ തയ്യാറാകാതെ പിറ്റേന്ന് തന്നെ സ്വര്‍ണ്ണം തിരികെ ഏല്‍പ്പിച്ചു. ഇതേതുടര്‍ന്നാണ് സര്‍ണ്ണം റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടത്. 38.5 പവന്‍ സ്വര്‍ണ്ണം റബ്ബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെടുത്തിരുന്നു.

സ്വന്തം ആവശ്യങ്ങള്‍ക്കാണ് സ്വര്‍ണ്ണം വിറ്റതെന്ന് സൂരജ് പോലീസിന് മൊഴി നല്‍കി. അടൂരിലെ ബാറില്‍ നിന്ന് എല്ലാ ആഴ്ചയും രണ്ടായിരം രൂപയുടെ മദ്യം വാങ്ങി കഴിച്ചിരുന്നതായി സൂരജ് പോലീസിനോട് വെളിപ്പെടുത്തി. 14 ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം തിങ്കളാഴ്ച സൂരജിനെ കോടതിയില്‍ ഹാജരാക്കും. സൂരജിനെയും പാമ്പിനെ നല്‍കിയ ചാവര്‍കോട് സുരേഷിനെയും കസ്റ്റഡിയില്‍ വാങ്ങുന്നതിന് വനംവകുപ്പ് നാളെ കോടതിയെ സമീപിക്കും. പാമ്പിനെ ദുരുപയോഗം ചെയ്തതിന് ഇരുവര്‍ക്കുമെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.

Follow us: pathram online

pathram:
Related Post
Leave a Comment