കോവിഡ് കേസുകള്‍ കൂടി ; വെഞ്ഞാറമൂട്ടിലും വാമനപുരത്തും സമൂഹ വ്യാപന സാധ്യതയെന്ന് സംശയം

തിരുവനന്തപുരം: അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച വെഞ്ഞാറമൂട്ടിലും അടുത്തുള്ള പ്രദേശമായ വാമനപുരത്തും രണ്ട് കോവിഡ് കേസുകള്‍ കൂടി ഇന്ന് സ്ഥിരീകരിച്ചു. വാമനപുരം ആനച്ചല്‍ സ്വദേശിക്കും പുല്ലമ്പാറ സ്വദേശിക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

രണ്ടുപേരും ക്രിമിനല്‍കേസിലെ പ്രതികളാണ്. ആദ്യം കോവിഡ് സ്ഥിരീകരിച്ച അബ്കാരി കേസിലെ പ്രതിയായ ദേവസ്വംബോര്‍ഡ് ജീവനക്കാരനുമായി ഇവര്‍ക്ക് ബന്ധമില്ല. ദേവസ്വം ജീവനക്കാരനോടൊപ്പം കാറില്‍ സഞ്ചരിച്ച രണ്ടുപേരുടെയും ഫലം നെഗറ്റീവാണ്. മൂന്നുപേര്‍ക്ക് രോഗം വന്നത് എങ്ങനെയെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. സമൂഹ വ്യാപന സാധ്യതയിലേക്കാണ് അധികൃതര്‍ വിരല്‍ചൂണ്ടുന്നത്.

വീടിനു തീയിടുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്തതിനാണ് വാമനപുരം സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കു വാറ്റ് ചാരായ വില്‍പനയും ഉണ്ടായിരുന്നു. 25ന് റിമാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി സ്രവം ശേഖരിച്ചപ്പോഴാണ് പോസിറ്റീവാണെന്ന് വ്യക്തമായത്. ഇയാള്‍ക്ക് രോഗം പകര്‍ന്നതെങ്ങനെയെന്ന് ഇതുവരെ മനസിലാക്കാനായിട്ടില്ല. ഒരാളെ വെട്ടിയതിനാണ് പുല്ലമ്പാറ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടിയത്. റിമാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി 26ന് സ്രവം പരിശോധിച്ചപ്പോള്‍ പോസിറ്റീവാകുകയായിരുന്നു. ഇയാള്‍ക്കും രോഗം വന്നതെങ്ങനെയെന്ന് വ്യക്തമല്ല.

ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ് വെഞ്ഞാറമൂട് മേഖലയില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത്. 22ന് ഇയാള്‍ സഞ്ചരിച്ച വാഹനം പൊലീസുകാരനെ ഇടിച്ചു. നിര്‍ത്താതെ പോയ വാഹനം നാട്ടുകാര്‍ പിടികൂടിയപ്പോള്‍ ഇയാളുള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന മൂന്നുപേര്‍ മദ്യലഹരിയിലായിരുന്നു. വാറ്റുചാരായവും വാഹനത്തില്‍നിന്ന് കണ്ടെടുത്തു.

റിമാന്‍ഡ് ചെയ്യുന്നതിനായി നെടുമങ്ങാട് മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചു. ജയിലെത്തിച്ച് നടത്തിയ കോവിഡ് പരിശോധനയിലാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ പോസിറ്റീവായത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. കടുത്ത മദ്യപാന ശീലമുള്ളയാളാണ് ദേവസ്വംബോര്‍ഡ് ജീവനക്കാരന്‍. ഇയാള്‍ മദ്യം വാങ്ങാനായി തമിഴ്‌നാട്ടില്‍ പോയിരുന്നതായി പൊലീസ് പറയുന്നു. 25 ബന്ധുക്കളുടെ വീടുകളിലും സന്ദര്‍ശനം നടത്തി.

ദേവസ്വം ബോര്‍ഡ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ അറസ്റ്റു ചെയ്ത പൊലീസുകാര്‍ ഉള്‍പ്പെടെ 32 പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനിലായി. മറ്റു സ്‌റ്റേഷനുകളിലെ പൊലീസുകാര്‍ക്കാണ് ഇപ്പോള്‍ വെഞ്ഞാറമൂട് സ്‌റ്റേഷന്‍ന്റെ ചുമതല. പൊലീസുകാരുമായി സഹകരിച്ച ഡി.കെ.മുരളി എംഎല്‍എയും നടന്‍ വെഞ്ഞാറമൂട് സുരാജും വീടുകളില്‍ ക്വാറന്റീനിലാണ്. ഇയാളെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റും ജയിലിലുണ്ടായിരുന്ന ജീവനക്കാരും ക്വാറന്റീനില്‍പോയി.

Follow us on patham online news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7