താരങ്ങളും അണിയറ പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകള്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കത്ത് അയച്ചു. അമ്മ, ഫെഫ്ക സംഘടനകള്‍ക്കാണ് കത്ത് അയച്ചത്. എത്രയും വേഗം സംഘടനകള്‍ക്കുള്ളില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയത്തില്‍ എത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ താരസംഘടന എഎംഎംഎയ്ക്കും ഫെഫ്കയ്ക്കും നിര്‍മാതാക്കളുടെ സംഘടന ഔദ്യോഗികമായി കത്തയച്ചു.
താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം വലിയ അളവില്‍ കുറയ്ക്കണമെന്നാണ് ആവശ്യം. ഇക്കാര്യം എത്രയും വേഗം സംഘടനകള്‍ക്കുള്ളില്‍ ചര്‍ച്ച ചെയ്ത് എല്ലാവരും ഒന്നിച്ചിരുന്ന് അഭിപ്രായ സമന്വയത്തില്‍ എത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. നിര്‍മാതാക്കളുടെ ആവശ്യം ന്യായമാണെന്ന നിലപാടിലാണ് ഫെഫ്ക. വിഷയം പ്രാഥമികമായി ചര്‍ച്ച ചെയ്യാന്‍ ഫെഫ്കയുടെ നിര്‍വാഹക സമിതി ഇന്ന് യോഗം ചേര്‍ന്നിരുന്നു.
താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും 25 മുതല്‍ 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കണമെന്നാണ് നിര്‍മാതാക്കളുടെ താത്പര്യം. തിയറ്ററുകള്‍ എന്ന് തുറക്കുമെന്നതില്‍ വ്യക്തതയില്ല. സാറ്റലൈറ്റ്, ഓവര്‍സീസ് റേറ്റുകളില്‍ വലിയ കുറവുണ്ടാകും. സിനിമകള്‍ റിലീസ് ചെയ്താലും വരുമാനത്തില്‍ 50 ശതമാനത്തോളം കുറവ് വരുമെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. ചര്‍ച്ചയ്ക്ക് തയാറാണെന്ന് താര സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.
follow us- pathram online latest news
Leave a Comment