സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം റിപ്പോര്‍ട്ടു ചെയ്തു. തെലങ്കാന സ്വദേശിയാണ് മരണമടഞ്ഞത്. ഇദ്ദേഹം രാജസ്ഥാനിലുള്ള ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്തെത്തുകയായിരുന്നു.ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 5 പേര്‍ ഒഴികെ എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 31പേര്‍ വിദേശത്തുനിന്നും 48 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നു. 3 പേര്‍ക്ക് ഇന്ന് ഫലം നെഗറ്റീവായി.

കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം ഇടുക്കി ആലപ്പുഴ1 വീതം എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നവരാണ്. തമിഴ്‌നാട് 9, കര്‍ണാടക 3, ഗുജറാത്ത് 2, ഡല്‍ഹി 2 ആന്ധ 1. സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്ക് രോഗം വന്നു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1088 ആയി. 526 പേര്‍ ചികില്‍സയിലുണ്ട്. 115297പേര്‍ നിരീക്ഷണത്തിലുണ്ട്. 114305 പേര്‍ വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും നിരീക്ഷണത്തിലാണ്. 992 പേര്‍ ആശുപത്രികളില്‍ നീരീക്ഷണത്തിലുണ്ട്. ഇന്ന് 210 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 60685 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 58460 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

കോവിഡ് മഹാമാരിക്കെതിരെ ജനങ്ങളാകെ ഒത്തുചേര്‍ന്നാണു പൊരുതുന്നത്. വൊളന്റിയര്‍ സേനയിലെ അംഗങ്ങള്‍ സജീവമായി പങ്കാളികളാണ്. ജനങ്ങള്‍ക്ക് അവശ്യം മരുന്നുകള്‍ എത്തിക്കുക, ക്വാറന്റീനില്‍ ഉള്ളവരെ നിരീക്ഷിക്കുക, പൊലീസിനൊപ്പം പ്രവര്‍ത്തിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇവര്‍ സജീവമാണ്. 100 പേര്‍ക്കു ഒരു വൊളന്റിയര്‍ എന്ന നിലയില്‍ 3.40 ലക്ഷം സന്നദ്ധ സേനയാണ് ലക്ഷ്യമിട്ടത്. മിക്കവാറും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സാമൂഹിക സന്നദ്ധ സേനയുടെ സാന്നിധ്യമുണ്ട്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ദുരന്ത മേഖലകളില്‍ പൊലീസിനോടും ഫയര്‍ഫോഴ്‌സിനോടും ചേര്‍ന്നു ഇവര്‍ പ്രവര്‍ത്തിക്കും. ഇവര്‍ക്ക് മികച്ച പരിശീലനം നല്‍കും. ജൂണില്‍ 20,000 പേര്‍ക്കും ജൂലൈയില്‍ 80,000 പേര്‍ക്കും ഓഗസ്റ്റില്‍ 1 ലക്ഷം പേര്‍ക്കും പരിശീലനം നല്‍കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓണ്‍ലൈന്‍ ആയിട്ടാകും പരിശീലനം. ഞായറാഴ്ച ശുചീകരണത്തില്‍ മറ്റുള്ളവരോടൊപ്പം ഈ സേനയും ഉണ്ടാകും. പ്രളയത്തിലും മറ്റും ജനങ്ങളെ രക്ഷിക്കാനും സഹായം എത്തിക്കാനും യുവജനങ്ങള്‍ നടത്തിയ സേവനം ശ്രദ്ധിക്കപ്പെട്ടതാണ്. ഇതിന്റെ വെളിച്ചത്തിലാണ് സേന രൂപീകരിച്ചത്. സേവന തല്‍പരതയോടെ ഇതില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഏവരെയും സര്‍ക്കാരിനു വേണ്ടി അഭിവാദ്യം ചെയ്യുന്നുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ സന്നദ്ധ സേനയ്ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനാകുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും. വലിയ മാതൃകയാണ് ഈ സേന.

ചില സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കുത്തനെ കൂട്ടിയെന്നു പരാതിയുണ്ട്. വലിയ തുക ഫീസിനത്തില്‍ ഉയര്‍ത്തുകയും അത് അടച്ചതിന്റെ രസീതുമായി വന്നാലേ അടുത്ത വര്‍ഷത്തെ പുസ്തകങ്ങള്‍ നല്‍കൂ എന്നും ചില സ്‌കൂള്‍ പറയുന്നുണ്ട്. ഇതു ദുര്‍ഘട ഘട്ടമായതിനാല്‍ ഒരു സ്‌കൂളും ഫീസ് ഉയര്‍ത്തരുത്. പുതിയ സാഹചര്യത്തിന് അനുസരിച്ച് പഠനരീതിയില്‍ മാറ്റം വരുത്തുക എന്നതാണ് വിദ്യാഭ്യാസ മേഖലയില്‍ അടിയന്തരമായി വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിച്ച് കേരളത്തില്‍ മദ്യവിതരണം പുനരാരംഭിച്ചു. 2.25 ലക്ഷത്തോളം പേരാണ് ബെവ്ക്യൂ ആപ് വഴിയുള്ള സേവനം ആദ്യ ദിവസം ഉപയോഗപ്പെടുത്തിയത്. വെര്‍ച്വല്‍ ക്യൂ സംവിധാനം സങ്കേതിക തടസങ്ങള്‍ ഒഴിവാക്കി വരും ദിവസം കൂടുതല്‍ സമഗ്രമായി മുന്നോട്ടു പോകാനാകുമെന്ന് എക്‌സൈസ് അറിയിച്ചിട്ടുണ്ട്. ബെവ്ക്യൂ ആപ്പിന്റെ വ്യാജന്‍ ഇറങ്ങിയതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

ഗള്‍ഫില്‍നിന്ന് വന്നവര്‍ പുറത്തിറങ്ങുന്നതായി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്. ഇതു കര്‍ശനമായി പടരും. വ്യാജവാര്‍ത്ത ചമയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സൈബര്‍ ഡോമിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ കോവിഡ് പ്രതിരോധം വളരെ ശ്രദ്ധ നേടിയതാണ്. ഐസിഎംആറിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി അനുസരിക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് അംഗീകരിച്ചതാണ്. മറ്റുള്ളവരോട് കേരള മോഡല്‍ മാതൃകയാക്കണമെന്നും നിര്‍ദേശിച്ചു. ഇതെല്ലാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്. ആദ്യം ആലപ്പുഴയിലെ വൈറോളജി ലാബ് മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് 15 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 5 സ്വകാര്യ ലാബുകളിലും കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കി. ഇവയെല്ലാം ഐസിഎംആര്‍ അംഗീകരിച്ചതാണ്.

വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിരുന്നു. ഐസിഎംആര്‍ വഴി ലഭിച്ച കിറ്റുകള്‍ക്ക് ഗുണനിലവാരം ഉണ്ടായിരുന്നില്ല. അത് ഉപയോഗിക്കേണ്ട എന്ന് ഐസിഎംആര്‍ തന്നെ നിര്‍ദേശിച്ചു. ഇതോടെയാണ് വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്താന്‍ കഴിയാതിരുന്നത്. രോഗം പടരുന്നുണ്ടോ എന്നറിയാനാണ് സെന്റിനല്‍ സര്‍വൈലന്‍സ് ടെസ്റ്റ്. ഇങ്ങനെ നടത്തിയാണ് സമൂഹവ്യാപനം ഉണ്ടായില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തിയത്. എന്നാല്‍ നാളെ സമൂഹവ്യാപനം ഉണ്ടാകുകയേയില്ല എന്ന് ഉറപ്പ് പറയനാനാവില്ല. ഇന്നത്തെ നില സമൂഹവ്യാപനം ഇല്ല എന്നതാണ്.

ഈ രോഗം ആര്‍ക്കെങ്കിലും ഒളിച്ചു വയ്ക്കാന്‍ കഴിയില്ല. രോഗബാധിതര്‍ ചികിത്സിച്ചില്ലെങ്കില്‍ മരണത്തിനു കാരണമാകും. കേരളത്തില്‍ മരണനിരക്ക് കുറവാണ്. 0.5 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്. 2.89 ശതമാനമാണ് ദേശീയ നിരക്ക് എന്നോര്‍ക്കണം. രോഗമുക്തിയിലും കേരളം മുന്നിലാണ്. തെറ്റായ കണക്കുകളും വ്യാജ ആരോപണങ്ങളും ഉയര്‍ത്തി കേരളത്തിന്റെ മുന്നേറ്റത്തെ ഇകഴ്!ത്തിക്കാട്ടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കേരളത്തെ ഇതുവരെ അഭിനന്ദിക്കുക മാത്രമേ കേന്ദ്രം ചെയ്തിട്ടുള്ളൂ എന്ന് ആരോപണം ഉന്നയിക്കുന്നവര്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേയ് 30, ജൂണ്‍ 6 തീയതികളില്‍ പൊതു ഇടങ്ങളും മേയ് 31, ജൂണ്‍ 7 തീയതികളില്‍ വീടും പരിസരവും വൃത്തിയാക്കണം. പരമാവധി ജനങ്ങള്‍ ഇതില്‍ പങ്കാളികളാകണം. ജൂണ്‍ ആദ്യവാരം തന്നെ മണ്‍സൂണ്‍ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വരുന്ന 5 ദിവസവും മഴ ലഭിക്കും. പൊതുവെ മണ്‍സൂണില്‍ അധികമായി മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോയവര്‍ എത്രയും പെട്ടെന്ന് തിരിച്ചുവരികയോ സുരക്ഷിത തീരത്ത് എത്തുകയോ വേണം.– മുഖ്യമന്ത്രി പറഞ്ഞു.
Follow us on pathram online news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7