ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

റായ്പുര്‍ : ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് (ജെ) നേതാവുമായ അജിത് ജോഗി (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളര്‍ന്നുവീണ ജോഗിയെ ഈമാസം ഒന്‍പതിനാണ് ശ്രീനാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയോടു ശരീരം പ്രതികരിച്ചിരുന്നില്ല. ശ്വാസതടസ്സമുള്ളതിനാല്‍ തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്തുന്നതു തടസ്സപ്പെട്ടിരുന്നു. നിലവില്‍ മര്‍വാഹി മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. ഭാര്യ: ഡോ. േരണു. മകന്‍: അമിത് ജോഗി. മരുമകള്‍: റിച്ച.

ഛത്തീസ്ഗഡ് കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്നു അജിത് ജോഗി. ഐഎഎസില്‍ നിന്നു രാജിവച്ചാണ് കോണ്‍ഗ്രസ് അംഗമായി രാജ്യസഭയിലെത്തിയത്. ജില്ലാ കലക്ടറെന്ന നിലയിലുള്ള മിടുക്ക് കണ്ടു രാജീവ് ഗാന്ധിയാണ് രാഷ്ട്രീയത്തിലെത്തിച്ചത്. സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ഛത്തീസ്ഗഡിലെ ആദ്യ മുഖ്യമന്ത്രിയായി. 2016 ല്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു. അപകടം മൂലം വര്‍ഷങ്ങളായി ചക്രക്കസേരയില്‍ ഇരുന്നായിരുന്നു പൊതുപ്രവര്‍ത്തനം. സംസ്ഥാനം രൂപീകരിച്ച ശേഷമുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസിനെ നയിച്ച ജോഗി ‘ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ്’ എന്ന സ്വന്തം പാര്‍ട്ടിയുമായാണു കഴിഞ്ഞതവണ രംഗത്തിറങ്ങിയത്.

നാടകീയതകള്‍ ധാരാളമുള്ളതാണു ജോഗിയുടെ ജീവിതം. നെഹ്‌റു–ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തി. ഛത്തീസ്ഗഡ് രൂപീകരിച്ചപ്പോള്‍ ആദ്യ മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന് വേറൊരാളെ അന്വേഷിക്കേണ്ടതില്ലായിരുന്നു. തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയ മുഖ്യമന്ത്രി വളരെപ്പെട്ടെന്നു വിവാദങ്ങളുടെ ചുഴിയില്‍പ്പെട്ടു. അനധികൃത സ്വത്തുസമ്പാദനം മുതല്‍ മോഷണവും കൊലപാതകവും വരെ ആരോപണങ്ങളായി. ബിജെപി എംഎല്‍എമാരെ വിലയ്ക്കു വാങ്ങാന്‍ ശ്രമിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് 2003 ല്‍ പാര്‍ട്ടി പുറത്താക്കി. പിന്നീട് തിരിച്ചെടുത്ത് 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടുമൊരവസരം നല്‍കി. അപ്പോഴായിരുന്നു വിധിനിര്‍ണായകമായ അപകടം.

തിരഞ്ഞെടുപ്പു പ്രചാണത്തിനിടെയുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായപ്പോള്‍ പുറത്തു കാത്തുനിന്നവരില്‍ സോണിയ ഗാന്ധിയുമുണ്ടായിരുന്നു. 2016 ല്‍ മകന്‍ അമിത് ജോഗിയെ സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണു ജോഗി കോണ്‍ഗ്രസ് വിട്ടത്. ബിജെപി സ്ഥാനാര്‍ഥിയുടെ ജയത്തിനായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ ജോഗിയും മകനും ശ്രമം നടത്തിയെന്ന ഓഡിയോ പുറത്തായതിനെ തുടര്‍ന്നായിരുന്നു ഇത്. പക്ഷേ കോണ്‍ഗ്രസിനെ എതിര്‍ക്കും, ഗാന്ധി കുടുംബത്തിനെതിരെ ഒരക്ഷരം മിണ്ടില്ല എന്നായിരുന്നു അജിത് ജോഗിയുടെ പ്രഖ്യാപിത നയം.

ചക്രക്കസേരയില്‍ സംസ്ഥാനം മുഴുവന്‍ പര്യടനം നടത്തിയ അദ്ദേഹം റാലികളുടെയും യോഗങ്ങളുടെയും എണ്ണത്തില്‍ റെക്കോര്‍ഡിട്ടു. 2018 ല്‍ മായാവതിയുടെ ബിഎസ്പിയുമായും സിപിഐയുമായും സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ജോഗിക്ക് പക്ഷേ പ്രതീക്ഷിച്ചതുപോലെ അധികാരത്തിലെത്താനായില്ല. മര്‍വാഹി സംവരണ മണ്ഡലത്തില്‍നിന്ന് അജിത് ജോഗിയും കോട്ട മണ്ഡലത്തില്‍ നിന്ന് ഭാര്യ രേണുവും വിജയിച്ചു. ജോഗി വേറെ പാര്‍ട്ടിയുണ്ടാക്കിയശേഷവും േരണു കോണ്‍ഗ്രസ് എംഎല്‍എയായി തുടരുകയായിരുന്നു. 2018 ല്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാതിരുന്നതോടെ പാര്‍ട്ടിവിട്ട രേണു ഭര്‍ത്താവിന്റെ പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. ചെന്നൈയിലെ വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ രേണു, ജോഗിയുടെ നാട്ടില്‍ ഗ്രാമീണ സേവനത്തിനെത്തിയപ്പോഴാണ് കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും പിന്നീടു വിവാഹം കഴിച്ചതും.

‘രാഷ്ട്രീയ വൈവിധ്യ’മായിരുന്നു ജോഗി കുടുംബത്തിന്റെ പ്രത്യേകത. ജോഗിയും മകന്‍ അമിത്തും ജെസിസിയില്‍. എംഎല്‍എ കൂടിയായ ഭാര്യ രേണു ജോഗി കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു. 2018 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് രേണു ജോഗിയുടെ പാര്‍ട്ടിയിലെത്തിയത്. കോട്ടയില്‍ മല്‍സരിച്ചു ജയിക്കുകയും ചെയ്തു. അമിത്തിന്റെ ഭാര്യ റിച്ച ബിഎസ്പി എംഎല്‍എയാണ്.

ജോഗി പട്ടിക വര്‍ഗക്കാരനല്ലെന്ന കോണ്‍ഗ്രസ് ആരോപണത്തെ തുടര്‍ന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി ആരോപണം ശരിയാണെന്നും കണ്ടെത്തി. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചുവെന്ന കുറ്റം ചുമത്തി ജോഗിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും എസ്ടി എന്നു സാക്ഷ്യപ്പെടുത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ സമിതി റദ്ദാക്കുകയും ചെയ്തു. പട്ടികവര്‍ഗത്തില്‍ പെട്ട കന്‍വര്‍ സമുദായാംഗമാണെന്ന ജോഗിയുടെ വാദം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു ഉന്നതതല സമിതി കണ്ടെത്തിയത്.

എന്നാല്‍ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഗൂഢാലോചനയാണിതെന്നും 1986 വരെ താന്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ ഇക്കാര്യം ആരും ഉന്നയിച്ചിട്ടില്ലെന്നുമായിരുന്നു ജോഗിയുടെ വാദം. ഐഎഎസില്‍ നിന്നു രാജിവച്ച് കോണ്‍ഗ്രസ് അംഗമായി രാജ്യസഭയിലെത്തിയതു മുതലാണ് ജാതിയുടെ പേരില്‍ പ്രശ്‌നമുണ്ടാക്കിയത്. .2001 ല്‍ ബിജെപിയാണ് ആദ്യം ഈ പ്രശ്‌നം കോടതിയില്‍ എത്തിച്ചത്. ജോഗി പാര്‍ട്ടി വിട്ടതിനു പിന്നാലെ കോണ്‍ഗ്രസും ആരോപണം ഏറ്റുപിടിക്കുകയായിരുന്നു.

Similar Articles

Comments

Advertisment

Most Popular

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(28) 38 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 137 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 31 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • മറ്റ്...

കോഴിക്കോട് ‍ജില്ലയില് ഇന്ന് 918 പേര്‍ക്ക് കോവിഡ്

രോഗമുക്തി 645 ജില്ലയില്‍ ഇന്ന് 918 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5...

കോഴിക്കോട് സ്ഥിതി അതീവഗുരുതരം; ഇന്ന് രോഗം ബാധിച്ചത് 918 പേർക്ക്; എറണാകുളം രണ്ടാമത്.

കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249,...