തിരുവനന്തപൂരം: കഠിനംകുളത്ത് ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഡിജിപിയോടാവശ്യപ്പെട്ടു. മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്ന സംഭവമാണ് കഠിനംകുളത്ത് നടന്നതെന്ന് മന്ത്രി പറഞ്ഞു. കുട്ടിയുടെ മുമ്പില്‍ വച്ചാണ് ക്രൂരത നടന്നതെന്നാണ് പറയുന്നത്. സ്വന്തം ഭര്‍ത്താവിന്റെ അടുത്ത് പോലും സ്ത്രീ സുരക്ഷിതമല്ലെന്ന അവസ്ഥയുണ്ടാകാന്‍ പാടില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അത്തരക്കാര്‍ക്ക് കഠിന ശിക്ഷ ഉറപ്പുവരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
കേസില്‍ അഞ്ച് പ്രതികളെയും ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈകീട്ടോടെ അറസ്റ്റും രേഖപ്പെടുത്തി. നാളെ കോടതിയില്‍ ഹാജരാക്കും.
കഠിനംകുളത്തിന് സമീപം വെട്ടുതുറയിലെ സുഹൃത്ത് രാജന്റെ വീട്ടില്‍ പോകാമെന്ന് പറഞ്ഞാണ് യുവതിയെ ഭര്‍ത്താവ് അന്‍സാര്‍ കൊണ്ടുവന്നത്. രാജന്റെ വീട്ടില്‍ മന്‍സൂര്‍, അക്ബര്‍ ഷാ, അര്‍ഷാദ്, നൗഫല്‍ എന്നിവര്‍ മദ്യപിച്ചിരിക്കുകയായിരുന്നു. യുവതിക്ക് ഭര്‍ത്താവ് ബലമായി മദ്യം നല്‍കിയ ശേഷം സുഹൃത്തുക്കള്‍ക്ക് ബലാത്സംഗം ചെയ്യാന്‍ അവസരമൊരുക്കിയെന്നാണ് മൊഴി. രക്ഷപ്പെട്ട യുവതിയെ പുറത്തുള്ള ഓട്ടോറിക്ഷയില്‍ വലിച്ചുകയറ്റി. ചാന്നാങ്കര പത്തേക്കര്‍ എന്ന സ്ഥലത്തെ വിജനമായ പറമ്പിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നും യുവതി ട്വന്റിഫോറിനോട് പറഞ്ഞു.
അവശനിലയില്‍ ഉപേക്ഷിച്ച യുവതിയെ അതുവഴി വന്നവരാണ് വീട്ടിലെത്തിച്ചത്. ഭര്‍ത്താവ് അന്‍സാറിന് പുറമേ മന്‍സൂര്‍, അക്ബര്‍ ഷാ, അര്‍ഷാദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പള്ളിപ്പുറം സ്വദേശി നൗഫലിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. മുന്‍പും മകളെ അന്‍സാര്‍ ഉപദ്രവിക്കുമായിരുന്നെന്ന് യുവതിയുടെ അമ്മ പറഞ്ഞു.
നേരത്തെ കഞ്ചാവ് കേസുകളിലും വാഹനം വാടകക്ക് എടുത്ത് മുങ്ങിയ കേസിലുമൊക്കെ അന്‍സാര്‍ പ്രതിയാണ്. ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് പല തവണ യുവതി സ്വന്തം വീട്ടില്‍ അഭയം തേടിയിട്ടുണ്ട്. കുട്ടിയുടെ സാന്നിധ്യത്തില്‍ അതിക്രമം നടത്തിയതിന് പോക്സോ പ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുക്കും.
Follow us- pathram online
Leave a Comment