കൊമ്പനാനയുടെ വയറ്റില്‍ കുട്ടി; ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വിമര്‍ശനവുമായി എത്തിയ രോഹിത്ത് ശര്‍മയ്‌ക്കെതിരെ ട്രോള്‍ മഴ

പാലക്കാട് ഗര്‍ഭിണിയായ കാട്ടാന ഭക്ഷണത്തിലൊളിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തില്‍ വിമര്‍ശനവുമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയ്ക്കെതിരെ ‘ട്രോള്‍ മഴ’. ആനയോട് മനുഷ്യന്‍ കാട്ടിയ ക്രൂരതയെ വിമര്‍ശിച്ച് എഴുതിയ ലഘു കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രമാണ് രോഹിത്തിന് വിനയായത്. ആന ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ ഉദരത്തിനുള്ളില്‍ ആനക്കുട്ടിയുടെ ചിത്രം കൂടി ചേര്‍ത്തെങ്കിലും ആന കൊമ്പനായിപ്പോയി ഇതോടെ രോഹിത്തിന്റെ പോസ്റ്റിന് ചുവടെ പിഴവ് ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേരാണ് കമന്റിട്ടത്. ഇതുവരെ രോഹിത് ചിത്രം പിന്‍വലിച്ചിട്ടില്ല.

മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സന്‍ ഉള്‍പ്പെടെയുള്ളവര്‍ രോഹിത്തിന്റെ പോസ്റ്റിന് ചുവടെ കമന്റിട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് ചിത്രത്തിലെ പാളിച്ച ചൂണ്ടിക്കാട്ടിയുള്ള കമന്റുകളുമുള്ളത്. അതേസമയം, ആഫ്രിക്കന്‍ ആനകളില്‍ പിടിയാനകള്‍ക്കും കൊമ്പുണ്ടെന്നും രോഹിത് പോസ്റ്റ് ചെയ്തിരിക്കുന്നത് ആഫ്രിക്കന്‍ ആനയുടെ ചിത്രമാണെന്നുമുള്ള ന്യായീകരണങ്ങളുമുണ്ട്. എന്തായാലും ട്രോളുകള്‍ക്ക് കുറവില്ല

‘മനുഷ്യരാശിയുടെ ഈ പോക്ക് എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിഷ്‌കളങ്കയും നിരുപദ്രവകാരിയും സുന്ദരിയുമായ ഒരു സൃഷ്ടിയെ ഇത്ര നിഷ്ഠൂരമായി കൊലപ്പെടുത്താന്‍ എങ്ങനെയാണ് കഴിയുക? ഏറ്റവും കഠിനമായ രീതിയില്‍ തന്നെ ഈ വിഷയം കൈകാര്യം ചെയ്യണം. ഈ ലോകത്തെ കൂടുതല്‍ മികച്ചതാക്കാന്‍ നമുക്ക് കാരുണ്യവും ദയയും കൂടിയേ തീരൂ. മാത്രമല്ല, നമ്മുടെ ചെയ്തികള്‍ക്ക് ഉത്തരവാദിത്വവും വേണം’ കൊമ്പനാനയുടെ ചിത്രത്തിനൊപ്പം രോഹിത് കുറിച്ചു.

അതിനിടെ, മനുഷ്യര്‍ കൊല്ലപ്പെടുമ്പോള്‍ നിശബ്ദരായിരിക്കുകയും ആന ചരിഞ്ഞപ്പോള്‍ പ്രതിഷേധവുമായി എത്തുകയും ചെയ്യുന്ന രോഹിത് ഉള്‍പ്പെടെയുള്ളവരുെട നിലപാടിനെ വിമര്‍ശിച്ചും ഒട്ടേറെ കമന്റുകളുണ്ട്. നേരത്തെ, ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി, ഇന്ത്യന്‍ താരം കെ.എല്‍. രാഹുല്‍, മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സന്‍ തുടങ്ങിയവരും ആനയോടുള്ള ക്രൂരതയെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.

തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറില്‍ മേയ് 27നാണ് 15 വയസ്സു പ്രായം വരുന്ന പിടിയാന ചരിഞ്ഞത്. മേയ് 25നാണ് ആനയെ വായ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. അതിനും ഒരാഴ്ച മുമ്പ് പരുക്കേറ്റതായാണ് ഫോറസ്റ്റ് സര്‍ജന്‍ അറിയിച്ചത്. വായിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. ഈച്ചകളും മറ്റും അരിക്കുന്നത് ഒഴിവാക്കാന്‍ വെള്ളത്തിലിറങ്ങി വായ താഴ്ത്തി നില്‍ക്കുന്ന നിലയിലാണ് കണ്ടെത്തയത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആനയെ രക്ഷപെടുത്തുന്നതിന് രണ്ട ്കുങ്കിയാനകളെ കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും വിഫലമായി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആന ഗര്‍ഭിണിയായിരുന്നു എന്ന് കണ്ടെത്തിയത് എല്ലാവരെയും സങ്കടത്തിലാഴ്ത്തി.

Follow us- pathram online

pathram:
Related Post
Leave a Comment