കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ച രണ്ടു പേര്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താനാവാതെ ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടു പേര്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് ഇനിയും കണ്ടെത്താന്‍ സാധിച്ചില്ല. ധര്‍മ്മടം, അയ്യന്‍കുന്ന് സ്വദേശിനികളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ ആശുപത്രിയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യവും ഗൗരവമുള്ളതാണ്. ജില്ലയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഡിഎംഒ വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ധര്‍മ്മടം സ്വദേശിനിയായ 62കാരിക്ക് വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. കിടപ്പുരോഗിയായിരുന്ന ഇവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്‍പ്പെട്ട 68 പേരെ നിരീക്ഷണത്തിലാക്കി. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചു.

അയ്യന്‍കുന്ന് സ്വദേശിനിയായ ആദിവാസി യുവതിക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഇവര്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഇവര്‍ക്കും എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താനായിട്ടില്ല.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അനുവദിച്ച ഇളവുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടി വരുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേരും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്.

pathram:
Leave a Comment