ലോക്ഡൗണ്‍ ഇനിയും നീട്ടരുത്; സ്‌കൂള്‍, കോളജ്, സിനിമാ തിയറ്റര്‍, ആരാധനാലയങ്ങള്‍ എന്നിവ തുറക്കരുതെന്ന് ശുപാര്‍ശ

ന്യൂഡല്‍ഹി: കോവിഡ് ലോക്ഡൗണ്‍ ഇനിയും നീട്ടരുതെന്നു കേന്ദ്രസര്‍ക്കാര്‍ പാനലുകളുടെ ശുപാര്‍ശ. രോഗപ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന പാനലുകളാണ് ഇതു സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. അതിതീവ്ര മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മറ്റുള്ള സ്ഥലങ്ങള്‍ തുറന്നു കൊടുക്കണമെന്നു നിര്‍ദേശമാണ് വിദഗ്ധ പാനലുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

സ്‌കൂള്‍, കോളജ്, സിനിമാ തിയറ്റര്‍, ആരാധനാലയങ്ങള്‍ എന്നിവ അടച്ചിട്ട് മറ്റെല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കാമെന്നാണ് ഇവരുടെ അഭിപ്രായം. രാജ്യാന്തര യാത്രകള്‍ അനുവദിക്കുന്നത് ശുപാര്‍ശയിലില്ല. മാര്‍ച്ചില്‍ ആഭ്യന്തരമന്ത്രാലയം കോവിഡ് പ്രതിരോധത്തിനായി 11 സമിതികളാണു രൂപീകരിച്ചത്.

മെഡിക്കല്‍ എമര്‍ജന്‍സി ഗ്രൂപ്പിനു നേതൃത്വം നല്‍കുന്നത് നിതി ആയോഗ് അംഗം വിനോദ് പോള്‍ ആണ്. മെഡിക്കല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പരിസ്ഥിതി സെക്രട്ടറി സി.കെ. മിശ്രയുടെ നേതൃത്വത്തിലുള്ള പാനലാണ്. രാജ്യവ്യാപകമായ ലോക്ഡൗണ്‍ തുടരേണ്ടതില്ലെന്നാണ് ഈ രണ്ടു പാനലുകളും നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ രോഗികളുടെ എണ്ണം കൂടുന്ന സ്ഥലങ്ങളില്‍ കര്‍ശന നിരീക്ഷണവും പരിശോധനയും നടത്തണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മഹാമാരി സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങളും സമിതി പരിഗണിച്ചിട്ടുണ്ട്.ആദ്യഘട്ടത്തില്‍ തന്നെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു കൊണ്ട് ഇന്ത്യക്കു നേട്ടമുണ്ടായെന്ന് സമിതിയിലെ ഒരു അംഗം പറഞ്ഞു. മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞു. ഇനി സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിച്ചു മുന്നോട്ടു പോകേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.

Follow us on patham online news

pathram:
Leave a Comment