കൊച്ചി : നിലവിലെ നടപടിക്രമം അനുസരിച്ച് വിദേശ രാജ്യത്തു നിന്നെത്തിയവര്‍ 14 ദിവസത്തെ കേന്ദ്രീകൃത നിരീക്ഷണത്തില്‍ കഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അതേസമയം ക്വാറന്റീന്‍ ദിവസങ്ങള്‍ കുറയ്ക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്നും കേന്ദ്രവും സംസ്ഥാനവും തന്നെ തീരുമാനിക്കട്ടെ എന്നും ഹൈക്കോടതി നിലപാടെടുത്തു. പ്രവാസികളെ കൊണ്ടുവരാന്‍ നടപടി ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ദിവസങ്ങളുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പം പരിഹരിച്ചില്ലെങ്കില്‍ പ്രവാസികളെ കൊണ്ടുവരുന്നത് തടസപ്പെട്ടേക്കുമെന്ന് കോടതിയെ ബോധിപ്പിച്ചത്.
ക്വാറന്റീനില്‍ ആക്കും മുമ്പ് വിദേശത്തു നിന്നും ഇവിടെ നിന്നും കോവിഡ് പരിശോധനകള്‍ നടത്തുന്നതിനാല്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ 7 ദിവസം മതിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. അതേസമയം, വിദേശത്തു നിന്നു വരുന്ന പ്രവാസികള്‍ക്ക് 14 ദിവസത്തെ കേന്ദ്രീകൃത ക്വാറന്റീനു ശേഷം പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ വീട്ടില്‍ പോകാമെന്നും തുടര്‍ന്ന് വീട്ടിലും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം എന്നാണ് നിലവിലുള്ള നടപടിക്രമമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി ഈ ആവശ്യം പരിഗണിക്കുകയാണ്. സമിതി അന്തിമ തീരുമാനം എടുക്കുന്നതു വരെ 14 ദിവസം എന്നതു തന്നെയായിരിക്കും കേന്ദ്രീകൃത നിരീക്ഷണം. അതില്‍ മാറ്റം വരുത്താനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്