ദേശീയപാതകളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും ഇനി കേന്ദ്രം നേരിട്ട്…

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ദേശീയപാതകളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും ഇനി ദേശീയപാത അതോറിറ്റി നേരിട്ടുനടത്തും. ഇതുവരെ റോഡ്-ഗതാഗത, ദേശീയപാതാ മന്ത്രാലയം (മോര്‍ത്ത്) വഴി അനുവദിക്കുന്ന ഫണ്ടുപയോഗിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് അറ്റകുറ്റപ്പണി നടത്തിയിരുന്നത്. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനത്തോടെ പാതകളില്‍ സംസ്ഥാനത്തിന് ഉത്തരവാദിത്വമില്ലാതായി.

ദേശീയപാതകളുടെ റീച്ചുകള്‍ അടിയന്തരമായി അതോറിറ്റിക്ക് കൈമാറാനാണ് സംസ്ഥാനത്തിനുള്ള നിര്‍ദേശം. പരിപാലനത്തിനുള്‍പ്പെടെ പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുമോയെന്നാണ് സംസ്ഥാനത്തിന്റെ ആശങ്ക.

ഓരോ റീച്ചും നിര്‍മാണക്കമ്പനികളെ ഏല്‍പ്പിക്കാനും സാധ്യതയുണ്ട്. അങ്ങനെവന്നാല്‍ ചെലവ് ഈടാക്കാന്‍ പലയിടത്തും ടോള്‍ വരുമെന്നുറപ്പാണ്. ടോള്‍പിരിക്കാനുള്ള നീക്കം നടന്നപ്പോഴൊക്കെ സംസ്ഥാനം എതിര്‍ത്തിട്ടുണ്ട്.

അതോറിറ്റി താത്പര്യം കാട്ടിയാല്‍ പാതകള്‍ നന്നാക്കാന്‍ ചെലവിടുന്ന പണം ലാഭിക്കാമെന്നതാണ് സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടം. പക്ഷേ, സമയത്ത് റോഡ് നന്നാക്കുമോയെന്നാണ് ആശങ്ക.

കേരളത്തില്‍ നാലുപാതകള്‍ ആണ് ഉള്ളത്..

1. എന്‍.എച്ച്. 66 -കര്‍ണാടക അതിര്‍ത്തിമുതല്‍ തലപ്പാടി-തിരുവനന്തപുരം (കഴക്കൂട്ടം) വഴി തമിഴ്‌നാട് അതിര്‍ത്തിവരെയുള്ള പാത. 669 കിലോമീറ്റര്‍.

2. എന്‍.എച്ച്. 744 – കൊല്ലം-കോട്ടവാസല്‍ (തമിഴ്‌നാട് അതിര്‍ത്തിവരെ). 81 കിലോമീറ്റര്‍

3. എന്‍.എച്ച്.85 – കൊച്ചി- ബോഡിമെട്ട്. 167 കിലോമീറ്റര്‍

4. എന്‍.എച്ച്.966 – കോഴിക്കോട് -പാലക്കാട്. 125 കിലോമീറ്റര്‍

Similar Articles

Comments

Advertismentspot_img

Most Popular