വാട്സാപ്പിൽ പുതിയൊരു തട്ടിപ്പ് രംഗപ്രവേശം ചെയ്തിട്ടുണ്ടെന്നാണ് വാബീറ്റാ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. സന്ദേശങ്ങളിലൂടെ വാട്സാപ്പിന്റെ ടെക്നിക്കൽ ടീം എന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഉപയോക്താക്കളെ സമീപിക്കുന്നത്. വാട്സാപ്പ് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിനാണെന്ന് പറഞ്ഞ് ഒരു ആറക്ക വെരിഫിക്കേഷൻ കോഡ് ഇവർ ചോദിക്കുകയും ചെയ്യുന്നു. വാട്സാപ്പിന്റെ ലോഗോയാണ് തട്ടിപ്പുകാർ പ്രൊഫൈൽ പിക്ചർ ആയി ഉപയോഗിക്കുന്നത്.
എന്നാൽ വാട്സാപ്പ് ഈ രീതിയിൽ ഒരിക്കലും ഉപയോക്താക്കളെ സമീപിക്കില്ല. അങ്ങനെ സംഭവിക്കുകയാണെങ്കിൽ പ്രൊഫൈൽ ചിത്രത്തിന് സമീപം ഒരു പച്ച നിറത്തിലുള്ള വെരിഫിക്കേഷൻ ടിക്ക് കാണാൻ സാധിക്കും. എങ്കിലും വെരിഫിക്കേഷൻ കോഡ് ചോദിച്ചുകൊണ്ട് വാട്സാപ്പ് ഒരിക്കലും നിങ്ങളെ സമീപിക്കില്ല.
ഉപയോക്താക്കളുടെ വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം. വെരിഫിക്കേഷൻ കോഡ് നൽകിയാൽ അക്കൗണ്ട് ഹാക്കർമാരുടെ നിയന്ത്രണത്തിലാവും. നിയമവിരുദ്ധ സന്ദേശങ്ങൾ അയക്കാനും ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കാനും ഹാക്കർമാർക്ക് സാധിക്കും.
അക്കൗണ്ടിൽ ഹാക്കർമാർ ലോഗിൻ ചെയ്താൽ നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണിൽനിന്നു വാട്സാപ്പ് ലോഗ് ഔട്ട് ആവും. അങ്ങനെ സംഭവിച്ചാൽ അതിവേഗം റീ വെരിഫൈ ചെയ്ത് അക്കൗണ്ട് തിരികെ എടുക്കാൻ ശ്രമിക്കണം. മുൻകരുതലെന്നോണം. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം എല്ലാവരേയും അറിയിക്കണം.