മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നു

തിരുവനന്തപുരം: എംപിമാരുടെയും എംഎല്‍എമാരുടെയും യോഗത്തിലേക്ക് കേന്ദ്രമന്ത്രി വി.മുരളീധരനെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി നേരിട്ട് ക്ഷണിച്ചിട്ടില്ലെന്ന് ബിജേപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വാട്‌സാപ്പില്‍ വീഡിയോ കോണ്‍ഫറന്‍സിന്റെ ലിങ്ക് അയച്ചെങ്കിലും മന്ത്രിക്ക് അതില്‍ കയറാനായില്ല. മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തിട്ടുമില്ല. മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാരിന് ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ ഫോണിലെങ്കിലും വിളിച്ച് സാന്നിധ്യം ഉറപ്പാക്കണമായിരുന്നു. വാസ്തവം ഇതായിരിക്കെ മുഖ്യമന്ത്രി പിണറായിവിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പച്ചക്കള്ളമാണ് പറഞ്ഞതെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വി.മുരളീധരന്‍ യോഗത്തില്‍ മുഴുവന്‍ സമയം പങ്കെടുത്തില്ലെന്ന് പറഞ്ഞ് വിമര്‍ശനമുന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വാട്‌സാപ്പില്‍ കത്തയച്ചാല്‍ കേന്ദ്രമന്ത്രി യോഗത്തിലെത്തണമെന്ന് ശഠിക്കരുത്.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ചേര്‍ന്ന നിലപാടല്ല പിണറായി വിജയന്‍ സ്വീകരിച്ചത്. മലയാളിയായ മന്ത്രി വി.മുരളീധരന്‍ കേരളത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ മനഃപ്പൂര്‍വ്വം ഇകഴ്ത്തിക്കാട്ടാനാണ് പിണറായി ശ്രമിക്കുന്നത്. പ്രവാസികളെ തിരികെ എത്തിക്കുന്നതില്‍ കേന്ദ്ര മന്ത്രി വി.മുരളീധരന്‍ സ്വീകരിക്കുന്ന നടപടികളാണ് കേരളത്തിന് ഇപ്പോള്‍ ആശ്വാസകരമാകുന്നത്.

എല്ലാം ഞങ്ങളാണ് ചെയ്തതെന്ന് സ്വയം പുകഴ്ത്തിപ്പറയുന്ന വിലകുറഞ്ഞ രാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടേത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ യോഗത്തിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച്, പങ്കെടുപ്പിക്കുന്നത് കേരളത്തിന്റെ താല്പര്യങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമായിരുന്നു. അതു ചെയ്യാതെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം പച്ചക്കള്ളം പറയുന്നത് ജനം മനസ്സിലാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര റെയില്‍വേമന്ത്രി പീയുഷ് ഗോയലിനെതിരായും മുഖ്യമന്ത്രിയുടെ പരാമര്‍ശനം വസ്തുതകള്‍ക്ക് നിരക്കാത്തതും വിലകുറഞ്ഞതുമാണ്. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കുന്നതിന് കേരളം താല്പര്യമെടുക്കാത്തത് അവരെല്ലാം ഇവിടെയെത്തിയാല്‍ മതിയായ സൗകര്യമൊരുക്കാന്‍ കഴിയില്ലെന്നതുകൊണ്ടാണ്.

എല്ലാം സജ്ജമെന്നു വീമ്പുപറഞ്ഞവര്‍ ഇപ്പോള്‍ എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയില്‍ പകച്ചു നില്‍ക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീവണ്ടി അനുവദിക്കുമ്പോള്‍ ഇപ്പോള്‍ തീവണ്ടി വേണ്ടെന്നാണ് സംസ്ഥാനം പറയുന്നത്. മറുനാട്ടില്‍ തൊഴിലെടുക്കുന്ന മലയാളികളെല്ലാം രോഗം കൊണ്ടുവരുന്നവരാണെന്ന പിണറായിയുടെ നിലപാട് ക്രൂരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Follow us on pathram online news

pathram desk 2:
Related Post
Leave a Comment