ലോക്ക്ഡൗണിനിടെ മൂന്നാറില്‍ സബ്കലക്ടറും ഡിവൈ.എസ്.പിയുള്‍പ്പടെയുള്ളവരുടെ പിറന്നാള്‍ ആഘോഷം

തൊടുപുഴ: ലോക്ക്ഡൗണിനിടെ മൂന്നാറില്‍ സബ്കലക്ടറും ഡിവൈ.എസ്.പിയുള്‍പ്പടെയുള്ളവരുടെ പിറന്നാള്‍ ആഘോഷം വിവാദത്തില്‍. ലോക്ക്ഡൗണിനിടെ മൂന്നാറില്‍ സബ്കലക്ടറും ഡിവൈ.എസ്.പിയുള്‍പ്പടെയുള്ളവര്‍ സാമൂഹിക അകലം പാലിക്കാതെ യോഗം ചേര്‍ന്നതും പിറന്നാള്‍ ആഘോഷം നടത്തിയതും വിവാദമായത്. വെള്ളിയാഴ്ച വൈകിട്ട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലായിരുന്നു യോഗം.

സംഭവം വിവാദമായതോടെ സ്പെഷല്‍ ബ്രാഞ്ച് എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി. ലോക്ക്ഡൗണ്‍ കാലത്ത് തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയതുള്‍പ്പടെ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ അനുമോദിക്കുന്ന യോഗമായിരുന്നു നടന്നത്. യോഗത്തില്‍ മുപ്പതിലേറെ ആളുകള്‍ പങ്കെടുത്തതായാണ് വിവരം. സബ്കലക്ടറുടെ പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് കേക്ക് മുറിക്കലും നടന്നതും ഇതോടനുബന്ധിച്ചായിരുന്നു. മൂന്നാറിന്റെ ക്രമസമാധാന ചുതലയുള്ള ഡിവൈ.എസ്.പിയുടെ പങ്കാളിത്വത്തിലായിരുന്നു ചടങ്ങുകള്‍.

മൂന്നാറില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തോട്ടം തൊഴിലാളികള്‍ ജോലിക്ക് പോകാതിരിക്കുന്നതിന് ഓരോ എസ്റ്റേറ്റിന്റെയും പ്രധാന കവാടങ്ങള്‍ ഗേറ്റ് സ്ഥാപിച്ച് അടച്ചിരിക്കുകയാണ്. തൊഴിലാളികള്‍ ലയം വിട്ടിറങ്ങുന്നതിനും കര്‍ശന നിയന്ത്രണമുണ്ട്. ആളുകള്‍ക്ക് മൂന്നാര്‍ ടൗണിലെത്തി സാധനങ്ങള്‍ വാങ്ങുന്നതിന് പാസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആളുകളില്‍ ഇത്തരം കര്‍ശനനിയന്ത്രണം നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ സാമൂഹിക അകലം പാലിക്കാത്തതാണു വിവാദമായത്.

അതേസമയം പിറന്നാള്‍ ആഘോഷിച്ചിട്ടില്ലെന്ന് സബ്കലക്ടര്‍ പറഞ്ഞു. കൂടുതല്‍ ആളുകള്‍ പങ്കെടുത്തിട്ടില്ലെന്നും കളക്ടര്‍. 15ന് എന്റെ ജന്മദിനം ആയിരുന്നുവെന്നത് ശരിയാണെന്നും എന്നാല്‍ പതിവുപോലെ ആഘോഷമൊന്നും ഉണ്ടായിരുന്നില്ലെന്നും ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണ പറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് തെരുവ് നായ്ക്കള്‍ക്ക് അമ്പത് ദിവസം ഭക്ഷണം നല്‍കിയ വോളന്റീയേഴ്സിനെ മൂന്നാര്‍ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ആദരിക്കുന്ന ചടങ്ങായിരുന്നു നടന്നത്. അവര്‍ അഞ്ച് പേരും പഞ്ചായത്തിന്റെയും ലയണ്‍സ് ക്ലബിന്റെയും ഭാരവാഹികളും ഡിവൈ.എസ്.പിയും ഞാനും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular