കോവിഡ് ബാധിച്ച് മരിച്ച കോണ്‍സ്റ്റബിള്‍ അമിത് കുമാറിന്റെ മുന്നു വയസ്സുള്ള മകനെ ഏറ്റെടുത്ത് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് മരിച്ച കോണ്‍സ്റ്റബിള്‍ അമിത് കുമാറിന്റെ മകനെ സ്വന്തം മകനേപ്പോലെ സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീര്‍. ഡല്‍ഹി പൊലീസ് കോണ്‍സ്റ്റിബിള്‍ അമിത് കുമാറിന്റെ മൂന്നു വയസ്സുകാരന്‍ മകന്റെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ളവയുടെ ഉത്തരവാദിത്തം ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലെ സര്‍ക്കാര്‍ സംവിധാനമാണ് അമിത് കുമാറിന്റെ മരണത്തിന് ഉത്തരവാദികളെന്നും ഗംഭീര്‍ ആരോപിച്ചു. അമിത് കുമാറിന്റെ മകനെ ഏറ്റെടുത്ത വിവരം ട്വിറ്ററിലൂടെയാണ് ഗംഭീര്‍ പ്രഖ്യാപിച്ചത്.

ഡല്‍ഹിയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ട അമിത് കുമാര്‍ ചൊവ്വാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കി 24 മണിക്കൂറിനുള്ളിലായിരുന്നു മരണം. ഡല്‍ഹിയില്‍ കോവിഡിന് കീഴടങ്ങിയ ആദ്യ പൊലീസുകാരന്‍ കൂടിയാണ് അമിത് കുമാര്‍. തിങ്കളാഴ്ച ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അമിത് കുമാര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. പിറ്റേന്നു രാവിലെ പനി മൂര്‍ച്ഛിച്ചു. ശ്വാസതടസ്സമുണ്ടായതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.

ഈ സാഹചര്യത്തിലാണ് ഗംഭീര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘നമ്മുടെ ഭരണവിഭാഗമാണ് അദ്ദേഹത്തെ തോല്‍പ്പിച്ചത്, നമ്മുടെ സംവിധാനങ്ങളാണ് അദ്ദേഹത്തെ തോല്‍പ്പിച്ചത്, ഡല്‍ഹിയാണ് അദ്ദേഹത്തെ തോല്‍പ്പിച്ചത്. കോണ്‍സ്റ്റബിള്‍ അമിതിനെ ജീവനോടെ തിരിച്ചെത്തിക്കാന്‍ നമുക്കിനി കഴിയില്ല. എങ്കിലും അദ്ദേഹത്തിന്റെ മകനെ എന്റെ മകനേപ്പോലെ വളര്‍ത്തുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. ജിജിഎഫ് അവന്റെ പഠനകാര്യങ്ങളും ഏറ്റെടുക്കും’ – ഗംഭീര്‍ ട്വീറ്റ് ചെയ്തു.

‘പൊലീസ് സംവിധാനത്തിനെതിരെ സ്ഥിരമായി ആക്ഷേപമുന്നയിക്കുന്നവര്‍ കോണ്‍സ്റ്റബിള്‍ അമിത് ജീയുടെ ജീവത്യാഗം ഓര്‍ക്കണം. കോവിഡ് 19നെതിരായ പ്രതിരോധത്തിനിടെയാണ് അതേ രോഗം ബാധിച്ച് അദ്ദേഹം മരിച്ചത്. അദ്ദേഹത്തെ സംബന്ധിച്ച് ജോലിയായിരുന്നു പ്രധാനം. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു’ – മറ്റൊരു ട്വീറ്റില്‍ ഗംഭീര്‍ കുറിച്ചു.

ഹരിയാനയിലെ സോനിപത് സ്വദേശിയായ 31കാരനായ അമിത് കുമാറിന് ഭാര്യയും മൂന്നു വയസ്സുള്ള മകനുമുണ്ട്. വടക്കു–പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഭാരത് നഗര്‍ പൊലീസ് സ്‌റ്റേ,നില്‍ ജോലി ചെയ്തിരുന്ന അമിത് കുമാര്‍ ഗാന്ധിനഗറില്‍ സുഹൃത്തിനൊപ്പം വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കെ മരിച്ച അമിത് കുമാറിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് !ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു.

pathram:
Related Post
Leave a Comment