40 ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിലേക്കു വരുന്നു…; സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി; മിതമായ നിരക്ക് ഈടാക്കണമെന്ന് നിര്‍ദേശം…

കേരളത്തിലേക്കു 40 ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അബുദാബി കെഎംസിസിക്ക് കേരള സര്‍ക്കാര്‍ അനുമതി നല്‍കി. ആദ്യ വിമാന സര്‍വീസ് 11ന് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ രേഖാമൂലമുള്ള അറിയിപ്പിനു കാത്തിരിക്കുകയാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം, വ്യോമയാന വകുപ്പ് എന്നീ അനുമതികളുമായി സമയ പട്ടിക പുറത്തിറക്കുമെന്നും അറിയിച്ചു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളിലേക്കായിരിക്കും വിമാന സര്‍വീസ്. ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവരെയാണ് കെഎംസിസിയുടെ ചാര്‍ട്ടര്‍ വിമാനത്തിലും പരിഗണിക്കുക. കെഎംസിസിയില്‍ മാത്രം റജിസ്റ്റര്‍ ചെയ്തവര്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്യണം. മിതമായ നിരക്ക് ഈടാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്തിലെ പ്രധാന നിബന്ധന.

ജോലി നഷ്ടപ്പെട്ടവര്‍, വീസാ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, രോഗികള്‍, പ്രായമായവര്‍, രക്ഷിതാക്കളില്‍നിന്നും ഒറ്റപ്പെട്ടു കഴിയുന്ന കുട്ടികള്‍ എന്നിവര്‍ക്ക് മുന്‍ഗണ നല്‍കണം. സാധാരണക്കാരന് താങ്ങാവുന്ന നിരക്ക് നിശ്ചയിച്ച് ശേഷിച്ച തുക കെഎംസിസി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ചേര്‍ന്നു വഹിക്കുമെന്നും ഷുക്കൂറലി കല്ലുങ്ങല്‍ വ്യക്തമാക്കി.

pathram:
Leave a Comment