ഷാഹിദ് അഫ്രീദിയെ രൂക്ഷമായി വിമര്‍ശിച്ച് ഹര്‍ഭജന്‍ സിങ്ങ്; ആവശ്യമെങ്കില്‍ രാജ്യത്തിനുവേണ്ടി ആദ്യം തോക്കെടുക്കുന്നത് ഞാനായിരിക്കും’

ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങും രംഗത്ത്. അഫ്രീദി നടത്തിയ പരാമര്‍ശങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഹര്‍ഭജന്‍ തുറന്നടിച്ചു. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് കോവിഡ് പ്രതിരോധ രംഗത്തുള്ള അഫ്രീദിയെയും അഫ്രീദിയുടെ പേരിലുള്ള ഫൗണ്ടേഷനെയും സഹായിച്ചതിന്റെ പേരില്‍ ഒരു വിഭാഗം ആരാധകരുടെ രൂക്ഷ വിമര്‍ശനത്തിന് പാത്രമായ വ്യക്തിയാണ് ഹര്‍ഭജന്‍. അഫ്രീദിയുടെ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പാക്ക് അധീന കശ്മീരില്‍വച്ച് അഫ്രീദി ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.

അഫ്രീദിയുടെ ഇന്ത്യാവിരുദ്ധ പരാമര്‍ശം അദ്ദേഹവുമായുള്ള തന്റെ സൗഹൃദത്തെയും ബാധിക്കുമെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. ‘കഴിഞ്ഞ ദിവസം അഫ്രീദി നടത്തിയ പരാമര്‍ശം ഏവരെയും അസ്വസ്ഥരാക്കുന്നതാണ്. നമ്മുടെ രാജ്യത്തെയും പ്രധാനമന്ത്രിയെയും കുറിച്ച് വിദ്വേഷം നിറഞ്ഞ വാക്കുകളാണ് അഫ്രീദിയുടേത്. ഇത് അംഗീകരിക്കാനാകില്ല’ ഹര്‍ഭജന്‍ വ്യക്തമാക്കി.

ജനങ്ങള്‍ ദുരിതത്തിലായ സമയത്ത് അവരെ സഹായിക്കാനുള്ള ആഗ്രഹത്തോടെയാണ് അഫ്രീദിയെയും അഫ്രീദി ഫൗണ്ടേഷനെയും സഹായിച്ചതെന്ന് ഹര്‍ഭജന്‍ പറഞ്ഞു. എന്നാല്‍, പാക്ക് അധീന കശ്മീരില്‍ വന്ന് അഫ്രീദി നടത്തിയ പ്രസ്താവനകള്‍ അതിരു ലംഘിക്കുന്നതാണെന്ന് ഹര്‍ഭജന്‍ കുറ്റപ്പെടുത്തി. ‘സത്യത്തില്‍ അഫ്രീദി ഞങ്ങളോട് അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അഭ്യര്‍ഥിച്ചിരുന്നു. മനുഷ്യത്വത്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ ആവശ്യത്തോട് ക്രിയാത്മകമായി പ്രതികരിച്ചത്. കോവിഡ് 19 നിമിത്തം ആളുകള്‍ ദുരിതമനുഭവിക്കുന്നതും ഞങ്ങളെ വേദനിപ്പിച്ചു’ ഹര്‍ഭജന്‍ പറഞ്ഞു.

‘അതിര്‍ത്തിക്കും മതത്തിനും ജാതിക്കുമെല്ലാം അതീതമായ പോരാട്ടമാണ് കൊറണ വൈറസിനെതിരെ വേണ്ടതെന്ന് നമ്മുടെ പ്രധാനമന്ത്രി പോലും കഴിഞ്ഞ ദിവസം പറഞ്ഞില്ലേ? അതുകൊണ്ടുതന്നെ അഫ്രീദിയേയും അദ്ദേഹത്തിന്റെ ഫൗണ്ടേഷനെയും സഹായിച്ചതില്‍ ഞങ്ങള്‍ക്ക് സദുദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുക എന്നത് മാത്രം’ ഹര്‍ഭജന്‍ വിശദീകരിച്ചു.

‘എന്നിട്ടും ഇയാള്‍ (അഫ്രീദി) നമ്മുടെ രാജ്യത്തെക്കുറിച്ച് മോശം പറയുന്നു. ഇനിയങ്ങോട്ട് അഫ്രീദിയുമായി യാതൊരുവിധ സഹകരണത്തിനുമില്ലെന്ന് ഇതിനാല്‍ വ്യക്തമാക്കുന്നു. നമ്മുടെ രാജ്യത്തെക്കുറിച്ച് മോശം പറയാന്‍ അഫ്രീദിക്ക് യാതൊരു അവകാശവുമില്ല. മാത്രമല്ല, അയാള്‍ സ്വന്തം രാജ്യത്തും അതിന്റെ പരിധിക്കുമുള്ളില്‍ നില്‍ക്കുന്നതാണ് നല്ലത്’ ഹര്‍ഭജന്‍ മുന്നറിയിപ്പു നല്‍കി.

അഫ്രീദിയുടെ പുതിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ഹര്‍ഭജനും യുവരാജ് സിങ്ങും അഫ്രീദി ഫൗണ്ടേഷനു നല്‍കിയ സഹായം വീണ്ടും വിവാദമായിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്ന പ്രതിഷേധത്തോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ഹര്‍ഭജന്‍, തന്റെ രാജ്യസ്‌നേഹം ഇവര്‍ക്കു മുന്നില്‍ തെളിയിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി

ഈ രാജ്യത്താണ് ഞാന്‍ ജനിച്ചത്. ഇവിടെത്തന്നെ മരിക്കുകയും ചെയ്യും. 20 വര്‍ഷത്തിലധികം കാലമാണ് ഈ രാജ്യത്തിനു വേണ്ടി ഞാന്‍ കളിച്ചത്. ഒട്ടേറെ മത്സരങ്ങളില്‍ വിജയവും നേടിക്കൊടുത്തു. എന്റെ രാജ്യത്തിനെതിരായി ഞാന്‍ എന്തെങ്കിലും ചെയ്‌തെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ എന്റെ രാജ്യത്തിന് എന്നെക്കൊണ്ട് എന്തെങ്കിലും ആവശ്യം വന്നാല്‍, അതിപ്പോള്‍ അതിര്‍ത്തി കാക്കാനായാലും, രാജ്യത്തിനുവേണ്ടി ആദ്യം തോക്കെടുക്കുന്നത് ഞാനായിരിക്കും’ ഹര്‍ഭജന്‍ വ്യക്തമാക്കി.

അഫ്രീദിയുമായുള്ള തന്റെ ബന്ധം അടഞ്ഞ അധ്യായമാണെന്നും ഹര്‍ഭജന്‍ പ്രഖ്യാപിച്ചു: മനുഷ്യത്വത്തിന്റെ പേരില്‍ ഒരു മനുഷ്യന്‍ എന്നോട് സഹായം ചോദിച്ചു, ഞാന്‍ സഹായിച്ചു. അതാണ് അഫ്രീദിയുടെ വിഷയത്തില്‍ സംഭവിച്ചത്. ഇനിയങ്ങോട്ട് അഫ്രീദിയുമായി യാതൊരുവിധത്തിലുള്ള സഹകരണത്തിനുമില്ല’ ഹര്‍ഭജന്‍ പറഞ്ഞു.

pathram:
Leave a Comment