കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 577 ആയിട്ടും പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് എന്തുകൊണ്ടാണ്? ആശ്വാസം പകരുന്ന കണക്കുകളാണ് അതിനുള്ള ഉത്തരമായി അദ്ദേഹം വ്യക്തമാക്കുന്നത്. മേയ് ഏഴിനാണ് ലോക്ഡൗണിനു ശേഷം കേരളത്തിലേക്ക് പ്രവാസികളുടെ ആദ്യ സംഘവുമായി വിമാനമെത്തുന്നത്. മേയ് എട്ടിന് അതുവരെയുണ്ടായതില്‍ ഏറ്റവും കുറഞ്ഞ സജീവ കോവിഡ് രോഗികളുടെ എണ്ണവും കേരളം രേഖപ്പെടുത്തി– 16 പേര്‍.
മേയ് 12ന് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളും ആരംഭിച്ചു. അതിര്‍ത്തി വഴി മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള മലയാളികളുടെ വരവ് മേയ് 4നു തന്നെ ആരംഭിച്ചിരുന്നു. മേയ് 29 വരെ 1,33,249 പ്രവാസി മലയാളികളാണ് കേരളത്തില്‍ തിരിച്ചെത്തിയത്. അതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 1,16,775 പേരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 16,474 പേരും ഉള്‍പ്പെടും. ഇവരില്‍ 73,421 പേര്‍ വന്നത് റെഡ്‌സോണുകളില്‍ നിന്നാണ്.
മേയ് എട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ 29ന് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. എന്നാല്‍ ഇതിലേറെയും കേരളത്തിനു പുറത്തുനിന്നു വന്ന കോവിഡ് കേസുകളാണ്. സമ്പര്‍ക്കം വഴിയുള്ള കോവിഡ് കേസുകള്‍ കേരളത്തില്‍ കുറവാണെന്ന് കണക്കുകള്‍തന്നെ സ്ഥിരീകരിക്കുന്നു. മേയ് 10 മുതല്‍ 23 വരെയുള്ള കണക്കുനോക്കിയാല്‍ 289 പുതിയ കോവിഡ് കേസുകളില്‍ 38 എണ്ണമാണ് സമ്പര്‍ക്കം വഴി വന്നത്. മെയ് 10 മുതല്‍ രേഖപ്പെടുത്തിയ 644 കേസില്‍ 65 ആണ് സമ്പര്‍ക്കം. അതായത് ആകെ കേസുകളുടെ 10.09%. ഇപ്പോഴുള്ള 557 സജീവ കേസുകളില്‍ സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായത് 45 പേര്‍ക്കും.
851 കൊറോണ കെയര്‍ സെന്ററുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ വല്ലാതെ പരിഭ്രമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ രോഗം ബാധിച്ചവരില്‍നിന്ന് മറ്റ് ആളുകളിലേക്ക് പടരാതിരിക്കാന്‍ അതീവ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. സമ്പര്‍ക്ക രോഗവ്യാപനം വര്‍ധിച്ചാല്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ പോരാതെ വരും. ഈ സാഹചര്യത്തില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്നുണ്ടോയെന്നു കണ്ടെത്താന്‍ കേരളം ടെസ്റ്റുകളുടെ എണ്ണവും വര്‍ധിപ്പിക്കുകയാണ്.
ഐസിഎംആര്‍ നിഷ്‌കര്‍ഷിച്ച വിധത്തില്‍ കോവിഡ് ടെസ്റ്റ് വേണ്ട എല്ലാ ആളുകളെയും കേരളത്തില്‍ പരിശോധിക്കുന്നുണ്ട്. പരിശോധന സംബന്ധിച്ച് കൃത്യമായ പദ്ധതി സംസ്ഥാനം തയാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. കേരളത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 1.7 ശതമാനമാണ്. അതായത് 100 ടെസ്റ്റ് നടത്തുമ്പോള്‍ 1.7 ആളുകള്‍ക്കാണ് പോസിറ്റീവാകുന്നത്. ഇന്ത്യയുടെ ടിപിആര്‍ 100 ടെസ്റ്റില്‍ 5 ആള്‍ക്കെന്നെ കണക്കിലാണ്. ചൈനയ്ക്കു ശേഷം ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ദക്ഷിണ കൊറിയ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ടിപിആര്‍ രണ്ട് ശതമാനത്തില്‍ താഴെയെത്തിച്ചത്. കേരളം ആ നിലവാരം കൈവരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് (സിഎഫ്ആര്‍) 0.5 ശതമാനമാണ്. സിഎഫ്ആറും ടിപിആറും ഉയര്‍ന്ന നിരക്കിലാകുന്നതിനര്‍ഥം ആവശ്യത്തിന് പരിശോധനകള്‍ ഇല്ല എന്നാണ്. സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയിലൂടെ അതിഥി തൊഴിലാളികള്‍, രോഗലക്ഷണങ്ങളില്ലാത്ത പ്രവാസികള്‍, രോഗം സ്ഥിരീകരിച്ച വ്യക്തികളോടൊപ്പം വിമാനത്തിലോ, കപ്പലിലോ, ട്രെയിനിലോ യാത്ര ചെയ്തവര്‍, സംസ്ഥാനത്തിന് പുറത്തുള്ള റെഡ്‌സോണ്‍ പ്രദേശങ്ങളില്‍നിന്നു മടങ്ങിയെത്തിയവര്‍ തുടങ്ങി സംശയമുള്ളവരുടെയും സമൂഹത്തില്‍ കൂടുതല്‍ ഇടപഴകുന്നവരുടെയും സാംപിളുകള്‍ ശേഖരിച്ചു പരിശോധിക്കുന്നത് തുടരുകയാണ്. ഇതുവഴി നാലു പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
കേരളത്തിലെ 10 ലക്ഷം ജനങ്ങളെയെടുത്താല്‍ അവരില്‍ 2335 എന്ന കണക്കിന് കോവിഡ് പരിശോധന നടത്തുന്നുണ്ട്. കേരളത്തില്‍ 71 പരിശോധന നടത്തുമ്പോഴാണ് ഒരാളെ പോസിറ്റീവായി കണ്ടെത്തുന്നത്. രാജ്യത്തിന്റെ ശരാശരി എടുത്താല്‍ ഈ തോത് 23 ടെസ്റ്റുകളില്‍ ഒന്ന് എന്ന നിലയിലാണ്. അതായത് അഖിലേന്ത്യാ ശരാശരിയുടെ മൂന്നിരട്ടിയാണ് കേരളത്തിലെ ടെസ്റ്റിന്റെ തോത്.
തിരിച്ചെത്തിയ പ്രവാസികളുടെ സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയില്‍ 29 പേര്‍ക്ക് ഫലം പോസിറ്റീവായി. കേരളത്തില്‍ 28 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയേറ്റിട്ടുണ്ട്. ഇവരില്‍ ആശുപത്രിയില്‍ രോഗീപരിചരണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും പൊതുജനാരോഗ്യ പ്രവര്‍ത്തകരും (ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ) ഉണ്ട്. എല്ലാവരും കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവരാണ്. ഈ കണക്കുകള്‍ വച്ചാണ് സംസ്ഥാനത്ത് സമൂഹവ്യാപനം ഇല്ല എന്ന് പറയാനാവുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ സംസ്ഥാനത്തിന്റെ ശരാശരിയേക്കാള്‍ കൂടുതലായി രോഗബാധയുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് 10 ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണ്. ജില്ലയില്‍ നിലവിലുള്ള 93 രോഗികളില്‍ 19 പേര്‍ക്കും കോവിഡ് സമ്പര്‍ക്കത്തിലൂടെ വന്നതാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും. രോഗവ്യാപനം അധികമായി വരുന്ന സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
Follow us on patham online news
Leave a Comment