ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് തീരുമാനം. മുഖ്യമന്ത്രിമാരുമായി വൈകിട്ട് 3ന് ആരംഭിച്ച വിഡിയോ കോണ്‍ഫറന്‍സ് രാത്രി ഒന്‍പതോടെയാണ് അവസാനിച്ചത്.
രാജ്യവ്യാപകമായി കോവിഡ് ലോക്ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന സൂചനയാണ് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പ്രധാനമന്ത്രി നല്‍കിയത്. ഇളവുകള്‍ അനുവദിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കും. ഏതൊക്കെ മേഖലകളില്‍ ഇളവു വേണമെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കണം. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.