സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് ; 33 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 33 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 23 പേര്‍ക്ക് രോഗബാധയുണ്ടായി. തമിഴ്‌നാട് 10, മഹാരാഷ്ട്ര 10, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ് 1 വീതം. സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കും രോഗമുണ്ടായി. ജയിലില്‍ കഴിയുന്ന രണ്ട് പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമേ എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂവിലെ 2 പേര്‍ക്കും രോഗം വന്നു.

ഇന്ന് പോസിറ്റീവ് ആയ ആളുകള്‍ പാലക്കാട് 14, കണ്ണൂര്‍ 7, തൃശൂര്‍ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസര്‍കോട് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 2, കൊല്ലം 2, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതം. പത്തുപേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. വയനാട് 5, കോഴിക്കോട് 2, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് 1 വീതം. രോഗം സ്ഥിരീകരിച്ച് കോട്ടയത്ത് ചികില്‍സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

എം.പി.വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തിയാണു മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. രാഷ്ട്രീയമായി സോഷ്യലിസ്റ്റ് പക്ഷത്ത് എന്നും നില്‍ക്കാന്‍ നിഷ്‌കര്‍ഷ കാട്ടിയിട്ടുള്ള നേതാവാണ് അദ്ദേഹം. സാമ്രാജ്യത്വത്തിനും വര്‍ഗീയതയ്ക്കും എതിരായ നിലപാടുകളില്‍ അദ്ദേഹം അചഞ്ചലമായ നില കൈകൊണ്ടു. ഇതില്‍ വിട്ടുവീഴ്ച ചെയ്താല്‍ കിട്ടുമായിരുന്ന സ്ഥാനങ്ങള്‍ വേണ്ടെന്നു വച്ചു. സോഷ്യലിസ്റ്റ് പാരമ്പര്യം അച്ഛനില്‍നിന്നും ലഭിച്ചതാണ്. മാധ്യമ, സാഹിത്യ രംഗങ്ങളില്‍ അടക്കം പല മേഖലകളിലും വെളിച്ചം വീശിയ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഗാട്ടും കാണാച്ചരടും പോലുള്ള കൃതികളിലൂടെ സാമ്രാജ്യത്വത്തിന്റെ അധിനിവേശ നീക്കങ്ങളെ അദ്ദേഹം തുറന്നുകാട്ടി.

Follow us on patham online news

pathram:
Related Post
Leave a Comment