‘ഇഞ്ചി ഇടുപ്പഴകി’ എന്ന പാട്ടിന് ചുവടുവെച്ച് വാര്‍ണറും കുടുംബവും

ടിക് ടോകില്‍ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്ത് താരമാവുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും കുടുംബവും. ബോളിവുഡ് പാട്ടിന് അനുസരിച്ച് വാര്‍ണറും ഭാര്യ കാന്‍ഡിസും മകള്‍ ഇന്‍ഡിയും നൃത്തം ചെയ്യുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. ഇതിന് പിന്നാലെ തമിഴ് പാട്ടിന്റെ താളത്തിലും വാര്‍ണര്‍ ചുവടുവെയ്ക്കുകയാണ്. ‘ഇഞ്ചി ഇടുപ്പഴകി’ എന്ന പാട്ടിനാണ് ഇത്തവണ വാര്‍ണറും കുടുംബവും ചുവടുവച്ചെത്തിയത്.

‘ഞങ്ങള്‍ തിരിച്ചുവന്നു’ എന്ന കുറിപ്പോടെ വാര്‍ണര്‍ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ഇതോടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആരാധകരുടെ കമന്റുകള്‍ കൊണ്ട് വാര്‍ണറുടെ ഇന്‍സ്റ്റാ പോസ്റ്റ് നിറഞ്ഞു.

കമല്‍ഹാസന്‍ അഭിനയിച്ച ‘തേവര്‍ മകന്‍’ എന്ന ചിത്രത്തിലെ ‘ഇഞ്ചി ഇടുപ്പഴകി’ എന്ന പാട്ടാണ് വാര്‍ണര്‍ ചുവടുവെയ്ക്കാന്‍ തിരഞ്ഞെടുത്തത്. ഇളയരാജയാണ് ഈ പാട്ടിന് സംഗീതമൊരുക്കിയത്. കൂളിങ് ഗ്ലാസ് വെച്ചാണ് വാര്‍ണറുടേയും ഭാര്യയുടേയും നൃത്തച്ചുവടുകള്‍.

നേരത്തെ കത്രീന കൈഫ് അഭിനയിച്ച ഷീല കി ജവാനി എന്ന പാട്ടിന് അനുസരിച്ച് വാര്‍ണറും മകളും നൃത്തമാടിയിരുന്നു. അല്ലു അര്‍ജുന്റെ തെലുങ്ക് പാട്ടിനേയും വാര്‍ണര്‍ വെറുതേ വിട്ടിരുന്നില്ല.

pathram:
Related Post
Leave a Comment