ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആറു മുതല്‍ എട്ട് ആഴ്ചകള്‍ വരെ പരിശീലനം

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുന്നതിനു മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആറു മുതല്‍ എട്ട് ആഴ്ചകള്‍ വരെ പരിശീലനം ആവശ്യമായി വരുമെന്ന് ഇന്ത്യന്‍ ടീമിന്റെ ബോളിങ് പരിശീലകന്‍ ഭരത് അരുണ്‍. ഒരു പ്രൊഫഷനല്‍ കായിക താരമെന്ന നിലയില്‍ ഒന്നും ചെയ്യാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. താരങ്ങളുടെ ഊര്‍ജം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ സാധിക്കാത്തതു ശാപം പോലെയാണ്. ഇത് വളരെ വിരസമായിരിക്കും. എന്നാല്‍ ഇവിടെ നമുക്ക് മറ്റു വഴികളില്ല. അതുകൊണ്ടു തന്നെ വെല്ലുവിളി ഏറ്റെടുത്തേ തീരൂ– ഇന്ത്യന്‍ പരിശീലകന്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങുന്നതിന് മുന്‍പ് ആറ് മുതല്‍ എട്ട് ആഴ്ച വരെയുള്ള പരിശീലനം എല്ലാ താരങ്ങള്‍ക്കും ആവശ്യമാണെന്നാണ് ടീം മാനേജ്‌മെന്റ് കണ്ടെത്തിയത്. ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമിയുമായി കൃത്യമായ ആശയ വിനിമയം നടക്കുന്നുണ്ട്. ഷമി തുടര്‍ച്ചയായി എനിക്ക് അദ്ദേഹത്തിന്റെ വിഡിയോകള്‍ അയക്കുന്നുണ്ട്. ഞാന്‍ അദ്ദേഹത്തോടു സംസാരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഇതേ രീതിയില്‍തന്നെ പരിശീലനം തുടരാനാണ് ഷമിക്കു നല്‍കിയ നിര്‍ദേശം. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ കരിയറില്‍ ഒന്നോ, രണ്ടോ വര്‍ഷം അധികമായി ലഭിക്കുമെന്നു ഉപദേശിച്ചതായും ഭരത് അരുണ്‍ പറഞ്ഞു.

ജൂലൈയിലെ ശ്രീലങ്കന്‍ പര്യടനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി മത്സരമുള്ളത്. എന്നാല്‍ ഇത് നടക്കുമോ, വേണ്ടെന്നു വയ്ക്കുമോയെന്ന് തീരുമാനിച്ചിട്ടില്ല. ഐപിഎല്‍ മത്സരങ്ങളും അനിശ്ചിതത്വത്തിലാണ്. കോവിഡ് രോഗവും പിന്നാലെ ലോക്ഡൗണും എത്തിയതോടെ താരങ്ങളെല്ലാം സ്വന്തം വീടുകളിലാണ്. മേയ് 18 മുതല്‍ പരിശീലന ക്യാംപ് തുടങ്ങുമെന്ന് ബിസിസിഐ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ അവസാനിക്കുന്ന മേയ് 31 വരെ യാതൊരു വിധ ക്യാംപുകളും ഉണ്ടായിരിക്കില്ലെന്ന് ബിസിസിഐ പിന്നീട് നിലപാടെടുത്തു.

pathram:
Related Post
Leave a Comment