കോവിഡ് രോഗികളുടെ യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നില്ലെന്ന് രേഖകള്‍…സംസ്ഥാനത്താകെ കണക്കുകള്‍ മാറ്റിമറിക്കുന്നുവെന്ന ആരോപണത്തിനിടെ രണ്ട് ദിവസത്തെ രേഖകളാണ് പുറത്ത് വന്നത്

തിരുവനന്തപുരം : കോവിഡ് ബാധിതരെക്കുറിച്ചുള്ള ലാബ് റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരിന്റെ കണക്കുമായി പൊരുത്തപ്പെടുന്നില്ലെന്നു രേഖകള്‍. സംസ്ഥാനത്താകെ കണക്കുകള്‍ മാറ്റിമറിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണു തിരുവനന്തപുരം ജില്ലയിലെ 2 ദിവസത്തെ രേഖ പുറത്തായത്. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ എന്‍.ഖോബ്രഗഡെയ്ക്ക് 23 നും 24 നും ലഭിച്ച തിരുവനന്തപുരം ജില്ലയിലെ ലാബ് റിപ്പോര്‍ട്ടുകള്‍ അന്നേ ദിവസത്തെ സര്‍ക്കാര്‍ കണക്കില്‍ ഉള്‍പ്പെട്ടില്ല. ഇത് ഉള്‍പ്പെട്ടത് ദിവസങ്ങള്‍ കഴിഞ്ഞ്.

23 ന് 9 പേര്‍ക്കു കോവിഡ് പോസിറ്റീവ് ആണെന്നാണു മെഡിക്കല്‍ കോളജിലെ ലാബ് റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്ന് എത്തിയ കിളിമാനൂര്‍ മടവൂര്‍ സ്വദേശികളായ 4 പേര്‍ ഉള്‍പ്പെടെയാണിത്. എന്നാല്‍ 23 നു സംസ്ഥാനത്ത് 62 പേര്‍ക്കു കോവിഡ് ബാധിച്ചെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി നല്‍കിയ പട്ടികയില്‍ തിരുവനന്തപുരത്തു രോഗികളേയില്ല.

പരിശോധനയില്‍ 24 ന് 9 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. അന്നു സംസ്ഥാനത്ത് ആകെ 53 രോഗികള്‍; തിരുവനന്തപുരത്തു 12 രോഗികള്‍. 23 ലെ രോഗികളില്‍ നിന്നു 3 പേര്‍ ഈ പട്ടികയില്‍ ഇടംകണ്ടു. മടവൂര്‍ സ്വദേശികളില്‍ 3 പേരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സമയത്ത് ആരോഗ്യ വകുപ്പ് വെബ്‌സൈറ്റ് 4 പേരും രോഗബാധിതരാണെന്നു വെളിപ്പെടുത്തി. 23 ലെ ലാബ് റിപ്പോര്‍ട്ടിലുള്ള ബാക്കി 5 പേരുടെ കാര്യം അപ്പോഴും പുറത്തുവിട്ടില്ല.

കേരളത്തിലെ കോവിഡ് പ്രതിരോധത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രി വി.മുരളീധരന്‍, രോഗികളുടെ യഥാര്‍ഥ കണക്കു പുറത്തുവിടുന്നില്ലെന്ന് 27ന് ആരോപിച്ചിരുന്നു. 28 നു മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 7 രോഗികള്‍ ഉണ്ടെന്നാണ് അറിയിച്ചത്. ഇതിലെ 4 പേര്‍ 23 ലെ പട്ടികയില്‍ ഉള്‍പ്പെടേണ്ടവരായിരുന്നു.

Follow us _ pathram online

pathram:
Leave a Comment