‘ഇന്ന് നടക്കില്ല ധോണി’ ലോകകപ്പില്‍ സ്റ്റംപിംങ്ങ് അവസരം നഷ്ടപ്പെടുത്തിയ ധോണിയെ നോക്കി സാബിര്‍ റഹ്മാന്‍

ധാക്ക: കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിങ് ധോണിയുടെ സ്റ്റംപിങ് ശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട സംഭവം വിവരിച്ച് ബംഗ്ലദേശ് താരം സാബിര്‍ റഹ്മാന്‍. 2016ലെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ഒരു റണ്ണിനു ജയിച്ച ബംഗ്ലദേശിനെതിരായ മത്സരത്തില്‍ നിര്‍ണായകമായി മാറിയത് സാബര്‍ റഹ്മാനെ സ്റ്റംപ് ചെയ്ത് പുറത്താക്കിയ ധോണിയുടെ നീക്കമായിരുന്നു. ഇത്തവണ പക്ഷേ, സാബിര്‍ ക്രീസിനു പുറത്തുനില്‍ക്കെ ധോണിക്ക് സ്റ്റംപിങ്ങിന് അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ക്രീസില്‍ കുത്തിയതിനു പിന്നാലെ ‘ഇന്ന് നടക്കില്ല ധോണി’ എന്ന് താന്‍ പറഞ്ഞ കാര്യവും സാബിര്‍ അനുസ്മരിച്ചു.

2016ലെ ട്വന്റി20 ലോകകപ്പില്‍ ബെംഗളൂരുവില്‍വച്ച് ധോണി എന്നെ സ്റ്റംപ് ചെയ്ത് പുറത്താക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലും എന്നെ സ്റ്റംപ് ചെയ്യാന്‍ ധോണിക്ക് അവസരം കിട്ടി. ഇത്തവണ ധോണി സ്റ്റംപിളക്കുന്നതിനു മുന്‍പ് ഞാന്‍ ക്രീസിലേക്ക് ചാടിവീണു. എന്നിട്ട് പറഞ്ഞു; ഇന്ന് നടക്കില്ല ധോണീ’ – ക്രിക്‌ഫ്രെന്‍സിയുമായുള്ള ഫെയ്‌സ്ബുക് ലൈവ് സെഷനില്‍ സാബിര്‍ വിവരിച്ചു.

മത്സരത്തിനിടെ യുസ്‌വേന്ദ്ര ചെഹലിന്റെ പന്തു നേരിടാന്‍ ക്രീസില്‍നിന്ന് വെളിയിലേക്ക് ചാടിയിറങ്ങിയ സംഭവത്തേക്കുറിച്ചായിരുന്നു സാബിറിന്റെ പരാമര്‍ശം. പന്ത് പക്ഷേ ബാറ്റിനടിയിലൂടെ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൈകളിലേക്ക് പോയി. ധോണി പന്ത് പിടിച്ചെടുത്ത് സ്റ്റംപിളക്കാന്‍ ശ്രമിക്കുമ്പോഴേക്കും സാബിര്‍ വീണുകിടന്നിട്ടാണെങ്കിലും ക്രീസില്‍ കുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ‘ഇന്ന് നടക്കില്ല ധോണീ’ എന്ന് താരം പ്രതികരിച്ചത്.

നേരത്തെ, 2016 ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുമായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഒരു ഘട്ടത്തില്‍ സാബിറിന്റെ ബാറ്റിങ് ബംഗ്ലദേശിനെ വിജയിപ്പിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, 15 പന്തില്‍ 26 റണ്‍സെടുത്ത സാബിറിനെ നിര്‍ണായക ഘട്ടത്തില്‍ സ്റ്റംപിങ്ങിലൂടെ മടക്കിയ ധോണിയാണ് ഇന്ത്യയെ കാത്തത്. ഈ മത്സരം ഒരു റണ്ണിനാണ് ഇന്ത്യ ജയിച്ചത്.

ധോണിയുടെ ബാറ്റിങ്ങിന്റെ രഹസ്യമെന്താണെന്ന് ഒരിക്കല്‍ അദ്ദേഹത്തോട് നേരിട്ടു ചോദിച്ച കാര്യവും സാബിര്‍ അനുസ്മരിച്ചു. ‘എന്താണ് ആ ബാറ്റിങ്ങിന്റെ രഹസ്യമെന്ന് ഒരിക്കല്‍ ഞാന്‍ ധോണിയോട് ആരാഞ്ഞു. ഞങ്ങളെല്ലാം പന്ത് അതിര്‍ത്തി കടത്താന്‍ ബുദ്ധിമുട്ടുമ്പോള്‍ വളരെ അനായാസമാണ് ധോണി പന്തുകള്‍ ഗാലറിയിലെത്തിച്ചിരുന്നത്. ആത്മവിശ്വാസമാണ് എല്ലാറ്റിനും അടിസ്ഥാനമെന്നായിരുന്നു അന്ന് ധോണിയുടെ മറുപടി’ – സാബിര്‍ പറഞ്ഞു.

‘ഒരിക്കല്‍ ഇന്ത്യയ്ക്കതിരായ മത്സരത്തില്‍ ഉപയോഗിക്കാന്‍ ധോണിയുടെ ബാറ്റ് തരാമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ബാറ്റു തരാം, പക്ഷേ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ഉപയോഗിക്കരുതെന്നായിരുന്നു ധോണിയുടെ നിര്‍ദ്ദേശം. അതുകൊണ്ട് ആ ബാറ്റുപയോഗിച്ച് മറ്റു ടീമുകള്‍ക്കെതിരെ ഞാന്‍ കളിച്ചു’ – സാബിര്‍ വെളിപ്പെടുത്തി.

pathram:
Leave a Comment