ഒരു ഘട്ടത്തില്‍ ബാല്‍ക്കണിയില്‍നിന്ന് ചാടി ജീവനൊടുക്കുന്നതനെക്കുറിച്ച് ചിന്തിച്ചിരുന്നതായി വെളിപ്പെടുത്തി റോബിന്‍ ഉത്തപ്പ

ന്യൂഡല്‍ഹി: ഒരു ഘട്ടത്തില്‍ ബാല്‍ക്കണിയില്‍നിന്ന് ചാടി ജീവനൊടുക്കുന്നതനെക്കുറിച്ച് ചിന്തിച്ചിരുന്നതായി വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ. കടുത്ത വിഷാദരോഗം ബാധിച്ച് ജീവിതത്തോടു തന്നെ മടുപ്പു തോന്നിയ സന്ദര്‍ഭത്തെക്കുറിച്ച് റോയല്‍ രാജസ്ഥാന്‍ ഫൗണ്ടേഷന്റെ ‘മൈന്‍ഡ്, ബോഡി ആന്‍ഡ് സോള്‍’ എന്ന ലൈവ് ചാറ്റ് ഷോയിലാണ് ഉത്തപ്പ മനസ്സു തുറന്നത്. ഈ ഐപിഎല്‍ സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ മൂന്നു കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ഉത്തപ്പയെ ടീമിലെടുത്തിരുന്നു. എന്നാല്‍, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ നീട്ടിവച്ചതോടെ രാജസ്ഥാനു വേണ്ടി കളിക്കാനുള്ള ഉത്തപ്പയുടെ കാത്തിരിക്കും നീളുകയാണ്.

പ്രഥമ ട്വന്റി20 ലോകകപ്പില്‍ കിരീടം ചൂടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ഉത്തപ്പ, ദേശീയ ജഴ്‌സിയില്‍ 46 ഏകദിനങ്ങളും 13 ട്വന്റി20 മത്സരങ്ങളിലും കളിച്ചു. ഇതുവരെ വിരമിച്ചിട്ടില്ലെങ്കിലും 2015നുശേഷം ദേശീയ ടീം ജഴ്‌സിയണിയാന്‍ ഉത്തപ്പയ്ക്ക് അവസരം ലഭിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ നിലവില്‍ കേരളത്തിനു കളിക്കുന്ന മുപ്പത്തിനാലുകാരനായ ഉത്തപ്പ, കഴിഞ്ഞ സീസണില്‍ കേരള നായകനുമായി.

‘2009–2011 കാലഘട്ടത്തിലാണ് വിഷാദരോഗം എന്നെ കഠിനമായി വലച്ചത്. എല്ലാ ദിവസവും തന്നെ അതിന്റെ വിഷമതകള്‍ എന്നെ അലട്ടിയിരുന്നു. അക്കാലത്ത് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിച്ചിരുന്നില്ല. എന്നെ സംബന്ധിച്ച് വിദൂരതയിലുള്ള എന്തോ ഒന്നായിരുന്നു ക്രിക്കറ്റ്. ഈ ദിവസം എങ്ങനെ പൂര്‍ത്തിയാക്കും എന്നായിരുന്നു അന്ന് എന്റെ ചിന്ത. ഒരു ദിവസത്തില്‍നിന്ന് അടുത്ത ദിവസത്തിലേക്കുള്ള പ്രയാണം അതികഠിനമായിരുന്നു’ – ഉത്തപ്പ വെളിപ്പെടുത്തി.

‘എന്റെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. എങ്ങോട്ടാണ് ഈ പോക്കെന്നും നിശ്ചയമില്ല. മത്സരങ്ങളുള്ള സമയത്ത് ആശ്വാസം ലഭിച്ചിരുന്നെങ്കിലും കളിയില്ലാത്ത ദിവസങ്ങളിലും സീസണല്ലാത്ത സമയത്തും ജീവിതം ദുരിതമയമായിരുന്നു. ഓരോ ദിവസവും എന്നെക്കുറിച്ചുതന്നെ ചിന്തിച്ചാണ് കഴിച്ചുകൂട്ടിയിരുന്നത്. ബാല്‍ക്കണിയില്‍ ഇരിക്കുമ്പോള്‍ ഒന്നു മുതല്‍ മൂന്നു വരെ എണ്ണിയശേഷം താഴേക്ക് എടുത്തുചാടിയാലോ എന്നു തോന്നും. എന്നിട്ടും എന്തോ ഒന്ന് എന്നെ അതില്‍നിന്ന് തടഞ്ഞു’ – ഉത്തപ്പ പറഞ്ഞു.

മുന്നോട്ടുള്ള ജീവിതം കഠിനമായതോടെയാണ് ഡയറി എഴുതുന്ന ശീലത്തിലേക്ക് കടന്നതായി ഉത്തപ്പ വെളിപ്പെടുത്തി. സ്വയം മനസ്സിലാക്കാനായിരുന്നു ശ്രമം. ഇതിന് വിദഗ്ധരായ വ്യക്തികളുടെ സഹായവും തേടി. അക്കാലത്ത് നെറ്റ്‌സില്‍ എത്ര കഠിനമായി പരിശീലിച്ചാലും റണ്‍സ് നേടാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഉത്തപ്പ ഓര്‍ത്തെടുത്തു. ഫോം വീണ്ടെടുക്കാന്‍ മണിക്കൂറുകളോളം ഞാന്‍ നെറ്റ്‌സില്‍ പരിശീലിച്ചിരുന്നു. പക്ഷേ, ഗുണമുണ്ടായില്ല. എനിക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് അംഗീകരിക്കാന്‍ എന്റെ തന്നെ ചില ഭാഗങ്ങള്‍ വിസമ്മതിച്ചുകൊണ്ടിരുന്നു. ചില സമയത്ത് പ്രശ്‌നങ്ങളുള്ളതായി സ്വയം അംഗീകരിക്കാന്‍ നമുക്കു കഴിയാറില്ല. ഇത്തരം ഘട്ടങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അംഗീകരിക്കുകയും പരിഹരിക്കുകയും ചെയ്യുകയാണ് പ്രധാനമെന്നതാണ് വസ്തുത’ – ഉത്തപ്പ ചൂണ്ടിക്കാട്ടി.

Follow us- pathram online latest news

pathram:
Related Post
Leave a Comment